വാഷിംഗ്ടൺ- നിലവിലുള്ള രീതി തുടരുകയാണെങ്കിൽ ലോകാരോഗ്യസംഘടനക്കുളള ഫണ്ട് സ്ഥിരമായി മരവിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഡബ്യു.എച്ച്.ഒ ചൈനയുമായി കൂടുതൽ അടുപ്പം കാണിക്കുന്നുവെന്നാരോപിച്ച് ഏപ്രിൽ മധ്യത്തോടെ ഫണ്ട്് നൽകുന്നത് അമേരിക്ക താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ചൈനയിൽനിന്ന് രോഗം വന്നത് മുതലുള്ള കാര്യങ്ങൾ വിശദീകരിക്കുന്നതിലും വിലയിരുത്തുന്നതിലും സംഘടന കുറ്റകരമായ അനാസ്ഥയും മെല്ലപ്പോക്കും നടത്തിയെന്നും ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികളിലേക്ക് ലോകാരോഗ്യസംഘടന കടന്നില്ലെങ്കിൽ ഫണ്ട് നൽകുന്നത് സ്ഥിരമായി മരവിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അടുത്ത മുപ്പത് ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഫണ്ട് സ്ഥിരമായി തടയുമെന്നും സംഘടനയിലെ അംഗത്വം തുടരണോ എന്ന കാര്യം പുനപരിശോധിക്കുമെന്നും ട്രംപ് വ്യക്തമാക്കി.