റിയാദ് കെ.എം.സി.സി 10,000 ത്തിലേറെ ഭക്ഷണ കിറ്റുകളും  70,000 റിയാലിന്റെ മരുന്നുകളും നൽകി

റിയാദ് കെ.എം.സി.സി സംഘടിപ്പിച്ച വെർച്വൽ വാർത്താസമ്മേളനത്തിൽ നിന്ന്.

റിയാദ്- കോവിഡ് കാലത്ത് പ്രതിസന്ധിയിലായ പ്രവാസികൾക്ക് കാരുണ്യഹസ്തവുമായി റിയാദ് കെ.എം.സി.സി സജീവമായി രംഗത്തുണ്ടാവുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭക്ഷണം, മരുന്ന്, വിമാന ടിക്കറ്റ്, കൗൺസലിംഗ് തുടങ്ങി എല്ലാ മേഖലയിലും സംഘടന പ്രവാസികൾക്ക് സഹായത്തിനുണ്ടാകും. വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെയും ഉദാര മനസ്‌കരുടെയും സഹകരണത്തോടെ ഇതുവരെ 10,000 ത്തിലധികം പേർക്ക് ഭക്ഷണ കിറ്റുകളും 70,000 ത്തിലധികം റിയാലിന്റെ മരുന്നുകളും വിതരണം ചെയ്തതായി ഭാരവാഹികൾ റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച വെർച്വൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ജോലി നഷ്ടപ്പെട്ടവരും വരുമാനം നിലച്ചവരുമായ സഹോദരങ്ങൾക്ക് ഭക്ഷണവും മരുന്നും അവരുടെ താമസ സ്ഥലങ്ങളിലാണ് എത്തിച്ചു നൽകുന്നത്. രോഗ ഭീഷണിയും തൊഴിൽ രംഗത്തെ അനിശ്ചിതത്വവും നൽകിയ ആഘാതത്തിനിടയിൽ തളർന്ന് പോയവർക്ക് കരുതലും ആത്മ വിശ്വാസവും നൽകുന്നതോടൊപ്പം ഒറ്റക്കല്ലെന്നും കൂടെയുണ്ടെന്നും അവരെ ബോധ്യപ്പെടുത്താനും സാധിച്ചു.


റിയാദിൽനിന്നും കേരളത്തിലേക്ക് തിരിക്കുന്ന യാത്രക്കാർക്ക് റിയാദ് വിമാനത്താവളത്തിൽവെച്ച് കവർ ഓൾ, ഗഌസ്, മാസ്‌ക്, സാനിറ്റൈസർ എന്നിവ നൽകിവരുന്നു. ഇതിനായി കമ്മിറ്റിയുടെ പേരിൽ തന്നെ പ്രത്യേകം സാനിറ്റൈസർ തയാറാക്കിയിട്ടുണ്ട്. ചെറിയ പെരുന്നാൾ ദിനത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഭക്ഷണം നൽകും. ഫിത്തർ സക്കാത്ത് വിതരണത്തിനുള്ള ഒരുക്കങ്ങളും നടന്നുവരുന്നു. കർഫ്യൂ സമയത്ത് ആശുപത്രിയിൽ പോകാൻ സാധിക്കാത്തവർക്ക് വാഹനസൗകര്യം നൽകിയും മരുന്നാവശ്യമുള്ളവർക്ക് എത്ര ദൂരത്തായാലും അത് എത്തിച്ചു നൽകിയും സേവനം തുടരുന്നു. രോഗികൾക്ക് പ്രത്യേക ക്വാറന്റൈൻ സംവിധാനം ഒരുക്കാനും ആലോചിക്കുന്നു. സെൻട്രൽ കമ്മിറ്റിക്ക് പുറമെ കീഴ്ഘടകങ്ങളായ ജില്ലാ, മണ്ഡലം, പഞ്ചായത്ത്/മുനിസിപ്പൽ, ഏരിയാ കമ്മിറ്റികൾ അവരവരുടെ പരിധികളിൽനിന്ന് റിയാദിലും നാട്ടിലുമായി കോവിഡ് കാലത്ത് നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. 


പ്രവാസികളിൽ പ്രയാസമനുഭവിക്കുന്നവർക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ നാട്ടിലേക്ക് വിമാന ടിക്കറ്റ് നൽകുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകാൻ റിലീഫ് വിംഗ്, രോഗബാധിതരുടെ പ്രൈമറി കോൺടാക്ട് കണ്ടെത്തുന്നതിന് കോവിഡ് ട്രാക്കിംഗ് ഫോം, രോഗബാധിതരെയും ലക്ഷണമുള്ളവരെയും അവരുടെ ബന്ധുക്കളെയും സഹായിക്കുന്നതിനും ഉപദേശ നിർദേശങ്ങൾ നൽകുന്നതിനും ടെലി കെയർ, മരുന്ന് ആവശ്യമുള്ളവർക്ക് ഇവിടെനിന്നും നാട്ടിൽ നിന്നും എത്തിച്ചുനൽകുന്നതിന് മെഡിസിൻ വിംഗ്, നിയമസഹായം നൽകാൻ ലീഗൽ സെൽ, മരിച്ചവരുടെ അനന്തര നടപടികൾ പൂർത്തിയാക്കുന്നതിനുള്ള ദാറുസ്സലാം വിംഗ്, ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ രക്തബാങ്കിനെ സപ്പോർട്ട് ചെയ്യുന്നതിന് ബഌഡ് ബാങ്ക്, കൗൺസലിംഗ്, ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് സൂം ക്ലൗഡ് മീറ്റിംഗ് വിംഗ്, കോവിഡ് പോസിറ്റീവായി കൊറന്റൈനിൽ കഴിയുന്നവർക്ക് മാനസിക പിന്തുണ നൽകുന്നതിന് റീബർത്ത് പ്രോഗ്രോം, കോവിഡ് പ്രതിസന്ധി നേരിടുന്ന പ്രവാസികളുടെ പ്രശ്‌നങ്ങൾ അധികൃതരിൽ എത്തിക്കുന്നതിന് സർക്കാർ എംബസി റിലേഷൻസ് വകുപ്പ്, സക്കാത്ത് വിംഗ് എന്നീ സബ് കമ്മിറ്റികളും കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങളിൽ മുഴുകിയിരിക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രിസിഡന്റ് സി.പി. മുസ്തഫ, ആക്ടിംഗ് സെക്രട്ടറി സുബൈർ അരിമ്പ്ര, ഓർഗ. സെക്രട്ടറി ജലീൽ തിരൂർ, മുജിബ് ഉപ്പട, ഷാഹിദ് മാസ്റ്റർ, സിദ്ദീഖ് തുവ്വൂർ എന്നിവർ സംബന്ധിച്ചു.

 

Latest News