ദുബായ് വിമാനം ഉടന്‍ കൊച്ചിയിലിറങ്ങും, 75 ഗര്‍ഭിണികള്‍

കൊച്ചി- പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യവിമാനത്തില്‍ ഏറെയും ഗര്‍ഭിണികള്‍. 75 ഗര്‍ഭിണികളാണ് ദുബായില്‍നിന്ന് കൊച്ചിയിലേക്കുള്ള ആദ്യവിമാനത്തില്‍ യാത്രയായത്.

അടിയന്തര സാഹചര്യമുണ്ടായാല്‍ ചികിത്സ നല്‍കാനായി ഡോക്ടര്‍മാരും നഴ്‌സുമാരും വിമാനത്തിലുണ്ട്. ചികിത്സ ആവശ്യമുള്ള 35 പേര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിമാനത്തില്‍ ഇടം കിട്ടി. പ്രിയപ്പെട്ടവരുടെ അന്ത്യകര്‍മ്മങ്ങള്‍ക്കായി യാത്രയായവരുമുണ്ട്. ഭാര്യ മരിച്ച പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയകുമാറും അതില്‍പ്പെടുന്നു. അന്ത്യകര്‍മ്മങ്ങള്‍ നടത്താനായി മൃതദേഹം ദിവസങ്ങളായി ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്.
181 യാത്രക്കാരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ ഉള്ളത്. റാപ്പിഡ് ടെസ്റ്റ് നടത്തി കൊറോണ വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് യാത്രാനുമതി നല്‍കിയത്. പ്രവാസികളെ യാത്രയാക്കാന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ നേരിട്ടെത്തിയിരുന്നു. ഏതാനും മിനിറ്റുകള്‍ക്കകം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തും.

 

Latest News