ന്യൂദൽഹി- യു.പിയിലെ ഔരിയ ജില്ലയിൽ 24 കുടിയേറ്റ തൊഴിലാളികൾ ട്രക്കപകടത്തിൽ മരിച്ച സംഭവത്തിൽ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡി. ദുരന്തത്തിന് ഇരയായവർക്ക് സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും മോഡി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം വീതവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും യു.പി സർക്കാർ വാഗ്ദാനം ചെയ്തു.
ലോക്ഡൗണിനെ തുടർന്ന് ഇതരസംസ്ഥാനത്ത് കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾ തിരിച്ചുവരുന്നതിനിടെയുണ്ടായ റോഡപകടത്തിൽ 24 പേരാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ലക്‌നൗവിൽനിന്ന് 200 കിലോമീറ്റർ അകലെ ഔരിയ ജില്ലയിലാണ് സംഭവം. കുടിയേറ്റ തൊഴിലാളികൾ സഞ്ചരിക്കുകയായിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം സംഭവിച്ച ശേഷം പരിക്കേറ്റവരും മറ്റും സഹായം അഭ്യർത്ഥിച്ച് ഓടി നടക്കുന്നതിന്റെ ദയനീയ ദൃശ്യങ്ങളും കരളലയിപ്പിക്കുന്നതായി. രാജസ്ഥാനിൽനിന്ന് യാത്ര തുടങ്ങിയ സംഘം ബിഹാർ, ജാർഖണ്ഡ്, പശ്ചിബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്ക് ഉള്ളവരായിരുന്നു.ലോക്ഡൗണിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കുടിയേറ്റ തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്.






