ജോലിക്കു പോയ ഭര്‍ത്താവിനെ പോലീസ് തല്ലിക്കൊന്നു; ഭാര്യയും ബുന്ദിമാന്ദ്യമുള്ള മകനും നാട്ടില്‍

ഫയല്‍ ചിത്രം

സൂറത്ത്- നാട്ടിലേക്ക് മടങ്ങുന്നതിന് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോയ അന്തര്‍ സംസ്ഥാന തൊഴിലാളിയെ പോലീസുകാര്‍ തല്ലിക്കൊന്നു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഒഡീഷയിലെ ഗഞ്ചം സ്വദേശിയായ സത്യ സൈ്വന്‍ എന്ന തൊഴിലാളിയാണ് പോലീസിന്റെ ലാത്തിയടിയേറ്റു മരിച്ചത്. സാമൂഹിക അകലം പാലിച്ചില്ലെന്നാരോപിച്ചാണ് യുവാവിനെ പോലീസ് മര്‍ദിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

രണ്ടു വര്‍ഷമായി ഗുജറാത്തില്‍ ജോലി ചെയ്യുന്നയാളാണ് ഗഞ്ചം ജില്ലയിലെ ഭഞ്ജ്‌നഗറിനു സമീപം കുള്ളാട ഗ്രാമത്തില്‍നിന്നുള്ള സത്യ.

സ്വദേശത്തേക്കു മടങ്ങുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിനാണ് സത്യ പോലീസ് സ്‌റ്റേഷനിലേക്ക് പോയതെന്ന് കുള്ളാട ഗ്രാമത്തിലുള്ള ഭാര്യ പറയുന്നു. ബുന്ദിമാന്ദ്യമുള്ള അഞ്ച് വയസ്സുകാരനാണ് ഇവരുടെ ഏകമകന്‍. തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നേയും മകനേയും സംരക്ഷിക്കാനാണ് അദ്ദേഹം നാടുവിട്ടത്. ജീവനെടുത്ത പോലീസുകര്‍ക്ക് തക്കതായ ശിക്ഷ നല്‍കി നീതി നടപ്പാക്കണം-അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ട്രെയിനില്‍ സ്വദേശങ്ങളിലേക്ക് മടങ്ങുന്നതിന് മുമ്പ് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധനയുളളതിനാലാണ് സത്യയും ഏതാനും തൊഴിലാളികളും പോലീസ് സ്‌റ്റേഷനിലെത്തിയത്. പോലീസ് സ്‌റ്റേഷനു മുന്നില്‍ കൂടുതല്‍ തൊഴിലാളികള്‍ ഒത്തുചേര്‍ന്നത് പോലീസുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

സാമൂഹിക അകലം പാലിക്കാതെ സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടതോടെ തൊഴിലാളികള്‍ സമീപത്തെ അന്‍ജാനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ക്വാര്‍ട്ടേഴ്‌സുകളിലേക്ക് മടങ്ങി. ഇവരെ പിന്തുടര്‍ന്ന് എത്തിയാണ് പോലീസ് മര്‍ദിച്ചതെന്ന് പറയുന്നു.

പത്തോളം പോലീസുകാര്‍ തങ്ങളെ പിന്തുടര്‍ന്നുവെന്നും പൂട്ടിയിട്ട ഗേറ്റ് തകര്‍ത്താണ് അവര്‍ ക്വാര്‍ട്ടേഴ്‌സിനകത്ത് പ്രവേശിച്ച് മര്‍ദിച്ചതെന്നും കൊല്ലപ്പെട്ട സത്യയോടൊപ്പം താമസിച്ചിരുന്നയാള്‍ പറഞ്ഞു. ക്രൂര മര്‍ദനമേറ്റ സത്യ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്.

 

Latest News