ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് പരിശോധന കിറ്റുകൾക്ക് അംഗീകാരം

തിരുവനന്തപുരം- ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കോവിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. കോവിഡ് 19 പിസിആർ, ലാംപ് പരിശോധനകൾക്കായി മാഗ്നറ്റിക് ബീഡ് അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്ത ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റ് ‘ചിത്ര മാഗ്ന’യാണ് കേരളത്തിന് അഭിമാനമായിരിക്കുന്നത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയ കിറ്റുകൾ ഇനി വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ കഴിയും. ഇതിനുവേണ്ടി കൊച്ചി ആസ്ഥാനമായ കമ്പനിയുമായി കരാറായിട്ടുണ്ട്.

കാന്തിക നാനോപാർട്ടിക്കിളുകൾ ഉപയോഗിച്ച് രോഗിയുടെ സ്രവങ്ങളിൽനിന്ന് ആർഎൻഎ വേർതിരിക്കുന്ന നൂതന സാങ്കേതികവിദ്യയാണ് ‘ചിത്ര മാഗ്ന’ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മാഗ്നറ്റിക് ബീഡ് അടിസ്ഥാന സാങ്കേതിക വിദ്യ വഴി പരമാവധി കൃത്യമായി ഫലം ലഭ്യമാക്കാന്‍ ഇതിന് കഴിയും. ഇറക്കുമതി ചെയ്യുന്ന കിറ്റുകളേതിനേക്കാള്‍ ലളിതമായ സാങ്കേതിക വിദ്യയാണ് കിറ്റില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. നേരത്തേ, ചിത്ര ജീൻലാംപ് എൻ വികസിപ്പിച്ചെടുത്ത ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ചിത്ര മാഗ്നയും വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Latest News