ന്യൂയോർക്ക്- ലോകത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ കോവിഡ് മഹാമാരിക്കെതിരായ മരുന്നു പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് അമേരിക്കൻ മരുന്ന് കമ്പനി. മനുഷ്യരിൽ പ്രതിരോധ ശേഷി വർധിപ്പിച്ചെടുക്കുന്നത് ലക്ഷ്യമിട്ട് വികസിപ്പിച്ച മരുന്ന് എട്ടുപേരിൽ പരീക്ഷിച്ചെന്നും വിജയകരമാണെന്നും കമ്പനി അവകാശപ്പെട്ടു. വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി ബോഡി മരുന്നു പരീക്ഷിച്ച രോഗികളിൽ ഉണ്ടായെന്ന് കമ്പനി അറിയിച്ചു. 45 പേരിലാണ് പരീക്ഷണം നടത്തുന്നത്. ഇവരിൽ മൂന്ന് വ്യത്യസ്ത ഡോസുകളിലാകും മരുന്ന് നൽകുക. ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കിയാണ് പരീക്ഷണം.
അമേരിക്കയിലെ മോഡേർണ ഐ.എൻ.സിയാണ് അവകാശവാദവുമായി രംഗത്തെത്തിയത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ തിരിച്ചടികൾ നേരിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ജുലൈയോടെ പരീക്ഷണം അടുത്തഘട്ടത്തിലേക്ക് എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. കോവിഡ് ഭേദമായവരുടെ രക്തത്തിലെ ആന്റണിബോഡിക്ക് തുല്യമായി മരുന്ന് പരീക്ഷണം നടത്തിയവരിലും ആന്റിബോഡി വികസിപ്പിച്ചെടുക്കാൻ സാധിച്ചെന്നാണ് കമ്പനി പറയുന്നത്.






