Sorry, you need to enable JavaScript to visit this website.

ഇന്ത്യ കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് 

ന്യൂദല്‍ഹി-ഇന്ത്യയുടെ ജിഡിപിയില്‍ ജൂണ്‍ മുതല്‍ ആരംഭിക്കുന്ന രണ്ടാം പാദത്തില്‍ 45 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്ന് ആഗോള നിക്ഷേപക ബാങ്കിങ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്ച്‌സ്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ ഈ പ്രവചനം. രാജ്യം കടുത്ത മാന്ദ്യത്തിലേക്കാണ് പോകുന്നതെന്നും സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് അടിയന്തര പിന്തുണ നല്‍കുന്നതിനേക്കാള്‍ ചെറിയ കാലത്തേക്ക് ശ്രദ്ധയൂന്നിയുള്ളതാണെന്നും ഗോള്‍ഡ്മാന്‍ സാച്ച്‌സ് വിലയിരുത്തുന്നു. ഇവര്‍ നേരത്തെ പ്രവചിച്ചിരുന്നതിനേക്കാള്‍ ഇരട്ടിയാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ഡിജിപിയിലുണ്ടാകുന്ന ഇടിവ്. 20 ശതമാനം ഇടിവായിരുന്നു നേരത്തെയുള്ള പ്രവചനം. അതേസമയം, മൂന്നാം പാദത്തില്‍ 20% തിരിച്ചുവരവ് നടത്തുമെന്നും വിലയിരുത്തുന്നുണ്ട്. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി അഞ്ച് ശതമാനം കുറയുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായി ഗോള്‍ഡ്മാന്‍ സാച്ച്‌സ് സാമ്പത്തിക ശാസ്ത്രജ്ഞന്മാരായ പ്രാചി മിശ്ര, ആന്‍ഡ്രൂ ടില്‍ട്ടണ്‍ എന്നിവര്‍ പറയുന്നു. ഇത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇന്ത്യ മുമ്പ് കണ്ട സാമ്പത്തികമാന്ദ്യത്തേക്കാള് കഠിനമായിരിക്കും ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി മേഖലകളില്‍ ഘടനാപരമായ പരിഷ്‌കരണ പ്രഖ്യാപനങ്ങള്‍ നടക്കുന്നുണ്ട്. ഈ പരിഷ്‌കാരങ്ങള്‍ കൂടുതലും ഇടത്തരം സ്വഭാവമുള്ളവയാണ്, അതിനാല്‍ ഇവ വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സാമ്പത്തിക ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
 

Latest News