Sorry, you need to enable JavaScript to visit this website.
Saturday , April   17, 2021
Saturday , April   17, 2021

പേനയും പരീക്ഷണവും

കൊറോണയുടെ കലഹത്തിൽ എല്ലാം താളം തെറ്റിയിരിക്കുന്നു. ചിലത് സംഭവിക്കാതെ പോകുന്നു, ചിലത് കാലം മാറി സംഭവിക്കുന്നു. മാർച്ച് മാസം വരുമ്പോൾ മുടങ്ങാതെ സംഭവിക്കുന്നതായിരുന്നു നമ്മുടെ പല പരീക്ഷകളും പരീക്ഷണങ്ങളും. കേരളത്തിന്റെ കൗമാരത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ചില പരീക്ഷകൾ മാർച്ചിലായിരുന്നു പതിവ്.  അതിപ്പോൾ മെയ് ഒടുവിലേക്ക് മാറിയിരിക്കുന്നു. ലക്ഷക്കണക്കിനു കുട്ടികളുടെ ഭാവിയും ഭാഗധേയവും തിട്ടപ്പെടുത്തുന്ന പരീക്ഷാഫലം വരേണ്ടതാണ് ഈ വേള.  കൊറോണ കാരണം അതിപ്പോൾ ശ്രമത്തിന്റെ സന്ദർഭമായിരിക്കുന്നു, ഫലത്തിന്റെ മുഹൂർത്തമല്ല. പരീക്ഷക്കു തയാറാകുന്ന കുട്ടികളുടെ ചിത്രം കണ്ടു ടി.വിയിലും പത്രത്തിലും. ഇത്ര വികാരഭരിതമായ കാലഘട്ടം ഒരു പ്രദേശത്തിന്റെ ജീവിതത്തിൽ വേറെ കാണാനായെന്നു വരില്ല. ആറോ ഏഴോ ലക്ഷം പതിനഞ്ചുകാരും പതിനാറുകാരും ഉറക്കം കളഞ്ഞും പ്രതീക്ഷ മെനഞ്ഞും കഴിയുന്ന കാലം. പത്തു കൊല്ലമായി തങ്ങൾ എഴുതിയും വായിച്ചും പോന്നതിന്റെ പരിശോധനയുടെ കാലം. അതിനൊരുങ്ങിയിരിക്കുന്ന കുട്ടികളുടെ കണ്ണുകളിൽ അക്ഷമയും വിരൽതുമ്പുകളിൽ പേനയും വിറ പൂണ്ടു നിന്നു.  


മനുഷ്യ രാശിയുടെ തുടക്കത്തോളം എത്തിനിൽക്കുന്നതാണ് പേനയുടെ കഥ, എഴുത്തിന്റെയും വായനയുടെയും ഇതിഹാസം. അതിന്റെ ഓർമക്കാവണം പേനയുടെ പേരിൽ എന്തെങ്കിലും ഒരു സാധനം ആവശ്യമില്ലെങ്കിലും അക്ഷരാഭ്യാസമുള്ളവരെല്ലാം ഇന്നും കീശയിൽ കരുതുന്നു. എഴുതാൻ കടലാസും പേനയും ഇല്ലാതെ കാര്യം നടത്താവുന്ന കാലമായിട്ടും ഒരു റെയ്‌നോൾഡ്‌സ്ബാൾ പോയന്റോ മോണ്ട് ബ്ലാങ്ക് ഫൗണ്ടൻ പേനയോ കീശയിൽ കുത്തിനിർത്തുന്നവരാണ് എല്ലാവരും. താൻ ഉപയോഗിക്കുന്ന എഴുത്താണിയാണ് തന്റെ സ്ഥാനം നിർണയിക്കുന്നതെന്ന് ഏവരും വിശ്വസിക്കുന്നു.
ബാൾ പോയന്റിനെ അപ്രസക്തമോ നിഷ്പ്രഭമോ ആക്കുന്ന പേഴ്‌സണൽ കംപ്യൂട്ടറിന്റെ രൂപഭാവ വൈവിധ്യം ഇനിയും എഴുത്തുകാരനെ മുഴുവനായി കൈയടക്കിയിട്ടില്ല.  എഴുതുന്നവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുന്നുവെങ്കിലും എഴുത്ത് എന്ന ക്രിയ 'എഴുത്താ'യിത്തന്നെ നിലനിൽക്കുന്നു. ഈജിപ്തിന്റെ പ്രാചീന സംസ്‌കൃതിയിൽ ഇഷ്ടികയിൽ അക്ഷരങ്ങളും ആകൃതികളും കോറിയിടാൻ ഉപയോഗിച്ചിരുന്ന ഉളിയോ വടിയോ ഇന്നത്തെ കുട്ടികളുടെ വിരലിൽ വിളങ്ങുന്ന പേനയുടെ പൂർവസൂരി ആയിരുന്നു. ഈജിപ്ഷ്യൻ നാഗരികതയിൽനിന്ന് ഇന്നുവരെയുള്ള കാലം വേണ്ടിവരില്ല നാളത്തെ കുട്ടികളുടെ വിരലിൽ പേനക്കു പകരം മനസ്സിന്റെ വേഗവും സൂക്ഷ്മതയുമുള്ള എന്തോ ഒരു സാധനം ഇടം പിടിക്കാൻ.


