റിയാദ് - കോവിഡ് മനുഷ്യ ജീവിതത്തിന്റെ ഭാഗമായെന്നും പകർച്ചപ്പനിയെ പോലെ ഗണിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തണമെന്നുമുള്ള വാദം അംഗീകരിക്കാനാവില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. കോവിഡിന്റെ വ്യാപനത്തെ കുറിച്ച് ഇനിയും കൂടുതൽ കാര്യങ്ങൾ അറിയാനുണ്ട്. പകർച്ചപ്പനിക്കെതിരെ വാക്‌സിനുകളും മരുന്നുകളും വിപണിയിൽ ലഭ്യമാണ്. രോഗം ബാധിച്ചയാളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ നിരവധി വഴികളുണ്ട്. എന്നാൽ കോവിഡിന് മരുന്നുകളോ വാക്‌സിനുകളോ ഇല്ല. അതിനാൽ പകർച്ചപ്പനിയെ പോലെ കോവിഡിനെ പരിഗണിക്കാനാവില്ല.
ഒരു രോഗം വീട്ടിലെത്തി പത്തോളം അംഗങ്ങളെ ബാധിക്കുന്നു. അവരിൽ മൂന്നോ നാലോ പേർ മരിക്കുന്നു. ഇത് അസാധാരണമായി തന്നെ കണക്കാക്കണം. ഈ വൈറസ് പുതിയ തലങ്ങളിലേക്ക് പകരുകയാണ്. അതിനാൽ അതിനെ പ്രതിരോധിക്കാൻ ഏറ്റവും പുതിയ വഴികൾ തേടേണ്ടതുണ്ട്. ഈ സമൂഹത്തെ സംരക്ഷിക്കാൻ സൗദി അറേബ്യ അതിന്റെ എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. മുൻകരുതലുകൾ സ്വീകരിക്കുന്നതോടൊപ്പം എല്ലാവരുടെയും സുരക്ഷയാണ് പ്രധാനം. ഘട്ടംഘട്ടമായി നാം സാധാരണ ജീവിതത്തിലേക്ക് നടന്നുവരും -മന്ത്രാലയ വക്താവ് വ്യക്തമാക്കി.






