പാലക്കാട്- തമിഴ്‌നാട്ടില്‍ കോവിഡ് രോഗികള്‍ പെരുകുന്നു, പാലക്കാട് ആശങ്കയുടെ മുള്‍മുനയില്‍. കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നിങ്ങനെയുള്ള അയല്‍ സംസ്ഥാന നഗരങ്ങളെ എന്തിനും ഏതിനും ആശ്രയിക്കുന്ന അതിര്‍ത്തി ഗ്രാമങ്ങള്‍ വലിയൊരു പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
പാസില്ലാത്തവര്‍ സംസ്ഥാനാതിര്‍ത്തി മുറിച്ചു കടക്കുന്നത് കര്‍ശനമായി തടഞ്ഞിട്ടുണ്ടെങ്കിലും ഇരു സംസ്ഥാനങ്ങളിലും ഇടകലര്‍ന്ന് ജീവിക്കുന്ന നിരവധി പേര്‍ ചിറ്റൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് ബാധ സ്ഥിരീകരിച്ച കൊല്ലങ്കോട് ചുള്ളിയാര്‍മടയിലെ താമസക്കാരന്റെ റൂട്ട് മാപ്പും സമ്പര്‍ക്കപ്പട്ടികയും തിരഞ്ഞുപോയ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ ആശങ്ക മറച്ചുവെക്കുന്നില്ല. പൊള്ളാച്ചി സ്വദേശിയായ ഈ മുപ്പതു വയസ്സുകാരന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 46 പേരാണ് ഉള്ളത്. ലിസ്റ്റ് അപൂര്‍ണമാണെന്ന മുഖവുരയോടെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത് അതിര്‍ത്തി ഗ്രാമങ്ങളില്‍ സാമൂഹ്യവ്യാപനം നടന്നിരിക്കാനിടയുള്ളതിന്റെ സാധ്യതകളെക്കുറിച്ചാണ്.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ചുള്ളിയാര്‍മടക്കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ രമ്യ ഹരിദാസ് എം.പി, കെ. ബാബു എം.എല്‍.എ, മുതലമട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബേബിസുധ അടക്കമുള്ള പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി, സ്‌നേഹം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സുനില്‍ദാസ് എന്നിവരും ഉള്‍പ്പെടുന്നു. സമൂഹ അടുക്കള, സാമൂഹ്യാരോഗ്യകേന്ദ്രം എന്നിങ്ങനെ ഈ വ്യക്തി കയറിയിറങ്ങിയിട്ടുള്ള സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടാനുള്ള നെട്ടോട്ടത്തിലാണ് അധികൃതര്‍. മുതലമട ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ സാമൂഹ്യവ്യാപന സാധ്യതാ പരിശോധനകള്‍ നടത്തണമെന്ന് നിരവധി കോണുകളില്‍ നിന്ന് മുറവിളി ഉയരുന്നുണ്ട്.
അതിര്‍ത്തി ഗ്രാമങ്ങളില്‍ ജനങ്ങള്‍ ഇടപഴകുന്നത് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് സേനയെ നിയോഗിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പാലക്കാട് ജില്ലയിലെ വാളയാര്‍ ഒഴികെയുള്ള ചെക്‌പോസ്റ്റുകളിലൂടെയൊന്നും പ്രവേശം അനുവദിക്കുന്നില്ല. ചെക്‌പോസ്റ്റുകള്‍ക്ക് സമാന്തരമായുള്ള നിരവധി ഊടുവഴികള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. അതിര്‍ത്തിക്ക് കുറുകേ ആളുകള്‍ ബന്ധപ്പെടുന്നത് തടയാന്‍ ചെയ്യാന്‍ കഴിയാവുന്ന നടപടികള്‍ മുഴുവന്‍ കൈക്കൊള്ളാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.