Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

കൊറോണക്കാലത്തും ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ്

ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനം തകർത്തെറിയാത്ത മേഖലകളില്ല. ആഗോള സാമ്പത്തികഘടന തന്നെ കോവിഡ് 19 ന് ശേഷം മാറിമറിയുമെന്നതും നിസ്തർക്കമാണ്. ഈ പ്രതിസന്ധിഘട്ടത്തിലും ദുബായിൽ റിയൽ എസ്റ്റേറ്റ് മേഖല പതിയെപ്പതിയെ ഉയർത്തെഴുന്നേൽപ്പ് നടത്തുന്നുവെന്ന് ഏറ്റവും പുതിയ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അനുയോജ്യമായ കെട്ടിടങ്ങൾ അന്വേഷിക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ടെന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. ബാങ്കിംഗ്, ഫിനാൻഷ്യൽ സ്ഥാപനങ്ങൾ എന്നീ കമ്പനികൾക്ക് യോജിച്ച കെട്ടിടങ്ങൾക്കാണ് ദുബായിൽ കൂടുതൽ അന്വേഷകർ. 
കഴിഞ്ഞ മാസം ലോകത്തിന്റെ ടൂറിസ്റ്റ് നഗരിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഗണ്യമായ ഇടപാടുകൾ നടന്നതായി 'പ്രൊപ്പർട്ടി ഫൈൻഡർ' സൂചിപ്പിക്കുന്നു. വസ്തുവകകൾക്കായി അന്വേഷിച്ച ഉപയോക്താക്കളുടെ എണ്ണത്തിലും ഏപ്രിൽ മാസം വൻ കുതിച്ചുചാട്ടം തന്നെയുണ്ടായി. മാറ്റങ്ങളും വെല്ലുവിളികളും സ്വീകരിക്കാൻ കഴിയുന്ന, ചലനാത്മകമായ വിപണിയായി ദുബായ് റിയൽ എസ്റ്റേറ്റ് മേഖല മാറുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വസ്തുവകകൾ സ്വന്തമാക്കുന്നതിൽ ഉപയോക്താക്കളുടെ അഭിരുചിയിലും താൽപര്യത്തിലും കാതലായ മാറ്റം ഇപ്പോൾ പ്രകടമാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു. എപ്പോഴും ആശ്രയിക്കാവുന്ന സ്ഥിരമായ മുതൽ എന്ന നിലയിൽ റിയൽ എസ്റ്റേറ്റിന് ഏതൊരാളുടെയും ജീവിതത്തിൽ മുഖ്യസ്ഥാനമുണ്ടായിരിക്കുമെന്നും ഇവർ പറയുന്നു. 
കഴിഞ്ഞ വാരം ദുബായിലെ വില്ലകളുടെ വിൽപന സംബന്ധിച്ച് നടന്ന അന്വേഷണങ്ങളിൽ 2019 ൽ ഇക്കാലയളവിൽ നടന്നതിനെക്കാൾ 46 ശതമാനത്തിന്റെ വർധനയുണ്ട്. കഴിഞ്ഞ മാസം മൂന്നാം വാരം മാത്രം ഫഌറ്റുകൾ വാടകക്ക് എടുക്കാൻ താൽപര്യം പ്രകടിപ്പിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷവുമായി തുലനം ചെയ്യുമ്പോൾ 87 ശതമാനം വർധനയുള്ളതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. കൊറോണ പ്രതിസന്ധിയുടെ തുടക്കത്തിൽ ഫഌറ്റുകൾക്കും ഹോട്ടൽ റൂമുകൾക്കുമുള്ള ആവശ്യക്കാരുടെ എണ്ണത്തിൽ 30 ശതമാനം കുറവ് അനുഭവപ്പെട്ടിരുന്നു. 
എന്നാൽ കഴിഞ്ഞ അഞ്ച് ആഴ്ചകളായി ഫഌറ്റുകളും ഹോട്ടൽ മുറികളും ആവശ്യപ്പെട്ട് സമീപിക്കുന്നവരുടെ എണ്ണം ഇരട്ടിയായെന്നതാണ് വസ്തുത. ഇതേ കുറിച്ചുള്ള അന്വേഷകരുടെ എണ്ണം കൊറോണ വ്യാപനത്തിന് മുമ്പ് ഫെബ്രുവരിയിലേക്കാൾ ഉയർന്നതായി ദുബായ് റിയൽ എസ്റ്റേറ്റ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. 
വില്ലകളും ടൗൺ ഹൗസുകളും വാങ്ങുന്നതിലേക്ക് ഇപ്പോൾ കൂടുതൽ പേർ ശ്രദ്ധ തിരിക്കുന്നതായും മനസ്സിലാകുന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലുള്ള വില്ല കമ്യൂണിറ്റിയായ അറേബ്യൻ റൈഞ്ചസ്, മുഹമ്മദ് ബിൻ റാശിദ് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ദുബായ് ഹിൽസ് എസ്റ്റേറ്റ് എന്നിവിടങ്ങളിൽ താമസ സൗകര്യമുണ്ടോയെന്ന് നിരവധി പേരാണ് അന്വേഷിച്ചത്. പ്രധാനപ്പെട്ട റെസിഡൻഷ്യൽ കോംപൗണ്ടുകൾ കൊറോണ കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിയെത്തിയെന്ന വാദത്തിന് ഇത് അടിവരയിടുന്നു. 
അപ്പാർട്ട്‌മെന്റുകൾ അന്വേഷിക്കുമ്പോൾ വാടക നൽകുന്നതിലുള്ള ഉപാധികൾക്ക് ഉപയോക്താക്കൾ വലിയ പ്രാധാന്യം നൽകിവരുന്നുണ്ട്. 
ആവശ്യക്കാർ വർധിച്ചതിന് അനുസൃതമായി കെട്ടിട ഉടമകൾ ഉപാധികളിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്പോൾ ആറ് മുതൽ 12 വരെ ചെക്കുകളാണ് ഉടമകൾ മുൻകൂറായി സ്വീകരിക്കുന്നത്. ഹ്രസ്വകാലയളവിൽ വാടകക്ക് താമസിക്കുന്ന ഉപയോക്താക്കളുടെ എണ്ണം കൊറോണക്കാലത്ത് 200 ശതമാനം വർധിച്ചതായി പ്രമുഖ പ്രാദേശിക പത്രം ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, കെട്ടിട ഉടമകൾ വാടക കുറക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യാത്തതാണ് തങ്ങളുടെ തകർച്ചക്ക് ആക്കം കൂട്ടുന്നതെന്ന് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യാപാരികൾ കുറ്റപ്പെടുത്തിയിരുന്നു.