12 മണിക്കൂര്‍ ജോലി ചെയ്യണമെന്ന വിവാദ ഉത്തരവ് യുപി സര്‍ക്കാര്‍ പിന്‍വലിച്ചു

ലക്നോ- തൊഴിലാളി സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടെ 12 മണിക്കൂര്‍ ജോലിസമയം ഏര്‍പെടുത്തിയ വിവാദ ഉത്തരവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി നോട്ടീസയച്ചതിന് പിന്നാലെയാണ് യോഗി സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത്. വ്യവസായ യൂണിറ്റുകളിലെ തൊഴിലാളികള്‍ എട്ട് മണിക്കൂറിന് പകരം 12 മണിക്കൂര്‍ ജോലി ചെയ്യണമെന്നായിരുന്നു യോഗി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വഴി നിയമമാക്കിയത്. സംസ്ഥാനത്തെ നാല് നിയമങ്ങള്‍ ഒഴികെ മറ്റ് എല്ലാ തൊഴില്‍നിയമങ്ങളും സര്‍ക്കാര്‍ റദ്ദ് ചെയ്തിരുന്നു. ഇത് നിലവില്‍ പിന്‍വലിച്ചിട്ടില്ല.

യു പി തൊഴിലാളി സംഘടനകളാണ് ജോലി സമയം വര്‍ധിപ്പിച്ചതിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ മെയ് 18-ന് മുമ്പ് വിശദീകരണം നല്‍കണെമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാതൂര്‍, ജസ്റ്റിസ് സിദ്ധാര്‍ത്ഥ വര്‍മ എന്നിവരുടെ ബെഞ്ച് യുപി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. പുതിയ നിയമം കോടതിയിലെത്തുന്നതോടെ തൊഴില്‍നിയമങ്ങള്‍ റദ്ദാക്കിയത് ഉള്‍പ്പെടേ ചോദ്യം ചെയ്യപ്പെട്ടേക്കും എന്ന അവസ്ഥയിലാണ് സര്‍ക്കാര്‍ തൊഴില്‍ സമയത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കുന്നത്.
 

Latest News