വാസ്തവത്തിൽ പ്രാചീനവും അർവാചീനവും എന്ന വകതിരിവിൽ ഏറ്റവും നിർണായകമാകും പേന. നൂറു നൂറ്റമ്പതു കൊല്ലമേ ആയിട്ടുള്ളൂ മഷി കൊണ്ട് എഴുതാൻ ഉപയോഗിക്കുന്ന പേനയുടെ ആദ്യഭാവം പ്രത്യക്ഷപ്പെടാൻ.  
ഞാൻ കടലാസിൽ മഷിയിട്ട് എഴുതാൻ തുടങ്ങുമ്പോൾ ബാൾ പോയന്റ് പോയിട്ട്, തന്റെ ഉടലിൽനിന്ന് കറുത്ത ചോര ചിന്തുന്ന വില കുറഞ്ഞ ഫൗണ്ടൻ പെൻ രൂപപ്പെട്ടിരുന്നില്ല. സ്ലേറ്റിൽനിന്ന് കടലാസിലേക്കും സ്ലേറ്റ് പെൻസിലിൽനിന്ന് കടലാസ് പെൻസിലിലേക്കും സ്റ്റീൽ പെന്നിലേക്കുമായിരുന്നു എന്റെ പുരോഗമനം. സ്റ്റീൽ പെൻ മാറി ലീക് ചെയ്യുന്ന ഫൗണ്ടൻ പെൻ വന്നു.  പൈലറ്റും ചൈനാനിർമിതമായ ഹീറോയുമായിരുന്നു അന്നത്തെ മുന്തിയ പേനകൾ. പാർക്കറും ഷീഫേഴ്‌സും ക്രോസും മോണ്ട് ബ്ലാങ്കും ലോകൈകസൗന്ദര്യം തികഞ്ഞ ഉപകരണങ്ങളായിരുന്നു. അവ ഉപയോഗിക്കേണ്ട, അവയെപ്പറ്റി കേൾക്കുന്നതേ പുണ്യം എന്നായിരുന്നു അന്നത്തെ സ്ഥിതി. 


ഞാൻ ഉള്ളുകൊണ്ട് നമിക്കുന്ന രണ്ട് എഴുത്തുകാരാണ് എഴുത്തച്ഛനും  ഷേക്‌സ്പിയറും. ഏറെക്കുറെ സമകാലീനർ.  തങ്ങൾ ഉപയോഗിച്ചിരുന്ന ഭാഷകളെ ജീവനുള്ളിടത്തോളവും അതിനു ശേഷവും  തങ്ങൾക്കു കീഴ്‌പെടുത്തിയ എഴുത്തുകാർ.  അവർക്ക് പേനയോ കടലാസോ ഉണ്ടായിരുന്നില്ല. എഴുത്തച്ഛന്റെ ഉപകരണം ആണി ആയിരുന്നു. ഉണങ്ങിയ ഓലക്കീറിൽ കുത്തിവരക്കാൻ പാകത്തിലുള്ള ആണി. നാരായം എന്ന പേരിൽ അതു നൂറ്റാണ്ടുകളോളം നീണ്ടു കിടന്നു. അധികാരത്തിന്റേയും ഹിംസയുടെയും ആഖ്യായികാകാരനായിരുന്ന ഷേക്‌സ്പിയർ വളർന്ന സാങ്കേതിക സാഹചര്യത്തിൽ തൂവലും മഷിയുമായിരുന്നു എഴുത്തിന്റെ സാമഗ്രികൾ. 


