Sorry, you need to enable JavaScript to visit this website.

അബു താരിഖിന്റെ വത്തക്കയും സൗദിയിലെ ആദ്യ നോമ്പും

ഞങ്ങൾ ഒരു ഒഴിഞ്ഞ സ്ഥലത്തെ ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്. ഇതിനു ഗുർഫ (ഒറ്റമുറി വീട്) എന്നാണ് അറബിയിൽ പറയുന്നത്. ഒർഫയിൽ കറന്റ് ഇല്ല. എൻജിൻ ഓയിലിന്റെ ടിന്നിന് തിരിയിട്ട് ഡീസൽ ഒഴിച്ച് കത്തിക്കുന്നതാണ് അന്ന് ഞങ്ങളുടെ വിളക്ക്. നല്ല ചൂട് കാലം. രാത്രി ഉറങ്ങുന്നത് സ്റ്റീൽ ഫ്രെയിം ഉള്ള സ്പ്രിങ് കട്ടിൽ പുറത്തിട്ടിട്ടാണ്. 

സൗദി അറേബ്യയിൽ ഞാൻ ജീവിതം നെയ്ത് തുടങ്ങിയത് അൽഖസീമിലെ ഒരു കുഗ്രാമത്തിലായിരുന്നു. അവിടെ ജീവിച്ച ഒൻപത് മാസത്തെ തീഷ്ണമായ അനുഭവ സമ്പത്താണ് പിന്നീടുള്ള കാലം എന്നെ നയിച്ചത് എന്ന് പറയാം. 
കൊടും ചൂടുള്ള ഒരു ജൂലൈ മാസത്തിലാണ് ഞാൻ ഖസീമിലെ മദ്‌നബ് എന്ന സ്ഥലത്തുനിന്നും 45 കിലോമീറ്റർ അകലെയുള്ള ഖുറൈമാനിൽ എത്തുന്നത്. ഖുറൈമാൻ പഴയ ബുറൈദ-ദവാദ്മി ഹൈവെയിലുള്ള ഒരു ചെറിയ ഗ്രാമം. അവിടുന്ന് മരുഭൂമിയിലൂടെയുള്ള 18 കിലോമീറ്റർ പോയാൽ വഹാബിയ എന്ന കുഗ്രാമത്തിൽ എത്തും. ഈ 18 കിലോമീറ്റർ ദൂരം റോഡില്ല. ഓടിക്കുന്ന വഴിയെല്ലാം റോഡ് ആണ്. ഇടക്ക് വണ്ടിയുടെ ടയർ മണലിൽ പൂണ്ടു പോകും. പിന്നെ മണൽ മാറ്റി ഏറെ പാടുപെട്ട് വേണം മുന്നോട്ട് പോകാൻ. എന്നെ എന്റെ സ്‌പോൺസറുടെ ഈജിപ്ഷ്യൻ ഡ്രൈവർ ഫൗസി ആണ് അവന്റെ പിക്കപ്പിൽ അങ്ങോട്ട് കൊണ്ട് പോയത്. അറബി എനിക്കറിയാത്തത് കൊണ്ടും അവൻ ഇംഗ്ലീഷ് 'മാഫി' ആയത്‌കൊണ്ടും ആംഗ്യഭാഷ മാത്രമായിരുന്നു ഞങ്ങളുടെ താൽക്കാലത്തെ മീഡിയം. 


മലയാളി സാന്നിധ്യം ആദ്യമൊന്നും കണ്ടെത്താൻ കഴിയാതിരുന്ന ഈ ഗ്രാമത്തിലെ എന്റെ സഹവാസം സ്‌പോൺസറുടെ ഈജിപ്ഷ്യൻ, സുഡാനി, സോമാലിയൻ ജോലിക്കാരോടൊപ്പം. ഞങ്ങളുടെ മുംബൈയിൽ നിന്നുള്ള വരവ് വൈകിയതിനാൽ സ്‌പോൺസർ കൊണ്ട് വന്ന ജോലി മുടങ്ങിപ്പോയത് കൊണ്ടാണ് ഇലക്ട്രീഷ്യൻ വിസയിലുള്ള എന്നെ അദ്ദേഹത്തിന്റെ നാടായ ഈ ഗ്രാമത്തിലേക്ക് വലിച്ചത്. എന്റെ കൂടെയുള്ള ബാക്കി എട്ട് പേരും റിയാദിൽ തന്നെ. 
