ന്യൂദൽഹി- മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ വൈ.സി മോഡിയെ ദേശീയ അന്വേഷണ ഏജൻസി തലവനായി നിയമിച്ചു. 2002ലെ ഗുജറാത്ത് കലാപക്കേസിൽ നരേന്ദ്രമോഡിക്കെതിരെ തെളിവില്ലെന്നു കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്.ഐ.ടി) അംഗമായിരുന്നു വൈ.എസ് മോഡി. ഇന്നാണ് വൈ.എസ് മോഡിയെ മേധാവിയായി നിശ്ചയിച്ചത്. ഭീകരവാദ, ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയാണ് എൻ.ഐ.എ. മന്ത്രിസഭയുടെ നിയമന സമിതിയാണ് വൈ.എസ് മോഡിയുടെ നിയമനം അംഗീകരിച്ച്് ഉത്തരവിറക്കിയത്.
2021 മെയ് വരെ മോഡിക്ക് സർവീസ് ബാക്കിയുണ്ട്. അസം-മേഘാലയ കേഡറിലെ 1984 ബാച്ച് ഉദ്യോഗസ്ഥനാണ് മോഡി. അടുത്ത മാസം മുപ്പതിന് ശരത് കുമാറിൽനിന്ന് ചുമതല വൈ.എസ് മോഡി ഏറ്റെടുക്കും. 2013 ജൂലൈയിലാണ് എൻ.ഐ.എ തലവനായി ശരത്കുമാറിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞവർഷം സർവീസ് അവസാനിച്ചെങ്കിലും ഒരു വർഷം കൂടി സർവീസ് നീട്ടികൊടുക്കുകയായിരുന്നു. പത്താൻകോട്ട് ഭീകരാക്രമണം തുടങ്ങിയ കേസുകളിൽ അന്വേഷണം പൂർത്തിയാകാനുള്ളത് കൊണ്ടായിരുന്നു സർവീസ് നീട്ടി നൽകിയത്.
മറ്റൊരു മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ രജനി കാന്ത് മിശ്രയെ ശാസ്ത്ര സീമ ബാലിന്റെ ഡയറക്ടർ ജനറലായും നിയമിച്ചു. 1984- ലെ ഉത്തർപ്രദേശ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മിശ്ര.






