ജയിലുകളില്‍ കോവിഡ് ഭീഷണി; ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപടികള്‍ വൈകി

ലഖ്‌നൗ- രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതിനിടയില്‍ വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍നിന്ന് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തടവുപുള്ളികള്‍ക്ക് കോവിഡ് പടരാതിരിക്കാന്‍ പരോള്‍ അനുവദിച്ചും മാറ്റി താമസിപ്പിച്ചും വിവിധ ജയില്‍ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വൈകിയാണ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ എല്ലാ ജയിലുകളിലും കോവിഡ് പരിശോധന ആരംഭിച്ചു. സംസ്ഥാനത്ത് 71 ജയിലുകളിലായി 94,000 തടവുകാരുണ്ട്. വിവിധ ജയിലുകളില്‍ മുഴുവന്‍ തടവുകാര്‍ക്കും പരിശോധന സാധ്യമല്ലാത്തതിനാല്‍ റാന്‍ഡം ടെസ്റ്റാണ് ഇപ്പോള്‍ നടത്തുന്നത്. ഇതിനകം 16,000 തടവുകാരെ പരോളിലോ ജാമ്യത്തിലോ വിട്ടയച്ചിട്ടുണ്ടെന്ന് ജയില്‍ വകുപ്പ്, പരിഷ്‌കരണ ഡയറക്ടര്‍ ജനറല്‍ അനന്ദ് കുമാര്‍ പറഞ്ഞു.

മധ്യപ്രദേശില്‍ കോവിഡ് വ്യാപിച്ചു തുടങ്ങിയതിനുശേഷം 6,500 തടവുകാരെ വിട്ടയച്ചു. ഇവരില്‍ 3900 പേരെ പരോളിലും ബാക്കിയുള്ളവരെ ഇടക്കാല ജാമ്യത്തിലുമാണ് വിട്ടയച്ചതെന്ന് സംസ്ഥാന ജയില്‍ ഡി.ഐ.ജി സഞ്ജയ് പാണ്ഡേ പറഞ്ഞു. സംസ്ഥാനത്തെ 131 ജയിലുകളില്‍ 75 ശതമാനവും തടവുകാരെ കൊണ്ട് തിങ്ങിനിറഞ്ഞവയാണ്.

ലോക്ഡൗണ്‍ ആരംഭിച്ച ശേഷം ഗോവ സെന്‍ട്രല്‍ ജയിലില്‍നിന്ന് 44 തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചു. 486 തടവുകരാണ് ജയിലിലുള്ളത്. വിട്ടയച്ചവര്‍ക്ക് ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ പരോളില്‍തുടരാമെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഹരാഷ്ട്രയില്‍ 7200 തടവുകാരെയാണ് ഇതുവരെ വിട്ടയച്ചത്. 10,000 പേരെ കൂടി പരോളിലും ജാമ്യത്തിലും വിട്ടയക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇവരെ ഉടന്‍ വിട്ടയക്കുമെന്ന് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോക്ഡൗണിനു മുമ്പ് സംസ്ഥാനത്തെ 60 ജയിലുകളില്‍ 35,000 തടവുകാരാണ് ഉണ്ടായിരുന്നത്.

 

Latest News