അവരേക്കാൾ ആയിരം കൊല്ലം മുമ്പ് കടന്നുപോയ രുദിതാനുസാരി ആയ കവി കാളിദാസൻ എന്തെഴുതിയെന്നേ നമ്മൾ ആലോചിച്ചിട്ടുള്ളൂ, എന്തുകൊണ്ട് എഴുതി എന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ശകുന്തള പ്രേമം കുറിച്ചത് താമരയിലയിലായിരുന്നോ ഭൂർജപത്രത്തിലായിരുന്നോ എന്നറിയില്ല. എന്തിനറിയണം, കുഴിയെണ്ണണമോ, അപ്പം തിന്നാൽ പോരേ?
തൂലിക എഴുത്താണിയായും പെൻസിലായും സ്റ്റീൽ പെൻ ആയും ഫൗണ്ടൻ പെൻ ആയും ബാൾ പോയന്റ് പെൻ ആയും പരിണമിച്ചതിന്റെ കഥ മനുഷ്യ രാശിയുടെ പുതിയ ആവശ്യങ്ങളും ഉപകരണങ്ങളും അടയാളപ്പെടുത്തുന്നു. ഈ പ്രകരണത്തിൽ പറയാൻ വിട്ടുപോയ രണ്ട് വസ്തുക്കളാണ് ടൈപ്പും അച്ചും.


 പേന കൊണ്ട് നീട്ടിവലിച്ച് എഴുതി ശീലിച്ചവർക്ക് ടൈപ് ചെയ്യാനാകുമെന്നു വന്നപ്പോൾ അവരുടെ ചിന്താക്രമത്തിൽ മാത്രമല്ല, ലിഖിതത്തിലും ഒതുക്കവും അഴകും ഉണ്ടായി.  ഞാൻ പേനയോട് സുല്ല് പറയുന്ന കാലത്ത് കൈക്കലാക്കിയ ബ്രദർ ടൈപ് റൈറ്റർ ഇന്നും ഒരു പുരാവസ്തുവിന്റെ ഗരിമയോടെ എന്റെ അലമാരയിൽ പൊടി കെട്ടിക്കിടക്കുന്നു. പിന്നെ കാക്സ്റ്റൺ അച്ചടിക്കാൻ ഒരു യന്ത്രം തട്ടിക്കൂട്ടിയെടുത്തു. അതിനു വേണ്ട അക്ഷരങ്ങൾ വാർത്തെടുക്കുന്നതായി സാങ്കേതിക സംസ്‌കാരത്തിന്റെ അടുത്ത ഘട്ടം. എഴുത്തുകാരൻ ബാൾ പോയന്റ് പേനയുടെ പരിഷ്‌കരിച്ച രൂപങ്ങൾ കണ്ടു ഭ്രമിക്കാൻ തുടങ്ങുമ്പോഴേക്കും എഴുതാൻ പേനയും കടലാസും വേണ്ടെന്നായി.  വായുവിൽ കാണാമറയത്ത് നിലനിൽക്കാൻ പോന്ന ശക്തികളായി വളർന്നു അക്ഷരങ്ങളും അവയുടെ ഓർമകളും.  
പൂർവസൂരികളും പുത്തൻ തലമുറകളും രൂപത്തിലും ഭാവത്തിലും എങ്ങനെയൊക്കെ മാറിയാലും മാറ്റമില്ലാതെ എഴുത്തുകീശയിൽ കിണുങ്ങിക്കിടക്കുന്നതാണ് ഇന്ന് എഴുത്തുകാരന്റെ  പേന.  എഴുത്തു ശീലിച്ചുവരുന്ന കുട്ടികളും തഴക്കം വന്ന എഴുത്തുകാരും ഒരു പക്ഷേ  എഴുത്ത് അത്രയൊന്നും വശമില്ലാത്തവരും നാലാൾ കാൺകേ അണിഞ്ഞു നടക്കുന്ന അലങ്കാരവും ആവശ്യവുമാകുന്നു പേന.  


