Sorry, you need to enable JavaScript to visit this website.

മഖാം ഇബ്രാഹീമിന്റെ ചരിത്രമറിയാം

മക്ക- മസ്ജിദുൽ ഹറാമിലെ പ്രധാന അടയാളങ്ങളിലൊന്നായ കഅ്ബയുടെ കവാടത്തിന് മുമ്പിലായി സ്ഥിതി ചെയ്യുന്ന മഖാം ഇബ്രാഹീം സ്വർഗത്തിലെ മാണിക്യക്കല്ലുകളിൽ ഒന്നാണെന്ന് ചരിത്ര രേഖകൾ. കഅ്ബാ നിർമാണ വേളയിൽ ഇസ്മാഈൽ നബി (അ) ജബൽ അബീ ഖുബൈസിൽ നിന്ന് കൊണ്ടുവന്ന ഈ കല്ല് പിതാവായ ഇബ്രാഹീം നബി ചവിട്ടുപടിയായി ഉപയോഗിച്ചുവെന്നും ചരിത്രത്തിലുണ്ട്. 


ആദം നബിയോടൊപ്പം ഭൂമിയിലെത്തിയ സ്വർഗത്തിലെ രണ്ട് മാണിക്യക്കല്ലുകളാണ് ഹജറുൽ അസ്‌വദും മഖാം ഇബ്രാഹീമും. നൂഹ് നബിയുടെ കാലത്തെ പ്രളയ സമയത്ത് ഇവ രണ്ടും ജബൽ അബീ ഖുബൈസിൽ സൂക്ഷിക്കപ്പെട്ടു. ഇബ്രാഹീം നബി കഅ്ബാ പടവിന് വേണ്ടി നിൽക്കാൻ ഉപയോഗിക്കുകയും ഓരോ ചുമര് തീരുമ്പോഴും അടുത്ത സ്ഥാനത്തേക്ക് ആവശ്യാനുസൃതം നീക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിന്റെ കാൽപാടുകൾ ആ കല്ലിൽ വ്യക്തമായി കാണുന്ന രൂപത്തിൽ പതിയുകയുണ്ടായി. കഅ്ബയുടെ ചുമർ നിർമാണം പൂർത്തിയായ ശേഷം ഈ കല്ല് ഒരു ഭാഗത്തേക്ക് നീക്കിവെക്കുകയായിരുന്നു. 50 സെന്റിമീറ്റർ വിസ്തൃതിയുള്ള, നീളവും വീതിയും ഉയരവും സമമായ മൃദുവായ ചതുരക്കല്ലാണിത്. മധ്യേ നീളമുള്ള വെളുത്ത കുഴികളുടെ രൂപത്തിൽ ഇബ്രാഹീം നബിയുടെ കാൽപാടുമുണ്ട്.

തൽസമയം വാർത്തകൾ വാട്‌സ്ആപ് ഗ്രൂപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

മഖാം ഇബ്രാഹീമിൽ നമസ്‌കരിക്കണമെന്ന് വിശുദ്ധ ഖുർആനിൽ പറയുന്നു. ത്വവാഫിന് ശേഷം ഇവിടെ നമസ്‌കരിക്കുന്നതിന് പ്രത്യേക പ്രതിഫലമുണ്ട്.
വിവിധ കാലങ്ങളിലെ പല ഭരണാധികാരികളും ഈ കല്ലിന് വലിയ പ്രാധാന്യം നൽകിയവരാണ്. പ്രവാചകൻ മുഹമ്മദ് നബി (സ), ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് (റ), രണ്ടാം ഖലീഫ ഉമർ ബിൻ ഖത്താബ് (റ) എന്നിവരുടെ കാലത്ത് കഅ്ബയോട് ചേർന്നായിരുന്നു ഇത് സ്ഥിതി ചെയ്തിരുന്നത്. നാലു മരത്തൂണുകളിൽ കൊത്തുപണി ചെയ്ത കല്ലുകൾ വലയം ചെയ്ത താഴികക്കുടമുള്ള ഒരു കെട്ടിനുള്ളിലായിരുന്നു മഖാം ഇബ്രാഹീം സ്ഥാപിച്ചിരുന്നത്. നാലു ഭാഗത്തും ഓരോ ജനലുകൾ ഉണ്ടായിരുന്നു. ഹിജ്‌റ 1387 ൽ ഫൈസൽ രാജാവിന്റെ കാലത്താണ് ഹിജർ ഇസ്മാഈലിന് നേരെ മഖാം ഇബ്രാഹീം ഇന്ന് നിൽക്കുന്ന സ്ഥാനത്തെത്തിയത്. അതിന് ഒരു സ്ഫടിക മൂടിയും വെച്ചു. 


ഫഹദ് രാജാവിന്റെ കാലത്ത് അതിന്റെ ലോഹ ഘടനയിൽ മാറ്റം വരുത്തി ഉയർന്ന നിലവാരമുള്ള ചെമ്പ് ഘടനയിൽ സ്ഥാപിച്ചു. സ്വർണം പൂശിയ ഗ്രില്ലും സ്ഥാപിച്ചു. കറുത്ത ഗ്രാനൈറ്റിൽ തീർത്തിരുന്ന അതിന്റെ സ്റ്റാൻഡ് മുന്തിയ ഇനം വെളുത്ത മാർബിളും പച്ച ഗ്രാനൈറ്റും ഉപയോഗിച്ചു പുതുക്കിപ്പണിതു.

 

Latest News