രാഹുലിന്റെ നടപടിയില്‍ ഞെട്ടി കേന്ദ്ര സര്‍ക്കാര്‍; പരിഹാസവുമായി ധനമന്ത്രി

ന്യൂദല്‍ഹി- ദല്‍ഹിയില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇരുപതോളം കുടിയേറ്റ തൊഴിലാളികളുമായി സംസാരിച്ചത് നാടകമല്ലാതെ മറ്റൊന്നുമല്ലെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി സംസാരിച്ചിരിക്കുന്ന ചിത്രം വലിയ വാര്‍ത്താ പ്രാധന്യം നേടിയിരിക്കെയാണ് ധനമന്ത്രിയുടെ പരിഹാസം.

നാടകം കളിക്കുന്നത് നിര്‍ത്തി കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുമായി സഹകരിക്കുകയാണ് കോണ്‍ഗ്രസ് വേണ്ടതെന്ന് അവര്‍ പറഞ്ഞു.
സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരായ ആക്രമണം ശക്തമാക്കിയിരിക്കയാണ്. പല സ്ഥലങ്ങളിലും കാല്‍നടയായും മറ്റും സ്വദേശങ്ങളിലേക്ക് മടങ്ങുന്നവര്‍ അപകടത്തില്‍ പെട്ടും അല്ലാതെയും മരിച്ചുവീഴുന്നതാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിക്കുകയാണെന്നും ഉത്തരവാദിത്തോടെ നടത്തുന്ന ശ്രമങ്ങളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പിന്തുണക്കുകയും ഒപ്പം ചേരുകയുമാണ് വേണ്ടതെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളുമായും കൈകോര്‍ത്തുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടിയും ഇതോടൊപ്പം ചേരണമെന്നും നിര്‍മല ആവശ്യപ്പെട്ടു.

 

 

Latest News