ഒപ്പുവെക്കാൻ മാത്രം പലരും ഉപയോഗിക്കുന്നതാണ് പേന. അതിനെ നാടു കടത്താൻ എത്തിയ സാങ്കേതിക വിദ്യ കൊണ്ട് രേഖപ്പെടുത്തിയ പ്രമാണത്തിൽ ഒപ്പു വേണ്ട എന്നു പോലും ചില സ്ഥാപനങ്ങൾ നിഷ്‌കർഷിച്ചു കാണുന്നു. കൈയെഴുത്തിന്റെ ഭംഗി കണ്ട് കൺകുളിർക്കാവുന്ന സ്ഥിതി പോലും ഇല്ലാതായി.  ജഹാംഗീറിന്റെ കൊട്ടാരത്തിൽ ആസ്ഥാന ലേഖകനായിരുന്ന മീർ അലി തൂലിക കൊണ്ട് കുറിച്ച സുവർണ ലിപിയുടെ മാസ്മര ഭംഗി പൂർണമായും ഉൾക്കൊണ്ടു. അദ്ദേഹം വിനയാന്വിതനായി പറയുമായിരുന്നു: എന്റെ അക്ഷരത്തിന്റെ ഓരോ വളവിലും സ്വർഗത്തിന്റെ കവാടം തുറക്കുന്നു.ഗംഭീരമായ ആത്മപ്രശംസ എന്നു തോന്നിയവർ പോലും ആ അവകാശവാദം പരക്കേ തള്ളിക്കളയാൻ ഇഷ്ടപ്പെട്ടില്ല.
എഴുത്തിന്റെയും വായനയുടെയും അതു വഴി പേനയുടെയും പ്രാചീനതക്കു സമാന്തരമായി നിലനിൽക്കുന്നതാണ് നാഴിക മണി.  ഘടികാരം, ക്ലോക്, വാച്ച്,  ക്‌റോണോ മീറ്റർ എന്നൊക്കെ ആയിരം പേരിൽ അറിയപ്പെടുന്ന ആ സാധനം മനുഷ്യന്റെ കാലാഭിമുഖ്യം പ്രഖ്യാപിക്കുന്നു. നേരം നോക്കാൻ ചുമരിൽ ഘടികാരം ഘടിപ്പിക്കുകയോ കൈത്തണ്ടയിൽ വാച്ച് കെട്ടുകയോ അലാറം മുഴക്കുകയോ ചെയ്യാൻ തുടങ്ങിയിട്ട് അത്രയേറെ കാലമൊന്നുമായിട്ടില്ല. 


ആ കാലത്തെ കുറ്റിപ്പുറത്ത് കേശവൻ നായർ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു: 'താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേ മുഴങ്ങും വലിയോരലാറം പൂങ്കോഴി തൻ പുഷ്‌കല കണ്ഠനാദം.' പിന്നെ ക്ലോക്കിൽനിന്നും ടൈംപീസിൽനിന്നും അലാറം കേൾക്കാമെന്നായി.  കോഴി കൂകിയില്ലെങ്കിലും കാക്ക കരഞ്ഞില്ലെങ്കിലും നേരം പുലരുമെന്നായി.  
കാലത്തിന്റെ ചലനം അറിയാൻ എന്തെങ്കിലും എപ്പോഴും വേണമായിരുന്ന മനുഷ്യൻ മറ്റൊന്നും കണ്ടില്ലെങ്കിൽ മാനത്തു നോക്കി നക്ഷത്രം എണ്ണി.  കാലത്തെ കൂടെ കൊണ്ടു നടക്കാനെന്നോണം പിന്നെപ്പിന്നെ മണികണ്ഠത്തിൽ കെട്ടി നടക്കാവുന്ന വലിപ്പത്തിലും രൂപത്തിലും വാച്ച് ചിട്ടപ്പെടുത്തി.  