അദ്ദേഹത്തിന്റെ വീടിനടുത്തായി വഹാബിയയിൽ ഒരു വലിയ പള്ളി വരുന്നു. അതിന്റെ ജോലി ഇദ്ദേഹമാണ് കരാറെടുത്തിരിക്കുന്നത്. അതിന്റെ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന വയറിംഗ് ജോലികൾ എന്നെകൊണ്ട് ചെയ്യിക്കാനാണ് അദ്ദേഹം ഇങ്ങോട്ട് കൊണ്ട് വന്നത്. എന്ത് ചെയ്യാം, ആദ്യ ദിവസത്തെ എന്നെ വെച്ച് കൊണ്ടുള്ള അദ്ദേഹത്തിന്റെ പരിശ്രമം ഒരു വൻ പരാജയമായി. കൊണ്ട് വന്ന പണിക്ക് എന്നെ പറ്റില്ല എന്നയാൾക്ക് ബോധ്യപ്പെട്ടു. എന്നാൽ പിന്നെ എന്തിനെങ്കിലും ഒക്കെ അവനെ ഉപയോഗിക്കാം എന്ന് കഫീലും മനസ്സിൽ പറഞ്ഞു കാണും. എനിക്കാണെങ്കിൽ എങ്ങിനെയെങ്കിലും ഗൾഫിൽ പിടിച്ചു നിന്നെ പറ്റൂ എന്ന വാശിയും. കാരണം അത്രമാത്രം ആഗ്രഹിച്ച് ഒരു ഗംഭീര യാത്രയയപ്പ് എല്ലാം കഴിഞ്ഞു വന്നതാണ് ഞാൻ. 
ഈ ഗ്രാമത്തിൽ ഇലക്ട്രിസിറ്റി വന്നത് ആയിടെയാണ്. സർക്കാർ ഗോതമ്പ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജലസേചനത്തിനും മറ്റുമായി ആധുനിക കൃഷി രീതി കൊണ്ട് വരാൻ വമ്പിച്ച രീതിയിൽ സബ്‌സിഡിയും ലോണും നൽകുന്ന സമയം. റഷാശ് എന്ന് അറബിയിൽ പറയുന്ന കൂറ്റൻ സ്പ്രിംഗഌ സ്പാനിഷ്, ജർമൻ കമ്പനികളുടെ സഹായത്തോടെ അറബികൾ തങ്ങളുടെ കൃഷിയിടത്തിൽ ഫിറ്റ് ചെയ്യുന്ന കാലം. ഇതിന്റെ കരാർ ജോലികളായിരുന്നു എന്റെ സ്‌പോൺസറുടെ നാട്ടിലെ പ്രധാന പരിപാടി. അതോടൊപ്പം അദ്ദേഹത്തിന് നോക്കെത്താ ദൂരത്ത് നല്ല അമേരിക്കൻ തണ്ണിമത്തൻ കൃഷിയുമുണ്ട്. 


ഞങ്ങൾ ഒരു ഒഴിഞ്ഞ സ്ഥലത്തെ ഒറ്റമുറി വീട്ടിലാണ് കഴിയുന്നത്. ഇതിനു ഒർഫ (ഒറ്റമുറി വീട്) എന്നാണ് അറബിയിൽ പറയുന്നത്. ഗുർഫയിൽ കറന്റ് ഇല്ല. എൻജിൻ ഓയിലിന്റെ ടിന്നിന് തിരിയിട്ട് ഡീസൽ ഒഴിച്ച് കത്തിക്കുന്നതാണ് അന്ന് ഞങ്ങളുടെ വിളക്ക്. നല്ല ചൂട് കാലം. രാത്രി ഉറങ്ങുന്നത് സ്റ്റീൽ ഫ്രെയിം ഉള്ള സ്പ്രിങ് കട്ടിൽ പുറത്തിട്ടിട്ടാണ്. നല്ല കാറ്റുള്ളതിനാൽ അത്യാവശ്യം തണുപ്പുണ്ടാകും. എന്നാൽ ഒരു മണിയായാൽ കാറ്റിന്റെ ശക്തിയും തണുപ്പും കൂടും. അപ്പോൾ ഒട്ടും കനമില്ലാത്ത കട്ടിൽ ഒറ്റക്കൈ കൊണ്ട് തൂക്കി ഒർഫക്കകത്തേക്കിട്ട് ഉറക്കം തുടരും. 
