വാഷിംഗ്ടൺ- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മെഡിക്കൽ വിദഗ്ദരുടെ ഉപദേശം മറികടന്ന് താൻ എല്ലാ ദിവസവും ഓരോ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഗുളിക കഴിക്കാറുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിനെതിരെ അമേരിക്കയുടെ ആരോഗ്യവിഭാഗം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ട്രംപ് നടത്തിയത്. വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ഒന്നര ആഴ്ചയായി എല്ലാ ദിവസവും ഞാൻ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഗുളിക കഴിക്കാറുണ്ട്' എന്നായിരുന്നു പ്രസ്താവന. ഗുളിക കഴിക്കുന്നത് സംബന്ധിച്ച് വൈറ്റ് ഹൗസ് ഫിസിഷ്യനോട് ചോദിച്ചിരുന്നുവെന്നും നിങ്ങൾക്ക് വേണമെങ്കിൽ കഴിച്ചോളു എന്ന് അദ്ദേഹം മറുപടി നൽകിയെന്നുമാണ് ട്രംപ് പറഞ്ഞത്.
ഹൈഡ്രോക്‌സിക്ലോറോക്വിൻ കൊറോണയ്ക്ക് ഫലപ്രദമാണെന്ന ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രംപ് മരുന്നിന് വ്യാപക പ്രചാരണം നൽകിയിരുന്നു. എന്നാൽ മറ്റൊരു പഠനത്തിൽ ഇത് സഹായകമാകില്ലെന്നാണ് തെളിഞ്ഞത്. ഇതിന് പിന്നാലെ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ഈ മരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായെത്തിയിരുന്നു.
ഈ മരുന്ന് നൽകിയ കോവിഡ് രോഗികളിൽ ഗുരുതര ഹൃദയമിടിപ്പ് പ്രശ്‌നങ്ങൾ കണ്ടെത്തിയെന്നായിരുന്നു മുന്നറിയിപ്പ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 73കാരനായ ട്രംപ് ഇപ്പോൾ ദിവസവും കോവിഡ് വൈറസ് ടെസ്റ്റ് നടത്തുന്നുണ്ട്.