ലോക്ക്ഡൗണില്‍ സാമ്പത്തിക ഞെരുക്കം; യുവനടൻ ആത്മഹത്യ ചെയ്തു

മുംബെെ- ലോക്ക്ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട നടൻ മൻമീത് ​ഗ്രെവാൾ ആത്മഹത്യ ചെയ്തു. ആദത് സേ മജ്ബൂർ എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയനായ 32 കാരനായ നടനെ ശനിയാഴ്ച രാത്രി നവി മുംബെെയിലെ വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മൻമീത് സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. പ്രതിഫലം ലഭിക്കാത്തതിനാൽ ബാങ്കിൽ നിന്നെടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നത് മുടങ്ങി. വിദേശത്ത് പോയി ജോലി ചെയ്യാനും അദ്ദേഹം പദ്ധതിയിട്ടിരുന്നു. എന്നാൽ അതിനിടെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ആ സാധ്യത ഇല്ലാതായി. തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു ഇദ്ദേഹമെന്ന് ഭാര്യ രവീന്ദ്ര കൗർ പറയുന്നു. 

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ കിടപ്പുമുറിയിലേക്ക് പോയ മന്‍മീത് തിരിച്ചെത്താതായതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ മുറിയില്‍ മൃതപ്രായനായി കിടക്കുന്നതാണ് കണ്ടത്. സമീപവാസികളുടെ സഹായത്തോടെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം വിവാഹിതനായത്. താമസിക്കുന്ന കെട്ടിടത്തിന്റെ മാസവാടക 8500 രൂപ പോലും നല്‍കാനില്ലാത്ത അവസ്ഥയിലായിരുന്നു നടനെന്ന് ഇന്‍സ്ക്വറ്റിന് നേതൃത്വം നല്‍കിയ പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

Latest News