കണ്ണൂർ-ദുബായിൽനിന്നും കഴിഞ്ഞ ദിവസം രാത്രി എത്തിയ വിമാന യാത്രികരിൽ രണ്ട് പേർക്ക് കോവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരു കണ്ണൂർ സ്വദേശിയെയും ഒരു കാസർകോട് സ്വദേശിയെയുമാണ് രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയത്.
വിമാനത്തിൽ ആകെ 180 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരിൽ 115 പേർ കണ്ണൂർ സ്വദേശികളും 53 പേർ കാസർകോട് സ്വദേശികളുമാണ്. കോഴിക്കോട് 7, മലപ്പുറം 1, കൂർഗ് 4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ നിന്നുള്ളവരുടെ എണ്ണം. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 66 പേർ ഹോം ക്വാറന്റൈനിലേക്ക് മാറി.
ബാക്കിയുള്ളവരെ കോവിഡ് കെയർ സെന്ററുകളിലേക്ക് അയച്ചു.
അതിനിടെ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. പുതുച്ചേരി സ്വദേശിയായ ഇരുപത്തിയേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ബൈക്ക് അപകടത്തെ തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് ഇയാൾ.
ഇന്ന് ദോഹ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നും നാളെ റിയാദ്, മസ്‌കത് എന്നിവിടങ്ങളിൽ നിന്നും 22 ന് മസ്‌കത്, 23 ന് അബുദാബി, 31 ന് മോസ്‌കോ എന്നിവിടങ്ങളിൽ നിന്നും കണ്ണൂരിലേക്ക് വിമാനങ്ങൾ എത്തും. കോവിഡ് ബാധ സംശയിച്ച് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 5554 ആയി. ഇവരിൽ 56 പേർ ആശുപത്രിയിലും 5498 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 27 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ 13 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 5 പേരും കണ്ണൂർ ജില്ലാ ആശുപത്രിയിൽ 11 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ഇതുവരെ 4865 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 4751 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 4502 എണ്ണം നെഗറ്റീവാണ്. 114 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടർ പരിശോധനയിൽ പോസറ്റീവ് ആയത് 137 എണ്ണം.