കശ്മീരില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു; ശ്രീനഗറില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചു

ശ്രീനഗര്‍- കശ്മീരില്‍ സൈനിക നടപടിയില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ശ്രീനഗറില്‍ ജനവാസ പ്രദേശത്തുനടന്ന സൈനിക നടപടിക്കു പിന്നാലെ അധികൃതര്‍ ഇന്റര്‍നെറ്റും ഫോണും വിഛേദിച്ചു.
കാനേമസാര്‍ നവാകദാല്‍ പ്രദേശത്ത് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പോലീസും സി.ആര്‍.പി.എഫും പങ്കെടുത്തുവെന്ന് ജമ്മു കശ്മീര്‍ പോലീസ് വക്താവ് പറഞ്ഞു.പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. ഹിസ്ബുല്‍ മുജാഹിദീനില്‍ പെട്ടവരാണ് കൊല്ലപ്പെട്ടതെന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചതായും വക്താവ് പറഞ്ഞു.

പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ജനങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്തുനിന്ന് വെടിയൊച്ചകള്‍ കേട്ടു തുടങ്ങിയത്. തിരച്ചില്‍ നടക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഫോണും ഇന്റര്‍നെറ്റും വിഛേദിച്ചത്. ശ്രീനഗര്‍ ഏറ്റുമുട്ടലില്‍ ഒരു സി.ആര്‍.പി.എഫ് ജവാനും ഒരു പോലീസുകാരനും പരിക്കേറ്റതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും പ്രദേശ വാസികള്‍ പറയുന്നു. നഗരത്തില്‍ പോലീസിനുനേരെ കല്ലേറും നടന്നു.

 

 

Latest News