Sorry, you need to enable JavaScript to visit this website.

കാലവർഷ വരവിൽ പ്രതീക്ഷയുമായി കാർഷിക കേരളം

കാലവർഷ വരവിനെ കാർഷിക കേരളം പ്രതീക്ഷകളോടെ ഉറ്റുനോക്കുന്നു. കാലവർഷത്തെ ആശ്രയിച്ച് കൃഷി ഇറക്കുന്ന രാജ്യത്തെ കോടി ക്കണക്കിന് വരുന്ന കർഷകർക്ക് പ്രതീക്ഷ പകർന്ന് തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളം ലക്ഷ്യമാക്കി നീങ്ങുകയാണ്. മാസാവസാനത്തിന് മുമ്പേ മഴ സംസ്ഥാനത്ത് സജീവമാകും. വരൾച്ചമൂലം മാസങ്ങളായി സ്തംഭിച്ച റബർ മേഖലക്കാവും കാലവർഷ വരവ് ഏറ്റവും കൂടുതൽ ആശ്വാസം പകരുക. ജൂൺ-സെപ്റ്റംബർ കാലയളവിൽ റബർ ഉൽപാദനം പരമാവധി ഉയർത്തിയെടുക്കാനാവും ഇക്കുറി കർഷകർ ശ്രമിക്കുക. ഉൽപാദന ചെലവ് കുറച്ചാൽ മാത്രമേ അന്താരാഷ്ട്ര വിപണിയിലെ കടുത്ത മത്സരങ്ങളെ കേരളത്തിലെ റബർ കർഷകർക്ക് മറികടക്കാനാവൂ. തായ്‌ലന്റും മലേഷ്യയും ഇന്തോനേഷ്യയും വിയെറ്റ്‌നാമും ഉൽപാദന ചെലവ് കുറച്ചാണ് വിപണിയിലെ വെല്ലുവിളികളെ നേരിടുന്നത്. ചൈനീസ് വ്യവസായിക മേഖല സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങിയതിനാൽ ഷീറ്റ് വില ഉയർത്താൻ അവർ തയാറായില്ല. ജപ്പാനിൽ ടോക്കോം എക്‌സ്‌ചേഞ്ചിൽ സെപ്റ്റംബർ, ഒക്‌ടോബർ അവധികൾ ബുള്ളിഷാണെങ്കിലും വിപണി മുന്നേറാൻ അവസരം നൽകാതെ ഊഹക്കച്ചവടക്കാർ പത്മവ്യൂഹം തീർത്തിരിക്കുകയാണ്. സെപ്റ്റംബർ അവധിക്ക് 151 യെന്നിലെ പ്രതിരോധം മറികടക്കാനായില്ല. 
ദക്ഷിണേന്ത്യൻ തേയില ശേഖരിക്കാൻ സി.ഐ.എസ് രാജ്യങ്ങൾ ഉത്സാഹിച്ചത് ഉൽപന്നത്തിന് നേട്ടമായി. കൊച്ചി ലേലത്തിൽനിന്ന് ഓർത്തഡോക്‌സ് ഇല തേയില വാങ്ങാൻ കയറ്റുമതിക്കാർ താൽപര്യം കാണിച്ചു. ലീഫ് ലേലത്തിൽ 1,10,000 കിലോ ഓർത്താഡോക്‌സും 69,000 കിലോ സി.റ്റി.സിയും ഡസ്റ്റ് വിഭാഗത്തിൽ 5000 കിലോ ഓർത്താഡോക്‌സും പത്ത് ലക്ഷം കിലോ സി.റ്റി.സിയും ലേലം കൊണ്ടു. നടപ്പ് വർഷം ഇന്ത്യയുടെ തേയില ഉൽപാദനം 120 ദശലക്ഷം കിലോ ഗ്രാം, അതായത് ഒൻപത് ശതമാനം കുറയാൻ ഇടയുണ്ട്. ലോക്ഡൗൺമൂലം കൊളുന്ത് നുള്ള് തടസ്സപ്പെട്ടത് ഉൽപാദനത്തെ ബാധിച്ചു. നടപ്പ് വർഷം തേയില കയറ്റുമതിയിൽ ഏഴ് ശതമാനം കുറവ് സംഭവിക്കും. 
ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് ആവശ്യക്കാർ കുറഞ്ഞു. ബംഗളാദേശ് അതിർത്തി വഴിയുള്ള ചരക്ക് നീക്കം പുനരാരംഭിക്കുമെന്ന സൂചനകൾ ഉത്തരേന്ത്യക്കാരെ രംഗത്ത്‌നിന്ന് അകറ്റി. വിയെറ്റ്‌നാം കുരുമുളക് അതിർത്തി വഴി കള്ളക്കടത്തായി എത്തുമെന്ന കണക്ക് കൂട്ടലിലാണ് ഉത്തരേന്ത്യൻ വ്യാപാരികൾ. ആഭ്യന്തര ഡിമാന്റ് മങ്ങിയതോടെ കൊച്ചിയിൽ അൺ ഗാർബിൾഡ് മുളക് 31,000 രൂപയിൽ നിന്ന് 30,700 രൂപയായി. ഉൽപാദന കേന്ദ്രങ്ങളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് നീക്കം കുറവാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 4400 ഡോളറാണ്. ബ്രസീൽ 1800 ഡോളറിനും വിയെറ്റ്‌നാം, ഇന്തോനേഷയും 2000 ഡോളറിനും വാഗ്ദാനം ചെയ്തു. നാളികേരോൽപന്നങ്ങൾക്ക് വില ഇടിവ്. തമിഴ്‌നാട്ടിൽ വിളവെടുപ്പ് തുടങ്ങിയതോടെ വ്യവസായികൾ പച്ചത്തേങ്ങ, കൊപ്ര സംഭരണം  കുറച്ചത് ഉൽപന്നത്തിൽ സമ്മർദം സൃഷ്ടിച്ചു. കാങ്കയത്ത് കൊപ്ര താങ്ങ് വിലയിലും താഴ്ന്ന് 9000 രൂപയായി. ഇതോടെ അവിടെ വെളിച്ചെണ്ണ വില 13,850 രൂപയാണ്. 
കൊച്ചിയിൽ വെളിച്ചെണ്ണ 14,900 രൂപയിലും കൊപ്ര 10,000-10,400 ലും വിപണനം നടന്നു. പവൻ 34,800 രൂപയുടെ തിളക്കത്തിലാണ്. കേരളത്തിൽ ശനിയാഴ്ച ഒരു ഗ്രാം സ്വർണം ചരിത്രത്തിൽ ആദ്യമായി 4350 രൂപയിലെത്തി. തിങ്കളാഴ്ച ഗ്രാമിന് വില 4230 രൂപയായിരുന്നു. 
ആഭരണ വിപണികളിൽ പവന് 960 രൂപ വർധിച്ചു. അന്താരാഷ്ട്ര മാർക്കറ്റിൽ നിക്ഷേപകർ മഞ്ഞലോഹത്തോട് കാണിച്ച താൽപര്യം ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1702 ഡോളറിൽനിന്ന് 1751 വരെ ഉയർത്തി.
 

Latest News