പ്രയാഗ്‌രാജ്- കോവിഡ് വ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെ കുറിച്ച് നാട്ടുകാരെ ബോധവല്‍ക്കരിക്കാന്‍ പച്ചക്കറി കച്ചവടക്കാരെ ഉപയോഗപ്പെടുത്തി പോലീസ്.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് സിറ്റി പ്രദേശത്തുള്ള ഖുല്‍ദാബാദ് പോലീസാണ് സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് പ്രദേശവാസികളെ പ്രേരിപ്പിക്കാന്‍ പച്ചക്കറി വില്‍പനക്കാരെ ഏല്‍പിച്ചത്.
പ്ലക്കാര്‍ഡുകളും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ വിവരിക്കുന്ന ലഘുലേഖകള്‍ അടങ്ങിയ ചെറിയ പെട്ടിയും പച്ചക്കറി ഉന്തുവണ്ടികളില്‍ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. പച്ചക്കറി വണ്ടി തള്ളി വിവിധ സ്ഥലങ്ങളിലെത്തുന്ന വില്‍പനക്കാര്‍ നിര്‍ദേശങ്ങള്‍ വായിക്കാനും കോവിഡ് തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു.
വലിയ പച്ചക്കറി ചന്തയുള്ള ഖുല്‍ദാബാദിലേക്ക് ധാരാളം കച്ചവടക്കാര്‍ വരുന്നുവെന്നും അവര്‍ ഉന്തുവണ്ടികളില്‍ കൊണ്ടുപോയി പച്ചക്കറി വില്‍ക്കുന്നുവെന്നതും കണക്കിലെടുത്താണ് ഈ രീതി സ്വീകരിച്ചതെന്ന് ഖുല്‍ദാബാദ് എസ്.എച്ച്.ഒ വിനീത് സിംഗ് പറഞ്ഞു. ധാരാളം ജനങ്ങള്‍ തിങ്ങിതാമസിക്കുന്ന പ്രദേശമാണിതെന്നും ആളുകള്‍ മഹാമാരിയെ ഗൗരവത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പലര്‍ക്കും മാര്‍ഗനിര്‍ദേശങ്ങളെ കുറിച്ച് അറിയില്ലെന്നും അവര്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നും സിംഗ് പറഞ്ഞു. സമൂഹിക അകലം പാലിക്കണമെന്നും കൈകള്‍ ഇടക്കിടെ കഴുകണമെന്നുമുള്ള നിര്‍ദേശങ്ങളാണ് ജനങ്ങള്‍ക്ക് നല്‍കുന്നത്.






