മാനന്തവാടിയും വെള്ളമുണ്ടയും പൂര്‍ണമായും അടച്ചിടും; പോലിസുകാരുടെ സമ്പര്‍ക്ക പട്ടിക വിപുലം

കല്‍പ്പറ്റ- കൊറോണ വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. മാനന്തവാടി,വെള്ളമുണ്ട പഞ്ചായത്തുകള്‍ പൂര്‍ണമായും അടച്ചിട്ട് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. കൂടുതല്‍ പഞ്ചായത്തുകളും അടച്ചിട്ടേക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി മുന്‍സിപ്പാലിറ്റി,തിരുനെല്ലി,എടവക പഞ്ചായത്തുകള്‍ നേരത്തെ അടച്ചിട്ടിരുന്നു. പുറത്ത് നിന്നുള്ളവര്‍ക്ക് മാനന്തവാടിയിലേക്കുള്ള പ്രവേശനം പൂര്‍ണമായും വിലക്കിയിട്ടുണ്ട്.

രോഗബാധിതരായ പോലിസുകാരുടെ സമ്പര്‍ക്ക പട്ടിക വളരെ വലുതായത് അധികൃതരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഒരു പോലിസുകാരന് 72 ഇടങ്ങളിലും മറ്റൊരാള്‍ക്ക് 52 ഇടങ്ങളിലുമാണ് സമ്പര്‍ക്കമുള്ളതെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഡിവൈഎസ്പിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമ്പര്‍ക്ക പട്ടിക കൂടി പുറത്തുവന്നാല്‍ കൂടുതല്‍ പോലിസുകാര്‍ പട്ടികയില്‍ സ്ഥാനം പിടിക്കുമെന്നാണ് കണക്കുകൂട്ടല്‍. വൈറസ് ബാധ സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ മരുമകന് തിരുനെല്ലി പഞ്ചായത്തില്‍ പലചരക്ക് കടയുണ്ട്. ഈ കടയില്‍ പ്രദേശവാസികളും ആദിവാസികളും അടക്കം നിരവധിയാളുകള്‍  സാധനങ്ങള്‍ വാങ്ങാനെത്തിയിട്ടുണ്ടെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇതേതുടര്‍ന്നാണ് ജില്ല പൂര്‍ണമായും നിയന്ത്രിക്കുന്ന വിധത്തിലേക്കുള്ള നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്.
 

Latest News