Sorry, you need to enable JavaScript to visit this website.

ബംഗാളി അതിഥി തൊഴിലാളികള്‍ നാട്ടിലേയ്ക്ക്;  ചുക്കാന്‍ പിടിച്ച് മുന്‍ കോഴിക്കോട് കലക്ടര്‍

കൊല്‍ക്കത്ത- ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ ബംഗാളി അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ 28 ട്രെയിന്‍ അനുവദിച്ച് ബംഗാള്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. കേരളത്തിന്റെ കൂടെ ആവശ്യം പരിഗണിച്ച് മുന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ കൂടിയായ പി.ബി സലിം മുന്‍കൈയെടുത്താണ് ട്രെയിന്‍ അനുവദിക്കാന്‍ ധാരണയായിട്ടുള്ളത്. ഇപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സെക്രട്ടറിയാണ് ഡോ.പി.ബി സലീം. കൂടാതെ കുടിയേറ്റ തൊഴിലാളികളുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ കൂടിയാണ് ഇദ്ദേഹം. മെയ് 19ാം തീയതി മുതല്‍ അതിഥി തൊഴിലാളികളുമായി ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. കോഴിക്കോട് നിന്നുമാത്രം അഞ്ച് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുക. കോഴിക്കോട് നിന്ന് ആദ്യ ട്രെയിന്‍ 20ാം തീയതി പുറപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. നാട്ടില്‍ തിരിച്ചെത്തിയാല്‍ അവര്‍ക്ക് തിരിച്ച് പോവാന്‍ ആഗ്രഹമില്ലെങ്കില്‍ നാട്ടില്‍ തന്നെ പുനരധിവസിപ്പിക്കാനുള്ള വിപുലമായ പദ്ധതിയും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ബംഗാളിലേക്ക് ഇത്തരത്തില്‍ മടങ്ങി എത്തുന്നവരുടെ കഴിവും വൈദഗ്ധ്യവും അനുസരിച്ച് മുഴുവന്‍ ആളുകളെയും പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് സംസ്ഥാനത്തുടനീളം തുടക്കം കുറിക്കുമെന്ന് ഡോ.പി.ബി സലീം അറിയിച്ചു.ആദ്യഘട്ടത്തിലെ പത്തു ട്രെയിനുകള്‍ക്ക് ശേഷം, ഇന്ന് തീരുമാനിച്ച നൂറ്റിയഞ്ച് ട്രെയിനുകളില്‍ ഇരുപത്തിയെട്ടെണ്ണവും കേരളത്തിലേക്കായി മാറ്റിവെപ്പിക്കാന്‍ കഴിഞ്ഞത് കുടിയേറ്റ തൊഴിലാളികളുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍ എന്ന നിലക്ക് തനിക്ക് വ്യക്തിപരമായി സന്തോഷം നല്‍കുന്നുവെന്ന് പി.ബി സലിം അറിയിച്ചു.
കേരളത്തില്‍ നിന്ന് ഇത് വരെ ആയി നാല് ലക്ഷത്തിലധികം ബംഗാളി തൊഴിലാളികളുടെ ആവശ്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇവരുടെ ഭക്ഷണ താമസ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ കേരള സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തില്‍ നല്ല ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറമെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് അടുത്ത മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ബംഗാളിലേക്ക് തിരിച്ചെത്തുക. റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിയാലുടന്‍ ഇവര്‍ക്കുള്ള വിദഗ്ധമായ കോവിഡ് സ്‌ക്രീനിങ്ങും അതനുസരിച്ച് നെഗറ്റീവ് ആയ മുഴുവന്‍ പേരെയും വീടുകളിലേക്കു എത്തിക്കുവാനുള്ള നടപടികള്‍ എടുത്തിട്ടുണ്ടെന്നും ഡോക്ടര്‍ പി ബി സലിം ഐ എ എസ് അറിയിച്ചു.
 

Latest News