Sorry, you need to enable JavaScript to visit this website.

വിജയത്തിലേക്കുളള വഴി

പരിശുദ്ധ റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. നമ്മുടെ ആത്യന്തിക വിജയത്തിന്റെ വഴിയാണ് റമദാൻ. ഈ വഴിയിൽ നാം എത്രത്തോളം മുന്നേറി എന്ന വിചിന്തനവും എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ടു പോകുവാനുള്ള ആഹ്വാനവുമാണ് റമദാനിലെ അവശേഷിക്കുന്ന ദിനരാത്രങ്ങൾ നമ്മോട് പറയുന്നത്. റമദാൻ സമാഗതമായിട്ടും പാപങ്ങൾ പൊറുക്കപ്പെടുവാൻ അതിനെ ഫലപ്രദമായി പ്രയോജനപ്പെടുത്താത്തവർക്ക് അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെയെന്ന് ജിബ്‌രീൽ പ്രാർഥിക്കുകയും പ്രവാചകൻ തിരുമേനി ആമീൻ ചൊല്ലുകയും ചെയ്തതായി ഹദീസുകൾ പഠിപ്പിക്കുന്നു.


റമദാനിലെ അവസാന പത്തു ദിവസങ്ങൾക്ക് വമ്പിച്ച പ്രാധാന്യമാണ് ഇസ്‌ലാം കൽപിക്കുന്നത്. ആയിരം മാസങ്ങളേക്കാൾ പുണ്യമുളള ലൈലത്തുൽ ഖദ്ർ എന്ന വിശുദ്ധ രാവ് ഈ ദിവസങ്ങളിലാണെന്നതാണ് ഇതിന് കാരണം. കൃത്യമായി ഏത് രാത്രിയാണ് ലൈലത്തുൽ ഖദ്ർ എന്ന് പ്രവാചകൻ വ്യക്തമാക്കിയിട്ടില്ല. അവസാന പത്തിലെ ഒറ്റ രാവുകളിൽ ആ പുണ്യരാത്രിയെ പ്രതീക്ഷിക്കാനാണ് നിർദേശം. ഒരു പുരുഷായുസ്സിലേറെ പുണ്യമുള്ള ആ ഒറ്റ രാത്രിയെ ആരാധനകളാൽ ധന്യമാക്കിയും പ്രാർഥനകളാൽ മുഖരിതമാക്കിയും നേടുന്നവരാണ് വിജയികൾ.
ലൈലത്തുൽ ഖദ്ർ എന്നാണെന്ന് മനസ്സിലായാൽ എന്താണ് ആ ദിവസം കൂടുതലായി ചെയ്യേണ്ടതെന്ന് അന്വേഷിച്ച പ്രിയ പത്‌നി ആയിഷ (റ) യോട് തിരുമേനി പറഞ്ഞത്, അല്ലാഹുവേ നീ വിട്ടുവീഴ്ചയാണ്. വിട്ടുവീഴ്ച ചെയ്യുവാൻ നിനക്ക് ഇഷ്ടവുമാണ്. അതിനാൽ എനിക്ക് വിട്ടുവീഴ്ച ചെയ്തു തരേണമേ എന്ന് കൂടുതലായി പ്രാർഥിക്കുവാനാണ്. അതിനാൽ അവസാന പത്തിൽ വിശിഷ്യാ ഒറ്റ രാവുകളിൽ ഈ പ്രാർഥന അധികരിപ്പിക്കുവാൻ നാം ശ്രദ്ധിക്കുക.
ഖുർആൻ അവതീർണമായ മാസം എന്നതാണല്ലോ റമദാന്റെ ഏറ്റവും വലിയ സവിശേഷത. അവസാന പത്തിലെ ലൈലത്തുൽ ഖദ്‌റിലാണ് ഖുർആൻ അവതരിപ്പിച്ചതെന്ന് ഖുർആൻ തന്നെ വ്യക്തമാക്കുന്നുണ്ട്.


