Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വസന്തത്തിലെ അമേരിക്കൻ രാഷ്ട്രീയം

അമേരിക്ക  അമേരിക്കയിൽ ഇപ്പോൾ വസന്തകാലമാണ്, മഴയും മഞ്ഞും മാറിയെങ്കിലും  തണുപ്പ് പാടെ വിട്ടുപോയിട്ടില്ല. ഇടക്കൊക്കെ വെളുത്ത പഞ്ഞിക്കട്ടകൾ ആകാശത്തിന്റെ നീലിമയിൽ നിന്നും നിലത്തു പതിക്കുന്നതിന്റെ കാഴ്ച ഏറെ കൗതുകകരമാണ്. കുളിരണിയിക്കുന്ന ആ കാഴ്ചകൾ  ചില്ലിട്ട കിളിവാതിലിലൂടെ എന്നും  ഞാൻ  നോക്കിക്കാണും. കാരണം പുറത്തു 'കൊറോണയുടെ' കാലമാണ്. കാലാവസ്ഥയുടെ വ്യതിയാനം വളരെ പെട്ടെന്നാണ് ഇവിടങ്ങളിൽ സംഭവിക്കുന്നത്. ഇപ്പോൾ ലോകമെമ്പാടും കാലാവസ്ഥ പ്രവചനാതീതമാണ്. 
ഈ നാടിന്റെ വസന്തകാലം കാണാൻ അതിന്റെ മനോഹാരിതകൾ നേരിട്ട്  ആസ്വദിക്കാനായി ഞാനും എന്റെ കൊച്ചുമകൻ നിദാലും കൂടി  അവന്റെ 'മഞ്ഞ  കൂപ്പറിൽ' ഒരു ഹ്രസ്വയാത്ര ചെയ്തു. 
റോഡുകൾ അത്രയൊന്നും വിജനമായിരുന്നില്ല. ധാരാളം ട്രക്കുകളും കാറുകളും വന്നും പോയുമിരുന്നു. പലരും വാൾമാർട്ട്, കോസ്‌കോ എന്നീ സൂപ്പർ മാർക്കറ്റുകളിൽ പോവുന്നവരായിരുന്നു. അവിടങ്ങളിൽ കൂപ്പൺ സിസ്റ്റത്തിലൂടെ ആളുകളെ നിയന്ത്രിച്ചു. പുറത്തു നീണ്ട ക്യൂ ഒന്നര മീറ്റർ അകലം പാലിച്ച് നിൽക്കുന്നു. അകത്തു കടക്കും മുമ്പ് സാനിറ്റേഷൻ നിർബന്ധമണ്. 
ഞങ്ങൾ ഹൈവേയിലൂടെ യാത്ര തുടർന്നു. ഇരുവശങ്ങളിലും പൂത്തുലഞ്ഞു നിൽക്കുന്ന മരങ്ങൾ. ചുകപ്പും മഞ്ഞയും വെളുപ്പും നീലയും നിറങ്ങളിൽ മൂടപ്പെട്ട നഗര വീഥികൾ. അതിമനോഹരമായ പൂക്കളുടെ വലിയ മരങ്ങൾ ഈ നാടിന്റെ കൗതുകമാണ്. 


വേനൽ പകലിന്റെ നേരിയ ചൂട് ശരീരത്തിന് നൽകിയ ആശ്വാസം അനിർവചനീയമാണ്. ഒരു മാസത്തിലേറെയായി അടച്ചിട്ട മുറിക്കുള്ളിൽ ഇരിക്കാൻ തുടങ്ങിയിട്ട്. കൊറോണയിൽ പ്രഖ്യാപിച്ച 'സ്‌റ്റേ അറ്റ് ഹോം' കർശനമായി പിൻപറ്റുന്നതിനാൽ അത്യാവശ്യത്തിനൊഴിച്ച് പുറത്തിറങ്ങാറില്ല.  പുറത്തെ ഓക്‌സിജൻ മനസ്സിനും ശരീരത്തിനും പുതിയ ആവേശം തരുന്നു. 
പ്രകൃതിയുടെ ഈ സൗന്ദര്യം ദൈവം അമേരിക്കക്ക് വാരിക്കോരി കൊടുത്തിരിക്കുകയാണ്. പ്രകൃതിയെയും ചെടികളെയും പരിപാലിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളാണിവർ. സമയബന്ധിതമായി സ്വന്തം വീട്ടുമുറ്റത്തെ പുൽതകിടികൾ  വെട്ടിവൃത്തിയാക്കിയില്ലെങ്കിൽ മുനിസിപ്പാലിറ്റികൾ പിഴ ചുമത്തും.  അലസമായിടാൻ  സ്വന്തം വീട്ടുമുറ്റം പോലും അനുവദിക്കില്ല. 
വസന്തകാലത്തെ പ്രണയിക്കുന്നവരാണ് അമേരിക്കൻ സമൂഹം. സ്‌കൂൾ അവധിക്കാലം അവർ ചെലവഴിക്കുന്നത് തുറന്ന പാർക്കുകളിലും വിശാലമായ കടൽ തീരങ്ങളിലുമാണ്. ഈസ്റ്റർ അവധിക്കാലമാണ്  കുട്ടികളും കുടുംബവും അപൂർവമായി ഒത്തുകൂടുന്ന അവസരം. അതാണ് ഇത്തവണ കൊറോണ കവർന്നെടുത്തത്.  അതുകൊണ്ടു തന്നെ പാർക്കുകളും കളിസ്ഥലങ്ങളും വിജനമാണ്. കുട്ടികളുടെ ആരവങ്ങളില്ല. 


