Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ ഫ്‌ളോട്ടിംഗ് റസ്റ്റോറന്റ് കായലിൽ മുങ്ങി

കായലിൽ മുങ്ങി വേളി ടൂറിസ്റ്റ് വില്ലേജിലെ കേരള ടൂറിസം സംരംഭമായ ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റ് ഫ്‌ളോട്ടില. ഇരുനില റസ്‌റ്റോറന്റിന്റെ ഒരു നില പൂർണമായും വെള്ളത്തിൽ മുങ്ങി. അടുത്തിടെ ലക്ഷങ്ങൾ മുടക്കി കെ.ടി.ഡി.സി നവീകരിച്ച റസ്‌റ്റോറന്റ് മുങ്ങാൻ കാരണം നിർമാണത്തിലെ അപാകതയാണ് എന്നാണ് ആക്ഷേപം. 
വേളിയിൽ എത്തുന്ന തദ്ദേശീയരും വിദേശികളുമായ വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു വേളി കായലിൽ ചെറിയ തോതിൽ ഒഴുകുന്ന ഫ്‌ളോട്ടില റസ്‌റ്റോറന്റ്. ഓഖി ദുരന്തത്തോടെ ഇതിന്റെ പ്രവർത്തനം നിലച്ചിരുന്നു. 
ആറ് മാസം മുമ്പാണ് കെ.ഡി.ടി.സി റസ്‌റ്റോറന്റ് നവീകരിച്ചത്. 80 ലക്ഷം രൂപ മുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിൽ അഴിമതിയുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സമര രംഗത്തെത്തിയിട്ടുണ്ട്. 
സ്വകാര്യ കമ്പനിയാണ് നവീകരണം നടത്തിയത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നടത്തി റസ്‌റ്റോറന്റ് വീണ്ടും പ്രവർത്തനവും ആരംഭിച്ചു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് കനത്ത മഴ പെയ്തതിന് പിന്നാലെയാണ് റസ്‌റ്റോറന്റ് മുങ്ങിത്തുടങ്ങിയത്. നിർമാണത്തിലെ അപാകതയാണ് റസ്‌റ്റോറന്റ് മുങ്ങാൻ കാരണമെന്ന ആരോപണം സ്വകാര്യ കമ്പനി നിഷേധിച്ചു.


ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റ് ജീവനക്കാരുടെ ശ്രദ്ധക്കുറവാണ് അപകടത്തിന് കാരണം എന്നാണ് കമ്പനി വാദിക്കുന്നത്. റസ്‌റ്റോറന്റിനകത്ത് നിന്നുള്ള മലിന ജലം പുറത്തേക്ക് കളയുന്നതിനുണ്ടാക്കിയ സംവിധാനത്തിലൂടെയാകാം അകത്തേക്ക് വെള്ളം കടന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. വെള്ളം കയറിയതിനെ തുടർന്ന് റസ്‌റ്റോറന്റിലെ സാധനങ്ങൾ പലതും നശിച്ചു. ഫ്രിഡ്ജ് അടക്കമുള്ള ഉപകരണങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്.
റസ്‌റ്റോറന്റിൽ എങ്ങനെ വെള്ളം കയറി എന്നത് അന്വേഷിക്കുമെന്ന് കെ.ടി.ഡി.സി എം.ഡി കൃഷ്ണ തേജ പ്രതികരിച്ചു. സംഭവത്തിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിട്ടില്ല. ലോക്്ഡൗൺ കാരണം റസ്‌റ്റോറന്റ് അടച്ചിട്ടിരിക്കുകയാണ് നിലവിൽ.
 കായൽ കാറ്റേറ്റ് ഇരിക്കുന്നതിനൊപ്പം ടൂറിസ്റ്റുകൾക്ക് രുചികരമായ ലഘുഭക്ഷണം കഴിക്കാനാണ് ഇത്തരമൊരു സംരംഭം തുടങ്ങിയത്. കഴിഞ്ഞ വർഷാവസാനം വൻ പബ്ലിസിറ്റി നൽകിയായിരുന്നു ഉദ്ഘാടനം. ഇനിയങ്ങോട്ട് കോവളവും കന്യാകുമാരിയും കാണാനെത്തുന്ന ടൂറിസ്റ്റ് വേളിയിലെ ഫ്‌ളോട്ടിംഗ് ഹോട്ടലിലെത്തി ചുറ്റുമുള്ള വെള്ളത്തിന്റെ ഭംഗി ആസ്വദിച്ച് ഭക്ഷണം കഴിച്ചേ തിരികെ പോകൂ എന്നൊക്കെയായിരുന്നു പബ്ലിസിറ്റി. 


വേളി ടൂറിസ്റ്റ് വില്ലേജിലെ ഗാർഡൻ, തടാകത്തിലെ ബോട്ട് സവാരി, കടൽത്തീരം, എന്നിവയ്‌ക്കൊപ്പമാണ് ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റുമുള്ളത്. 50 ലക്ഷത്തോളം മുടക്കിയാണ് കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് ഫ്േളാട്ടില നവീകരിച്ചത്. വേളിക്കായലിൽ ഫെറോ സിമന്റ് പ്ലാറ്റ്‌ഫോമിൽ ആഞ്ഞിലിയുടെയും തേക്കിന്റെയും തടിയിലാണ് റസ്‌റ്റോറന്റ് നിർമിച്ചത്.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നടപ്പാതയിലൂടെയാണ് റസ്‌റ്റോറന്റിലേക്ക് പ്രവേശനം. 3075 ചതുരശ്ര അടി വിസ്തീർണമുള്ള താഴത്തെ നിലയിൽ 14 ടേബിളിലുകളിലായി 56 പേർക്ക് ഇരിക്കാൻ സാധിക്കും. 

Latest News