Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗ ലക്ഷണമില്ലാത്തവരെയും പരിശോധിക്കാന്‍ നിര്‍ദേശം 

ന്യൂദല്‍ഹി-കോവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ രോഗലക്ഷണമില്ലെങ്കിലും പരിശോധിക്കണമെന്ന് പരിശോധനാമാര്‍ഗനിര്‍ദേശം പരിഷ്‌കരിച്ച് ഐസിഎംആര്‍. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷത്തിലേക്ക് അടുക്കുന്ന സാഹചര്യത്തിലാണ് ഐസിഎംആറിന്റെ ഈ തീരുമാനം. വാര്‍ഡ് തലംവരെ സോണുകള്‍ തിരിക്കാമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും പ്രവാസികളുടെയും അതിഥി തൊഴിലാളികളുടെ മടക്കവും കണക്കിലെടുത്താണ് രോഗനിര്‍ണയ പരിശോധന വ്യാപകമാക്കാന്‍ പുതിയ മാര്‍ഗരേഖ ഐസിഎംആര്‍ പുറത്തിറക്കിയത്. ആര്‍ടി പിസിആര്‍ പരിശോധനയാണു നടത്തേണ്ടത്. പനിയും ചുമയുമായി ആശുപത്രിയില്‍ ചികില്‍സ തേടുന്നവര്‍, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സേവനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരുടെ സാംപിള്‍ പരിശോധിക്കണം. പ്രവാസികളെയും അതിഥി തൊഴിലാളികളെയും പനിയോ ചുമയോ ഉണ്ടെങ്കില്‍ പരിശോധിക്കണം. ജില്ലകള്‍, കോര്‍പ്പറേഷനുകള്‍, വാര്‍ഡുകള്‍ എന്നിവ അടിസ്ഥാനമാക്കി സോണുകള്‍ തിരിക്കാമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി പ്രീതി സുദന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. രോഗികളുടെ എണ്ണം, രോഗം ഇരട്ടിക്കുന്നതിന്റെ തോത്, മരണനിരക്ക് എന്നിവ മാനദണ്ഡമാക്കണം. 200ല്‍ അധികം കേസുകള്‍, 14 ദിവസത്തിനുള്ളില്‍ രോഗം ഇരട്ടിക്കുക, 6 ശതമാനത്തിലധികം മരണനിരക്ക് എന്നിവ അതീവ ഗുരുതര സാഹചര്യമായി കണക്കാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവേശന വ്യവസ്ഥകള്‍ കര്‍ശനമാക്കണം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് സമീപമുള്ള പ്രദേശം ബഫര്‍ സോണായി തിരിച്ച് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു.
 

Latest News