അങ്ങിനെയിരിക്കെ റമദാൻ വന്നു. കഫീലിന്റെ തണ്ണിമത്തൻ വിളവെടുപ്പിന് സമയമായി. തണ്ണിമത്തൻ കൃഷിയും വിൽപനയുമെല്ലാം അമേരിക്കൻ ജനിതകമാറ്റം വരുത്തിയ വിത്തുകൾ വരുന്നതിന് മുമ്പേ തന്നെ പരമ്പരാഗതമായി സൗദികളുടെ കൃഷിയിൽ പെട്ടതാണത്രേ. 
പ്രവാചകന്റെ കാലത്തു തന്നെ വത്തക്ക കൃഷി ഇവിടെയെല്ലാം നടപ്പുണ്ടായിരുന്നു. നോമ്പ് തുറന്നു കഴിയുന്ന ഉടനെ മഗ്‌രിബ് നമസ്‌കാരവും കഴിഞ്ഞു ഞാനും സബൂർ എന്ന ഈജിപ്ഷ്യനും ചേർന്ന് അവന്റെ ട്രാക്ടറിൽ വത്തക്ക തോട്ടത്തിലേക്ക് നീങ്ങും. സ്‌പോൺസർ അദ്ദേഹത്തിന്റെ ചുവന്ന ജി.എം.സി പിക്ക് അപ്പ് മഗ്‌രിബിന് മുമ്പ് തന്നെ തോട്ടത്തിൽ കൊണ്ട് വന്ന് നിർത്തിക്കാണും. 
ട്രാക്ടറിന്റെ വെളിച്ചത്തിൽ മൂത്ത് പാകമായ തണ്ണിമത്തൻ പറിച്ച് ഈ ജി.എം.സിയിൽ നിറക്കുന്ന പണിയാണ് ഞങ്ങൾക്ക്. നാട്ടിൽ ഫുട്‌ബോൾ കളിച്ചു നടക്കുന്ന കാലത്ത് ഗൾഫിലേക്ക് വന്ന എനിക്ക് ഇതൊക്കെ ഒരു ഹരമായിട്ടാണ് അന്ന് തോന്നിയത്. ലോഡ് നിറഞ്ഞാൽ പിന്നെ റൂമിലേക്ക് മടങ്ങും. പന്ത്രണ്ട് മണിയോടെ അത്താഴം കഴിഞ്ഞാൽ ഉടനെ സ്‌പോൺസർ വരും. ഞാനും അദ്ദേഹവും കൂടെ ഒറ്റ പോക്കാണ്.ബുറൈദയിലെ വെജിറ്റബിള്‍ മാര്‍ക്കറ്റാണ് ലക്ഷ്യം. രാത്രി കഫീലിന് വണ്ടി ഓടിക്കാന്‍ കഴിയില്ല, ഉറക്കം തൂങ്ങും. ഹൈവേയില്‍ എത്തിയാല്‍ പിന്നെ വണ്ടി ഞാനാണ് ഓടിക്കുന്നത്. ലൈസന്‍സ് ഇല്ലാത്ത എനിക്ക് െ്രെഡവിംഗ് ഒരു വല്ലാത്ത ലഹരി ആയിരുന്നതിനാല്‍ ഓട്ടോമാറ്റിക് വണ്ടിയിലെ ആദ്യ പരീക്ഷണങ്ങള്‍ക്ക് നല്ല ആവേശമായിരുന്നു. രണ്ടു കാലുകളും ഡാഷ് ബോര്‍ഡില്‍ കയറ്റി വെച്ച് സുഖമായി ഉറങ്ങുന്ന അബു താരിഖ് (സ്‌പോണ്‍സറെ അങ്ങിനെ ആയിരുന്നു വിളിക്കാറ്) എന്റെ സ്പീഡ് കൂടി എന്ന് തോന്നിയാല്‍ നല്‍കുന്ന ഉപദേശം ഒരു കാലത്തും ഞാന്‍ മറക്കില്ല. 120 കിലോമീറ്റര്‍ പരിധി കവിയാതിരിക്കാന്‍ അദ്ദേഹം മുന്നറിയിപ്പുകള്‍ നല്‍കുമായിരുന്നു. സുബഹി ബാങ്ക് കൊടുക്കുന്നതിനു മുന്‍പേ തന്നെ ഞങ്ങള്‍ വിശാലമായ ബുറൈദ പച്ചക്കറി