Sorry, you need to enable JavaScript to visit this website.

ചുട്ടുപൊള്ളുന്ന വെയിലില്‍ ചെരുപ്പുപോലുമില്ലാതെ നടന്ന് കുടിയേറ്റ തൊഴിലാളികള്‍

ന്യൂദല്‍ഹി- ദുരിതം സഹിച്ച് കുടിയേറ്റ തൊഴിലാളികളുടെ മാതൃഗ്രാമങ്ങളിലേക്കുള്ള യാത്ര തുടരുന്നു. നൂറുകണക്കിനാളുകളാണ് ചുട്ടുപൊള്ളുന്ന വെയിലില്‍ ചെരിപ്പുകള്‍ പോലും ധരിക്കാതെ നടക്കുന്നത്. കുട്ടികളും സാധനസാമഗ്രികളുമായാണ് യാത്ര.
ഏത് ദുരിതവും സഹിച്ച് നാടണയാനുള്ള പ്രയാണത്തിലാണ് ഇവര്‍. യാത്രക്കിടെ ചെരുപ്പ് പൊട്ടിയിട്ടും ടാര്‍ റോഡിലെ ചൂടില്‍ ചവിട്ടി നടന്നുതളര്‍ന്ന തൊഴിലാളിക്ക് സ്വന്തം ഷൂ അഴിച്ചു നല്‍കിയ ബി.ബി.സി റിപ്പോര്‍ട്ടര്‍ സല്‍മാന്‍ രവി വാര്‍ത്തകളിലിടം നേടി.

https://www.malayalamnewsdaily.com/sites/default/files/2020/05/15/p10chappal.jpg

ചെരിപ്പില്ലാതെ നടന്നുപോകാന്‍ പ്രയാസപ്പെടുന്ന തൊഴിലാളികള്‍ക്കായി നാട്ടുകാര്‍ പലേടത്തും ചെരിപ്പുകള്‍ സംഭാവനയായി കൂട്ടിയിട്ടിട്ടുണ്ട്.

ഹരിയാനയില്‍നിന്ന് സ്വദേശമായ മധ്യപ്രദേശിലെ ചത്താര്‍പുറിലേക്ക് കാല്‍നടയായി യാത്ര തുടങ്ങിയ സംഘത്തെ ദല്‍ഹിയില്‍ വെച്ചാണ് ബി.ബി.സി സംഘം കണ്ടത്. ബി.ബി.സി ഫെയ്‌സ്ബുക്ക് പേജില്‍ തത്സമയം പങ്കുവെച്ച വീഡിയോയില്‍ ആളുകള്‍ സല്‍മാന്‍ രവിയെ അഭിനന്ദിച്ചു.
സര്‍ക്കാര്‍ പാവങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. പലയിടത്തുനിന്നും പോലീസ് തങ്ങളെ മര്‍ദിക്കുകയാണ്. അതിര്‍ത്തി കടക്കാന്‍ സമ്മതിക്കുന്നില്ല. ഭക്ഷണം പോലും കഴിക്കാന്‍ സമ്മതിക്കുന്നില്ല-അവര്‍ പറയുന്നു.

 

Latest News