വാഷിങ്ടണ്‍- കോവിഡിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ കണ്ടെത്തിയാലും ഇല്ലെങ്കിലും രാജ്യത്തെ നിയന്ത്രണങ്ങള്‍ നീക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'ഓപ്പറേഷൻ റാപ്പ് സ്പീഡ്' എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ പദ്ധതിയെകുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് വാക്സിനില്ലെങ്കിലും രാജ്യം സാധാരണ ജീവിതത്തിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയത്.
'ഇനിയുള്ള ജീവിതം കോവിഡ് വാക്‌സിനെ മാത്രം ആശ്രയിച്ചാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്, വാക്‌സിന്‍ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും എല്ലാം സാധാരണനിലയിലേക്ക് വരേണ്ടതുണ്ട്. ലോകം മുഴുവനും കാത്തിരിക്കുന്ന കോവിഡ് വാക്സിന് ഇനി 12 മുതല്‍ 18 മാസത്തെ കാത്തിരിപ്പ് മാത്രമേ ആവശ്യമുള്ളൂ. എങ്കിലും, വാക്സിന് കാത്തുനില്‍ക്കാതെ നമ്മള്‍ വീണ്ടും കര്‍മനിരതരാവുകയാണ്'. ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'ഓപ്പറേഷൻ റാപ്പ് സ്പീഡ്' എന്ന് പേരിട്ടിരിക്കുന്ന വാക്സിൻ പദ്ധതിയെ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തോടാണ് ഉപമിച്ചത്. 'മാൻഹട്ടൻ പദ്ധതിക്ക് ശേഷം നമ്മുടെ രാജ്യം കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഒരു വലിയ ശാസ്ത്രീയ, വ്യാവസായിക, സാങ്കേതിക പ്രയത്നമാണ് ഇത്' അദ്ദേഹം വ്യക്തമാക്കി.
വാക്സിൻ കണ്ടെത്തുന്നതിനും വിതരണം ചെയ്യുന്നതിനുമായി സർക്കാരും സ്വകാര്യമേഖലയും സഹകരിച്ചുള്ള പദ്ധതിയാണ് ട്രംപ് വിശദീകരിച്ചത്.ആർമി ജനറല്‍ ഗുസ്താവ് പെർന, ഫാർമസ്യൂട്ടിക്കൽ ഭീമനായ ഗ്ലാക്സോ സ്മിത്ത്ക്ലൈനിൽ വാക്സിനേഷൻ മേധാവിയായിരുന്ന മോണ്‍സെഫ് സ്ലൗയിയുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. നിലവില്‍ 14 വാക്സിന്‍ കാന്‍ഡിഡേറ്റുകള്‍ പദ്ധതിയുടെ ഭാഗമായി അനുമതി തേടിയിട്ടുണ്ട്. 2020 അവസാനത്തോടെ ഒരു കോടിയില്‍ അധികം ഡോസ് വാക്സിൻ വിതരണം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച മോണ്‍സെഫ് സ്ലൗയി പറഞ്ഞു.