കൈയിൽ കെട്ടുന്ന റിസ്റ്റ് വാച്ചോ കീശയിൽ കരുതുന്ന പോക്കറ്റ് വാച്ചോ പ്രായത്തിൽ ചെറുപ്പം എന്നറിയില്ല.  പക്ഷേ ഫാഷൻെര കുതിപ്പിൽ ആദ്യം പുറത്തായത് കീശയിൽ കുടുങ്ങിയ കാലമായിരുന്നു.  ഒരു കാലത്ത് കാലത്തിന്റെ ലാവണം കീശയായിരുന്നു.  രണ്ട് ഇഞ്ച് വ്യാസമുള്ള, ഘനം കുറഞ്ഞ ചങ്ങലയിൽ തൂക്കിയ പോക്കറ്റ് വാച്ച് ഗമ കാട്ടാൻ കേമന്മാർ മറ്റുള്ളവർ കാണാതെ അണിഞ്ഞിരുന്ന കാലം ഉണ്ടായിരുന്നു. നേരം നോക്കണമെന്നു തോന്നുമ്പോൾ കീശയിൽനിന്നു വലിച്ചെടുത്തു നോക്കും.  
തന്റെ ഏതു ചലനവും ഇതിഹാസമാക്കാൻ ശ്രദ്ധിച്ചിരുന്ന ഗാന്ധി പോക്കറ്റ് വാച്ചും പ്രശസ്തമാക്കി. റിച്ചർഡ് ആറ്റൻബറോവിന്റെ ഗാന്ധി  ഓർമയില്ലേ? രാഷ്ട്രപ്രാധാന്യമുള്ള എന്തോ കൊടുമ്പിരിക്കൊണ്ട ചർച്ചയായപ്പോൾ, തന്റെ കുഞ്ഞാടിനു കഞ്ഞി കൊടുക്കാൻ നേരമായോ എന്നു നോക്കാൻ അദ്ദേഹം കീശയിലെ വാച്ച് വലിച്ചെടുക്കുന്നു. 
ആ ഒറ്റ രംഗം മതിയായിരുന്നു പോക്കറ്റ് വാച്ച് പോപ്പുലർ ആകാൻ.  മിടുക്കനായ പരസ്യ നിർമാതാവിന്റെ കൈയിൽ ഒന്നാം തരം മോഡൽ ആകുമായിരുന്നു മെലിഞ്ഞു വളഞ്ഞ, പല്ലു രണ്ടും പോയ, രാഷ്ട്രപിതാവ്.  


നിഴൽ നോക്കിയും നക്ഷത്രം എണ്ണിയും പൂങ്കോഴിയെ കാതോർത്തും കാലം ഗണിച്ചിരുന്ന മനുഷ്യന്റെ ചരിത്രത്തിൽ പേന പോലെ പ്രധാനപ്പെട്ടതായി വന്നു വാച്ച്. പല ദൗത്യങ്ങളും വഹിക്കാൻ, പല രൂപത്തിലും സ്വരത്തിലും വാച്ച് അവതരിച്ചു. റോളെക്‌സും ടിസ്സോയും ഫേവർല്യൂബയും പ്രിയപ്പെട്ട എച്ച്.എം. ടിയും കൈത്തണ്ടകളെ കുലീനമാക്കി. ഫാഷൻ മാറി മാറി വരികയും ദൗത്യം  നവീകരിക്കപ്പെടുകയും  ചെയ്തപ്പോഴൊക്കെ വാച്ച് മനുഷ്യന്റെ മണികണ്ഠത്തിൽ മിന്നി.  എഴുതാൻ പേന വേണ്ടാത്തതു പോലെ, നേരം നോക്കാൻ വാച്ചു തന്നെ വേണമെന്നില്ല ഇപ്പോൾ. പക്ഷേ കാലത്തിന്റെ സാക്ഷിയെന്നോണം വാച്ചും മനുഷ്യന്റെ സഹചാരിയായി വർത്തിക്കുന്നു.      
 

Latest News