കാറിൽ തിരിച്ചു വരുമ്പോൾ നിദാൽ പറഞ്ഞു, 'ജോ ബൈഡൻ' എന്ന ഡെമോക്രാറ്റിക് പ്രസിഡന്റ്  സ്ഥാനാർഥിയെ മുൻ പ്രസിഡന്റ്    ബരാക് ഒബാമയും സ്ഥാനാർഥിത്വം ഒഴിഞ്ഞ ബെർണിയും എൻഡോസ് ചെയ്തിരിക്കുന്നു. റിപ്പബ്ലിക്കൻ സ്ഥനാർഥിയായി  നിലവിലെ ഡൊണാൾഡ് ട്രംപ്  തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. 
കഴിഞ്ഞ നാലു വർഷത്തെ ട്രംപ് ഭരണം അമേരിക്കയെ സാമ്പത്തികമായി മുൻപന്തിയിൽ എത്തിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും  കൊറോണ എന്ന പകർച്ചവ്യാധിയെ നേരിടുന്നതിൽ  പരാജയപ്പെട്ടു എന്നാണ് പൊതുവെ വിലയിരുത്തുന്നത്.  ജനുവരി 20 നു ആദ്യ കൊറോണ രോഗിയെ കണ്ടെത്തിയതു മുതൽ ഈ പകർച്ചവ്യാധിയെ കർശനമായി നിരീക്ഷിക്കാനും നേരിടാനും വൈറ്റ്ഹൗസിലെ ആരോഗ്യ വിഭാഗം മേധാവികളായ ഡോ. അന്തോണി ഫൌച്ചിയും ഡോ. ബ്രിക്‌സും പല തവണ പ്രസിഡന്റിനെ നേരിൽ കണ്ടു ബോധിപ്പിച്ചിരുന്നു.  രാജ്യത്തിന് സാമ്പത്തികമായി ക്ഷീണം സംഭവിച്ചാൽ അത് തന്റെ വിജയ സാധ്യത കുറക്കുമെന്നും, കച്ചവടക്കാരായ ഭൂരിപക്ഷത്തിന്റെ വോട്ടുകൾ തനിക്ക് ലഭിക്കില്ലെന്നുമുള്ള അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകൾ പ്രതിരോധ നടപടികൾ മനപ്പൂർവം വൈകിപ്പിക്കാൻ കാരണമായി.

കൊറോണ മരണങ്ങൾ  ഏറെ ലാഘവത്തോടെ കൈകാര്യം ചെയ്ത ഭരണകൂടം ഒടുവിൽ നിൽക്കക്കള്ളി ഇല്ലാതായപ്പോൾ മാത്രം മാർച്ച് 13 നു എമർജൻസി പ്രഖ്യാപിച്ചു.  അപ്പോഴേക്കും ഏകദേശം രണ്ടു മാസങ്ങൾ പിന്നിട്ടിരുന്നു.  അപ്പോഴേക്കും അമേരിക്കയിൽ കൊറോണ പോസിറ്റീവ് 6 ലക്ഷം കടന്നു.  മരണ സംഖ്യയും കുതിച്ചു. 
ലോക്ഡൗൺ പിൻവലിക്കാനും രാജ്യത്തെ കച്ചവടം സാധാരണ രീതിയിൽ കൊണ്ടുവരുവാനും ട്രംപ് തിടുക്കം കൂട്ടിയപ്പോൾ കൊറോണ വ്യാപനം രൂക്ഷമായ ന്യൂയോർക്ക്, ന്യൂജഴ്‌സി,  ടെക്‌സസ് മുതലായ സ്റ്റേറ്റുകളിലെ ഗവർണർമാർ അത് പാടെ തള്ളുകയായിരുന്നു. മനുഷ്യ ജീവനുകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തേണ്ട ഉത്തരവാദിത്തം തങ്ങൾക്കാണെന്ന്  അവർ ട്രംപിനെ ഓർമപ്പെടുത്തി. എങ്കിലും  തന്റെ അധികാരത്തിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്ന ധിക്കാരപൂർവമായ നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നു. 
രാജ്യത്ത് ഇതേവരെ പത്തു ദശലക്ഷം ജോലി രഹിതർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭരണഘടന അനുശാസിക്കുന്ന  തൊഴിലില്ലാ വേതനം കൊടുക്കണം. ആഴ്ചയിൽ  600 ഡോളർ വീതമാണ്   ഓരോ വ്യക്തിക്കും നൽകേണ്ടത്. കാർഷിക വേതനം വേറെയും.