മാര്‍ക്കറ്റിന്റെ ഗ്രൗണ്ടില്‍ എത്തും. സുബഹി വരെ അബു താരിഖ് പള്ളിയില്‍ പോയി കിടക്കും, ഞാന്‍ വണ്ടിയിലും. മൊബൈലും വാട്‌സ് ആപ്പും ഒന്നും ഇല്ലാത്തതിനാല്‍ ഉറങ്ങുകയേ മാര്‍ഗ്ഗമുള്ളു. സുബഹി നിസ്‌കാരം കഴിയുന്നതോടെ അല്‍ ഖസീം മാര്‍ക്കറ്റ് സജീവമാകും. വത്തക്കയുടെ ലോഡുകള്‍ തന്നെ വരി വരിയായി. പിന്നെ കൂസയും, ഈത്തപ്പഴവും മറ്റ് പച്ചക്കറികളും. വെളിച്ചം വന്നു തുടങ്ങുന്നതോടെ ഏജന്റുമാരും കച്ചവടക്കാരും എത്തും. പിന്നെ ലേലം വിളികളാണ്. അബു താരിഖ് എന്നെ വത്തക്ക വില്‍പ്പനയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചിരുന്നു. ഒരു ലോഡ് വത്തക്ക 350 മുതല്‍ 400 വരെ റിയാലിന് ലേലം പോകും. ലേലം കൊണ്ട അറബി അദ്ദേഹത്തിന്റെ വണ്ടി ഇതിന്റെ അടുത്ത് കൊണ്ട് വന്ന് നിര്‍ത്തും. ലോഡ് ഇറക്കാനായി നിരനിരയായി പാകിസ്ഥാനികളും യമനികളും ഉണ്ടാകും. ഒരു ലോഡ് അടുത്ത വണ്ടിയില്‍ കയറ്റാന്‍ പത്ത് റിയാലാണ് വാങ്ങിയ ആള്‍ കൊടുക്കുന്നത്. രണ്ടു തവണ പാകിസ്ഥാനി എന്റെ ലോഡ് ഇറക്കി. പിന്നെ എല്ലാം ഞാന്‍ തന്നെ ഇറക്കും. പത്ത് റിയാല്‍ എനിക്ക്. അതൊക്കെ വലിയ ആവേശത്തോടു കൂടിയായിരുന്നു ഞാന്‍ ചെയ്തിരുന്നത്. റമദാന്‍ 30 ദിവസവും ഇതായിരുന്നു ജോലി. 36 വര്ഷം മുന്‍പുള്ള ബുറൈദ സെന്‍ട്രല്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിന്റെ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. രാത്രി മാര്‍ക്കെറ്റില്‍ എത്തിയ ഉടനെ യമനിയുടെ കടയില്‍ നിന്നും അബു താരിഖ് ഒരു സൗദി മില്‍ക്കും ഒരു അല്‍മറായി ലബനും വാങ്ങും. ഇത് രണ്ടും കൂടെ മിക്‌സ് ചെയ്ത് ഞങ്ങള്‍ കുടിക്കും. അബു താരിഖ് വയറ്റിലെ ഗ്യാസ് പോകാന്‍ ചെയ്യുന്ന വിദ്യയായിരുന്നത്രെ അത്. ഇത് ഞാന്‍ ഇപ്പോഴും പരീക്ഷിക്കാറുണ്ട്. അങ്ങിനെ സൗദിയിലെ എന്റെ ആദ്യ നോമ്പ് കാലം പകല്‍ അബു താരിഖിന്റെ മസ്രയിലും രാത്രിയും കാലത്തും ബുറൈദയിലെ വെജിറ്റബിള്‍ മാര്‍ക്കെറ്റിലുമായാണ് കഴിഞ്ഞത്.  

Latest News