ന്യൂദൽഹി- കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വഴികളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾ രാഹുൽ ഗാന്ധി തെരുവിലെത്തി സന്ദർശിക്കുന്നതിന്റെ ചിത്രം വൈറലായി. ദൽഹിയിലെ സുഖ്‌ദേവ് വിഹാറിന് സമീപത്തെ ഫ്‌ളൈ ഓവറിന് താഴെയുള്ള കുടിയേറ്റ തൊഴിലാളികളെയാണ് രാഹുൽ സന്ദർശിച്ചത്. മാസ്‌ക് ധരിച്ച രാഹുൽ ഗാന്ധി കുടിയേറ്റ തൊഴിലാളികളുടെ ചെറുസംഘത്തോട് സംസാരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. കല്ലുപടവിലിരുന്നാണ് രാഹുൽ സംസാരിക്കുന്നത്. ഇതിനിടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവർ റോഡിലൂടെ നടന്നുപോകുന്നതും വ്യക്തമാണ്. രാഹുൽ ഗാന്ധി ഞങ്ങളോട് സംസാരിച്ചു. ഞങ്ങൾ നേരിടുന്ന പ്രയാസങ്ങളെ പറ്റിയാണ് അദ്ദേഹം ചോദിച്ചറിഞ്ഞത്. ഞങ്ങൾ ഇവിടെ പട്ടിണികിടന്ന് മരിക്കുമെന്ന് അദ്ദേഹത്തോട് ഞങ്ങൾ പറഞ്ഞു. ഇവിടെ ഒരു ജോലിയുമില്ല. ഈ അവസ്ഥ തുടങ്ങിയിട്ട് അൻപത് ദിവസമായെന്നും രാഹുൽ ഗാന്ധിയോട് പറഞ്ഞുവെന്ന് കുടിയേറ്റ തൊഴിലാളിയായ മഹേഷ് കുമാർ പറഞ്ഞു. ആരെങ്കിലും ഒരാളെങ്കിലും ഞങ്ങളെ ശ്രദ്ധിക്കാൻ എത്തിയല്ലോ എന്നതിൽ സന്തോഷമുണ്ടെന്നും മഹേഷ് കുമാർ പറഞ്ഞു.

രാഹുൽ ഗാന്ധി തങ്ങൾക്ക് ഭക്ഷണം നൽകിയെന്നാണ് മറ്റൊരു കുടിയേറ്റ തൊഴിലാളിയായ ദേവേന്ദ്ര പറഞ്ഞത്.കുടിവെള്ളവും മാസ്‌കും രാഹുൽ ഗാന്ധി നൽകി. തങ്ങളുടെ ഗ്രാമത്തിലേക്ക് ഗതാഗത സംവിധാനവും രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തുവെന്നും ദേവേന്ദ്ര പറയുന്നു. അതേസമയം രാഹുൽ ഗാന്ധിയുടെ സർശനത്തിന് ശേഷം ഇവിടെയുള്ള കുടിയേറ്റ തൊഴിലാളികളെ അറസ്റ്റ് ചെയ്യാനാണ് ദൽഹി പോലീസ് ശ്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.






