തൊടുപുഴ-മദ്യപാനവും വഴക്കും ചോദ്യ ചെയ്തതിന് കൊച്ചു മകൻ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ വയോധിക മരിച്ചു. വണ്ണപ്പുറം ചീങ്കൽസിറ്റി അറുപരൽ പുത്തൻപുരയ്ക്കൽ പാപ്പിയമ്മ(90) യാണ് മരിച്ചത്. കഴിഞ്ഞ 14ന് രാത്രിയാണ് കേസിനാസ്പദ സംഭവം. വീട്ടിൽ വെച്ച് പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയവെ ഇന്നാണ് മരിച്ചത്. സംഭവത്തിൽ പാപിയമ്മയുടെ മകന്റെ മകൻ ശ്രീജേഷി(32)നെ കാളിയാർ പോലിസ് അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിൽ കഴിയുന്ന ശ്രീജേഷിന്റെ പേരിൽ കൊലക്കുറ്റത്തിന് കേസ് എടുത്തു.
പാപ്പിയമ്മ മദ്യപാനം ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. സംഭവ സമയം വീട്ടിൽ ശ്രീജേഷിന്റെ അച്ഛൻ ശ്രീധരനും പാപ്പിയമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. വഴക്ക് ഉണ്ടാക്കിയ ശ്രീജേഷ് ആദ്യം ശ്രീധരനെ കല്ലിന് എറിഞ്ഞ് ഓടിച്ചു. ഇത് ചോദ്യം ചെയ്ത പാപ്പിയമ്മയെ തലയിൽ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. പാപ്പിയമ്മയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ വെള്ളം ഒഴിച്ച് തീ കെടുത്തി. കാളിയാർ പോലിസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ പാപ്പിയമ്മ അബോധാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു. ഏറ്റുമാനൂർ മജിസ്ട്രേറ്റ് മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിയെങ്കിലും മൊഴി എടുക്കാൻ കഴിഞ്ഞിരുന്നില്ല. ടൈൽ പണിക്കാരനായ ശ്രീജേഷ് അവിവാഹിതനാണ്. പാപ്പിയമ്മയുടെ സംസ്‌കാരം ചൊവാഴ്ച രാവിലെ 10ന് വീട്ടു വളപ്പിൽ. മക്കൾ: മണി, വാസു, ശ്രീധരൻ, ഓമന. ശ്രീജേഷിനെ ഭയന്ന് അമ്മ മറ്റൊരു വീട്ടിലാണ് താമസം.






