Sorry, you need to enable JavaScript to visit this website.

നാട്ടിലുള്ളവരുടെ റീ എന്‍ട്രി- ഔദ്യോഗിക അറിയിപ്പ് വരെ കാത്തിരിക്കണമെന്ന് ജവാസാത്ത്

റിയാദ്- കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ വിദേശരാജ്യങ്ങളില്‍ അകപ്പെട്ട് റീ എന്‍ട്രിയുടെ കാലാവധി അവസാനിച്ചവര്‍ ഔദ്യോഗിക അറിയിപ്പ് വരെ കാത്തിരിക്കണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ഓര്‍മപ്പെടുത്തി. സൗദിയില്‍ കോവിഡ് മഹാമാരി അവസാനിച്ച് ഔദ്യോഗിക അറിയിപ്പുണ്ടായ ശേഷമേ വിദേശത്തുള്ളവരുടെ റീ എന്‍ട്രിയുടെ കാലാവധി ദീര്‍ഘിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിക്കുകയുള്ളൂ. അതിന് മുമ്പ് അത്തരം സര്‍വീസുകള്‍ ലഭ്യമായിരിക്കില്ലെന്നും ജവാസാത്ത് പറഞ്ഞു. എന്നാല്‍ മാര്‍ച്ച് 18 മുതല്‍ ജൂണ്‍ 30 നുള്ളില്‍ കാലാവധി അവസാനിക്കുന്ന വിദേശത്തുള്ളവരുടെയും ഇവിടെയുള്ളവരുടെയും ഇഖാമയുടെ കാലാവധി മൂന്നു മാസത്തേക്ക് പുതുക്കി നല്‍കിയിട്ടുണ്ട്.
സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ട് സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ (മൊഫ) വെബ്‌സൈറ്റില്‍ പോയി റീ എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ അപേക്ഷ നല്‍കണമെന്നും അപ്പോള്‍ രണ്ട് മാസത്തേക്ക് നീട്ടിക്കിട്ടുമെന്നും അല്ലാത്തവര്‍ക്ക് സൗദിയിലേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്നും സമൂഹമാധ്യമങ്ങളില്‍ ഒരു ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്. സന്ദേശത്തില്‍ പറയുന്നപോലെയുള്ള സര്‍വീസ് സൗദി അറേബ്യയില്‍ ഇതുവരെ പുനരാരംഭിച്ചിട്ടില്ല. സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ റീ എന്‍ട്രി ദീര്‍ഘിപ്പിക്കാനുള്ള സര്‍വീസ് ഒന്നര മാസം മുമ്പാണ് സമ്പൂര്‍ണമായി നിര്‍ത്തിവെച്ചത്. സൈറ്റ് തുറക്കുമ്പോള്‍ തന്നെ കോവിഡാനന്തരം ഔദ്യോഗിക അറിയിപ്പ് വന്നതിന് ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ എന്ന പ്രത്യേക അറിയിപ്പാണ് കാണാനാവുക. വീണ്ടും മുന്നോട്ട് പോയാല്‍ ഈ സര്‍വീസ് ഇപ്പോള്‍ ലഭ്യമല്ലെന്നും പിന്നീട് വീണ്ടും ശ്രമിക്കണമെന്നുമുള്ള സന്ദേശം ലഭിക്കും. അഥവാ സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണെന്നര്‍ഥം.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

അതേസമയം സൗദിയിലുള്ളവര്‍ റീ എന്‍ട്രി അടിച്ചിട്ടുണ്ടെങ്കില്‍ കാലാവധി അവസാനിക്കുന്നതിന് മുമ്പ് കാന്‍സല്‍ ചെയ്യണമെന്നും ഇല്ലെങ്കില്‍ പിഴയടക്കേണ്ടിവരുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നല്‍കി. നേരത്തെ ഫെബ്രുവരി 25 മുതല്‍ മെയ് 24 വരെയുള്ള കാലാവധിയില്‍ റീ എന്‍ട്രി അവസാനിക്കുന്നവര്‍ക്ക് മൂന്നുമാസത്തേക്ക് ഓട്ടോമാറ്റിക് ആയി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഫൈനല്‍ എക്‌സിറ്റിലുള്ളവര്‍ക്ക് 60 ദിവസം മാത്രമേ സൗദിയില്‍ താമസിക്കാനുള്ള അനുമതിയുള്ളൂ. 60 ദിവസത്തിന് മുമ്പ് അവര്‍ക്ക് രാജ്യം വിട്ടുപോകാനായില്ലെങ്കില്‍ കാന്‍സല്‍ ചെയ്ത് ആവശ്യമെങ്കില്‍ വീണ്ടും ഫൈനല്‍ എക്‌സിറ്റ് അടിക്കാം. കാന്‍സല്‍ ചെയ്തില്ലെങ്കില്‍ ആയിരം റിയാലാണ് പിഴ. നാട്ടിലേക്ക് പോകാനും സാധിക്കില്ല. ഇഖാമ കാലാവധിയില്ലെങ്കില്‍ ഇഖാമ പുതുക്കിയ ശേഷമാണ് ഫൈനല്‍ എക്‌സിറ്റ് വീണ്ടും അടിക്കേണ്ടത്. കാലാവധിയുള്ള റീ എന്‍ട്രിയോ ഫൈനല്‍ എക്‌സിറ്റോ ഇല്ലാത്തവര്‍ക്ക് നിലവിലെ വിമാനസര്‍വീസുകളിലൊന്നിലും നാട്ടിലേക്ക് പോകാനാവില്ല

Latest News