പശ്ചാത്തപിച്ച് മടങ്ങുകയും പ്രാർഥനകളിലൂടെ അല്ലാഹുവിലേക്ക് അടുക്കുകയും ചെയ്യുന്നവർക്ക് നരക വിമുക്തി നൽകുന്ന ദിനങ്ങളാണ് അവസാനത്തെ പത്തു ദിനങ്ങളെന്നും പ്രവാചകൻ പഠിപ്പിച്ചതായി കാണാം. ആദ്യ പത്ത് കാരുണ്യത്തിന്റെയും രണ്ടാമത്തെ പത്ത് പാപമോചനത്തിന്റെയും മൂന്നാമത്തെ പത്ത് നരക വിമുക്തിയുടെയും നാളുകളാണെന്നാണ് പ്രവാചക വചനം.
നരകത്തിൽ നിന്ന് മോചിതരാവുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവരാണ് വിജയികളെന്ന ഖുർആനിക വചനം നാം ഓർക്കുക. നമ്മുടെ വിജയത്തിലേക്കുള്ള വഴി നിർണയിക്കുന്ന സുപ്രധാന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് തിരിച്ചറിയുക. ഇനിയൊരവസരം ലഭിക്കുമെന്നതിന് യാതൊരു ഉറപ്പും ആർക്കും നൽകാനാവാത്തതിനാൽ മുന്നിലുളള അവസരം പാഴാക്കാതിരിക്കുകയെന്നത് മാത്രമാണ് വിജയത്തിലേക്കുള്ള വഴി.
കഴിഞ്ഞ വർഷം റമദാനിൽ നമ്മോടൊപ്പമുണ്ടായിരുന്ന നിരവധി പേർ ഈ വർഷം നമ്മോടൊപ്പമില്ലെന്ന് നമുക്കറിയാം. ഈ വർഷം നമ്മോടൊപ്പമുള്ള പലരും അടുത്ത വർഷം നമ്മോടൊപ്പമുണ്ടാകണമെന്നില്ല എന്നും നമുക്കറിയാം. ജീവിതത്തിൽ നാം നിസ്സഹായരാകുന്ന എത്രയേറെ സന്ദർഭങ്ങളാണ് നമുക്കോരോരുത്തർക്കും ഓർത്തെടുക്കാനാവുക. മാനേജ്‌മെന്റ് പരിശീകലർ പറയാറുളളതു പോലെ പിന്നീട് എന്നത് ചിലപ്പോൾ ഒരിക്കലും നടന്നെന്ന് വരില്ല. അതിനാൽ ഇന്ന് ചെയ്യേണ്ട കാര്യങ്ങൾ ഇപ്പോൾ തന്നെ ചെയ്തു തീർത്ത് അവസരം പ്രയോജനപ്പെടുത്തുവാൻ നാം ശ്രദ്ധിക്കണം.


ഖുർആന്റെ മാസം വിട പറയുമ്പോൾ ആ മാസത്തോട് എത്രത്തോളം നീതി പുലർത്താനായി എന്ന അന്വേഷണവും പ്രധാനമാണ്. ഖുർആൻ പഠിച്ചും ഖുർആനിക പാഠങ്ങൾ പകർത്തിയും ഖുർആന്റെ ശരിയായ അനുയായികളാകുവാൻ നമുക്ക് സാധിച്ചുവോ എന്നതാണ് ഏറ്റവും പ്രധാനം. പ്രവാചക (സ) ന്റെ സ്വഭാവത്തെക്കുറിച്ച് പ്രിയ പത്‌നി ആയിശ (റ) യോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്വഭാവം ഖുർആനായിരുന്നു എന്നാണ് അവർ പറഞ്ഞതെന്ന കാര്യം നാം ഓർക്കുക.
റമദാൻ ഉദ്‌ഘോഷിക്കുന്ന മറ്റൊരു പ്രധാന പാഠം ഉദാരതയാണ്. സമൂഹത്തിലെ അവശതയനുഭവിക്കുന്നവരെ പരിഗണിക്കുകയും പ്രയാസപ്പെടുന്നവരുടെ കണ്ണീരൊപ്പുകയും ചെയ്യുവാൻ റമദാൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നു. വിഭവങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പു വരുത്തുവാനും യാതൊരു വിധത്തിലുമുള്ള ദുർവ്യയം ഒഴിവാക്കാനുമാണ് കൽപന.
 ദാനധർമങ്ങളും ചാരിറ്റി പ്രവർത്തനങ്ങളുമൊക്കെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത സ്വഭാവമാണെന്നാണ് റമദാൻ നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. നിർബന്ധവും ഐഛികവുമായ ദാനധർമങ്ങളാണ് സമൂഹത്തിലെ കഷ്ടപ്പെടുന്നവരുടെ ഉന്നമനത്തിന് സഹായകമാവുക. കൊറോണ വ്യാപനം സൃഷ്ടിക്കുന്ന ഭീകരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇത്തരം പ്രവർത്തനങ്ങളുടെ പ്രാധാന്യമേറെയാണെന്ന് പറയേണ്ടതില്ലല്ലോ.


റമദാനിൽ പുണ്യങ്ങൾക്ക് പതിനമടങ്ങ് പ്രതിഫലം ലഭിക്കുമെന്നതിനാൽ വർഷത്തിൽ നിർബന്ധമായും നൽകേണ്ട സകാത്ത് കൊടുക്കുവാനുള്ള സന്ദർഭമായും പലരും ഈ സമയം പ്രയോജനപ്പെടുത്താറുണ്ട്.
കർമങ്ങളാണ് ഓരോരുത്തരുടേയും ഭാഗധേയം നിർണയിക്കുകയെന്നത് ഇസ്‌ലാമിന്റെ ഏറ്റവും മഹത്തായ അധ്യാപനമാണ്. ആത്മാർഥമായ പ്രവൃത്തികൾ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂവെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. ജീവിതത്തിലെ അനർഘ മുഹൂർത്തങ്ങളാണ് പരിശുദ്ധ റമദാനിലെ അവസാന ദിനരാത്രങ്ങളെന്ന് തിരിച്ചറിയുകയും പുണ്യങ്ങൾ വാരിക്കൂട്ടുവാൻ പരിശ്രമിക്കുകയും ചെയ്യുന്നവരാണ് വിവേകമതികൾ.
അല്ലാഹുവിൽ നിന്നുള്ള പാപമോചനത്തിലേക്കും സ്വർഗത്തിലേക്കും വേഗത്തിൽ വരുവാനാണ് ഖുർആന്റെ കൽപന.  

Latest News