 ഫാക്ടറികളും മറ്റും അധികകാലം അടഞ്ഞു കിടക്കുമ്പോൾ  നേരിടുന്ന ഭീമമായ നഷ്ടം മറ്റൊരു പ്രതിസന്ധി കൂടി സൃഷ്ടിക്കും. അങ്ങനെ രാജ്യം കടുത്ത സാമ്പത്തിക സുനാമിയിൽ എത്തിപ്പെട്ടാൽ അത് തന്റെ തിരിച്ചു വരവിനെ ബാധിക്കും. ഒരിക്കൽ കൂടി അധികാരക്കസേര ഉറപ്പിക്കണമെങ്കിൽ അമേരിക്ക ലോകത്തിലെ ഒന്നാം ശക്തിയായി തന്നെ തുടരണം. അതിനു കൊറോണയോ, സ്വന്തം പ്രജകളുടെ മരണമോ അവരുടെ ആരോഗ്യമോ തടസ്സമാവരുത്.  അതുകൊണ്ടല്ലേ കൊറോണയുടെ വ്യാപനവും അതു മൂലമുള്ള മരണങ്ങളും ക്രമാതീതമായി വർധിച്ച വേളയിൽ ഇന്ത്യയുമായി ഏറ്റവും വലിയ ഒരു ആയുധ കച്ചവടം നടന്നത്.  155 ദശലക്ഷം ഡോളർ വില വരുന്ന ആയുധങ്ങൾ ഇന്ത്യക്ക് വിൽക്കാൻ യു.എസ് ഭരണകൂടം അനുമതി നൽകി.  
ഇന്തോ-പസഫിക്, ദക്ഷിണേഷ്യ മേഖലയിലെ സ്ഥിരതയും സമാധാനവും സാമ്പത്തിക പുരോഗതിയും ഉറപ്പു വരുത്താൻ ആയുധക്കൈമാറ്റം വഴിയൊരുക്കുമെന്നും പെന്റഗൺ അവകാശപ്പെടുന്നു. 200 ലേറെ രാജ്യങ്ങളിൽ പടർന്നു പിടിച്ച ഒരു രോഗത്തെ  നേരിടാൻ ലോകം നെട്ടോട്ടം നടത്തുമ്പോൾ ഇത്രയധികം പണം ആയുധങ്ങൾക്കു വേണ്ടി ചെലവിടുന്ന ഇന്ത്യയും അതുകൊടുക്കുന്ന അമേരിക്കയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. 


  അമേരിക്കയിലെ  ഹാവാർഡ്  ടി.എച്ച്. ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിലെ  മുന്നറിയിപ്പ്  ഏറെ പ്രാധാന്യത്തോടെയാണ് ലോകം നിരീക്ഷിക്കുന്നത്. 
അമേരിക്കൻ  ഭരണകൂടം കോവിഡ്19 പ്രതിരോധിക്കാൻ  അടിയന്തര നടപടികൾ സ്വീകരിക്കാതിരിക്കുകയോ   ഫലപ്രദമായ  വാക്‌സിനുകൾ  കണ്ടുപിടിക്കുകയോ ചെയ്തില്ലെങ്കിൽ  2022 വരെ സോഷ്യൽ ഡിസ്റ്റൻസും സ്‌റ്റേ അറ്റ് ഹോം, സ്‌കൂൾ അടച്ചിടൽ എന്നിവ  തുടരേണ്ടിവരും. അല്ലെങ്കിൽ ഒരിടവേളക്കു ശേഷം  വ്യാപകമായ തോതിൽ കൊറോണ പടർന്നുപിടിക്കും. മറ്റൊരു 1918 ആവർത്തിക്കുമോ?

Latest News