Sorry, you need to enable JavaScript to visit this website.

രാജ്യത്തിന് ദുഃഖദിനം; സ്വകാര്യ വത്കരണത്തിനെതിരെ ആർ.എസ്.എസിന്റെ തൊഴിലാളി സംഘടന

ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിർഭർ ഭാരത് കോവിഡ് പാക്കേജിന്റെ നാലംഘട്ടത്തിൽ കൂടുതൽ സ്വകാര്യവത്കരണം നടത്താനുള്ള പ്രഖ്യാപനത്തിനെതിരെ പ്രതികരണവുമായി ആർ.എസ്.എസ്. രാജ്യത്തിനും രാജ്യത്തിലെ ജനങ്ങൾക്കും സങ്കടകരമായ ദിവസം എന്നാണ് ആർ.എസ്.എസിന്റെ തൊഴിലാളി സംഘടനയായ ബി.എം.എസ് ജനറൽ സെക്രട്ടറി വിർജേഷ് ഉപാധ്യായ പ്രതികരിച്ചത്. രാജ്യത്തെ തൊഴിലാളി സംഘടനകളുമായി സംസാരിക്കുന്നത് നാണക്കേടായാണ് സർക്കാർ കാണുന്നത്. രാജ്യത്ത് കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമുണ്ടാകാൻ മാത്രമേ സ്വകാര്യവത്കരണം വഴിവെക്കൂവെന്നും അേേദ്ദഹം പറഞ്ഞു. 
കൽക്കരി, ധാതുഖനനം, വൈദ്യുതി വിതരണം, വ്യോമയാനം, ബഹിരാകാശം ഉൾപ്പെടെയുള്ള മേഖലകൾ സ്വകാര്യ മേഖലയ്ക്കായി തുറന്നുകൊടുക്കുമെന്നാണ് ഇന്നലെ ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചത്. വളർച്ചയ്ക്ക് നയലഘൂകരണം ആവശ്യമാണ്, നിക്ഷേപ സൗഹൃദമാക്കാനായി നയലഘൂകരണം നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. കൽക്കരി മേഖലയിൽ സ്വകാര്യ പങ്കാളിത്തം നടപ്പാക്കും. കൽക്കരി ഖനനം പൂർണമായും കേന്ദ്രസർക്കാരിന് കീഴിലെന്ന നിലപാട് തിരുത്തും. സ്വകാര്യ മേഖലയ്ക്ക് കൂടുതൽ അവസരം നൽകും. അമ്പത് കൽക്കരി പാടങ്ങളിൽ സ്വകാര്യ പങ്കാളിത്തത്തിന് അവസരം നൽകും. ആർക്കും ലേലത്തിൽ പങ്കെടുക്കാം. മുൻ പരിചയം വേണമെന്നത് യോഗ്യത മാനദണ്ഡമില്ല. കൽക്കരി നീക്കത്തിന് 50,000കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. 
    ധാതു ഖനനവും സ്വാകാര്യവത്കരിക്കും. 500 ഖനികൾ ലേലത്തിന് വയ്ക്കും. അലുമിനിയം, കൽക്കരി മേഖലയിൽ സംയുക്ത ഖനനം നടത്താം. ഒരേ കമ്പനിക്ക് തന്നെ ധാതു ഉത്പാദനത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുക്കാം. 
    ആയുധ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരും. ചിലയിനം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഇറക്കുമതി നിരോധിക്കും. ഇവ ഇന്ത്യയിൽ തന്നെ നിർമ്മിക്കും. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 49ൽ നിന്ന് ഉയർത്തി 71 ശതമാനമാക്കി. വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ നേരിട്ട് ആയുധ നിർമ്മാണ ശാലകൾ ആരംഭിക്കാം. ആഭ്യന്തര വിണിയിൽ നിന്ന് ആയുധം വാങ്ങാൻ പ്രത്യേക ബജറ്റ് വിഹിതം.ഓർഡിനൻസ് ഫാക്ടറി ബോർഡ് കോർപ്പറേറ്റ് വത്കരിക്കും. കോർപ്പറേറ്റ് വത്കരണം എന്നാൽ സ്വകാര്യ വത്കരണമെന്ന് മന്ത്രി പറഞ്ഞു. 
    ആറ് വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കും. ഇതുവഴി എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വലിയ ലാഭമുണ്ടാകും. നിലവിൽ അറുപത് ശതമാനം മാത്രമാണ് രാജ്യത്ത് വ്യോമ മേഖല ഉപയോഗിക്കുന്നത്. കൂടുതൽ മേഖല തുറന്നുകൊടുക്കും. ഇതുവഴി 1000കോടി രൂപ കമ്പനികൾക്ക് ലാഭിക്കാൻ കഴിയും.
    കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോഡ് ഷെഡിംഗ് വന്നാൽ വിതരണ കമ്പനികൾക്ക് പിഴ ചുമത്തും. ബഹിരാകാശ രംഗത്തും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. ഐഎസ്ആർഒയുടെ സൗകര്യങ്ങൾ സ്വകാര്യ മേഖലയ്ക്ക് ഉപയോഗിക്കാം. പര്യവേഷണം ഉൾപ്പെടെയുള്ളവ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കും. ആണവോർജ രംഗത്ത് ചില മേഖലകളിൽ പൊതു-സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. മെഡിക്കൽ ഐസോടോപ്പുകളുടെ വികാസത്തിന് പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും എന്നക്കെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 

Latest News