ടിക്കറ്റിനായി ഗർഭിണിയുടെ നെട്ടോട്ടം; കൂട്ടിന് ഒ.ഐ.സി.സി സേവകരും

ജിദ്ദ- എട്ടു മാസം ഗർഭിണിയായ കോട്ടയം സ്വദേശി മഞ്ജു നിരാശക്കൊടുവിൽ  അവസാനം ഇന്ത്യൻ കോൺസുലേറ്റിന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് നാടണഞ്ഞു. ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരിക്കുന്ന  മഞ്ജു   ഒരു കുട്ടിയുടെ വളർച്ച നോർമൽ അല്ലെന്ന് അറിഞ്ഞതോടെ പ്രത്യേക ശുശ്രൂഷ ആവശ്യമായതിനാൽ കഴിഞ്ഞ മാർച്ച് 31 ന് ജോലിയിൽ നിന്നും രാജിവെച്ചിരുന്നു.  കോവിഡ് ലോക്ഡൗൺ കാരണം നാട്ടിൽ പോകാൻ കഴിഞ്ഞില്ല.  കരാർ കാലാവധി കഴിയാത്തതിനാൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന് രണ്ട് മാസത്തെ ശമ്പളം നഷ്ടപരിഹാരം നൽകിയാണ് എക്‌സിറ്റ് വിസ സമ്പാദിച്ചത്.  തുടർന്ന് എംബസി വെബ് സൈറ്റിൽ രജിസറ്റർ ചെയ്ത്  കാത്തിരിക്കുകയായിരുന്നു. 


ഒ.ഐ.സി.സി റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും കോവിഡ് റിലീഫ് സെൽ ജനറൽ കൺവീനറുമായ മാമദു പൊന്നാനി ഇവരുടെ മെഡിക്കൽ റിപ്പോർട്ടുകൾ  സമർപ്പിച്ച് കോൺസുലേറ്റ് അധികൃതരുടെ സഹായം അഭ്യർഥിച്ചെങ്കിലും അപ്പോഴേക്കും 149 യാത്രക്കാരുടെ ലിസ്റ്റ്  കോൺസുലേറ്റ് തയാറാക്കി എയർ ഇന്ത്യാ ഓഫീസിലേക്ക് അയച്ചിരുന്നു. പിന്നീട്  മഞ്ജു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മറ്റൊരു യാത്രക്കാരിക്ക് കമ്പനി ക്ലിയറൻസ് നൽകാത്തതിനെ തുടർന്ന് ഒരു സീറ്റ് ഒഴിവ് വന്നെങ്കിലും വെയിറ്റിംഗിൽ സ്ഥാനം പിടിച്ചവർക്ക് സീറ്റ് നൽകി. കോൺസുലേറ്റ് അയച്ച വെയിറ്റിംഗ് ലിസ്റ്റിലും മഞ്ജുവിന്റെ പേരില്ലാത്തതിനാൽ നിരാശയായിരുന്നു ഫലം. മഞ്ജു കഴിഞ്ഞ ദിവസം കോഴിക്കോട് വിമാനത്തിൽ യാത്ര ചെയ്യുന്നതിനും ഇതു പോലെ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. കൊച്ചി ടിക്കറ്റിന് വേണ്ടി  എയർ ഇന്ത്യാ ഓഫീസിൽ നേരിട്ടെത്തിയെങ്കിലും ഫലമുണ്ടായില്ല. 

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

തുടർന്ന് പ്രശ്‌നം ഒ.ഐ.സി.സി റീജനൽ  പ്രസിഡന്റ് കെ.ടി.എ. മുനീർ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ  മുഹമ്മദ് നൂർ റഹ്മാൻ ശൈഖിന്റെയും ഹജ് കോൺസൽ വൈ. സാബിറിന്റെയും ശ്രദ്ധയിൽ  പെടുത്തി മഞ്ജുവിന്റെ പേര് അവസാനത്തെ രണ്ട് ഡ്രോപ് ഔട്ട് സാധ്യതാ ലിസ്റ്റിൽ  ഉൾപ്പെടുത്തി.   എന്നാൽ ബുധനാഴ്ച  149 ടിക്കറ്റും ഇഷ്യൂ ചെയ്തിരുന്നതിനാൽ  ടിക്കറ്റ് ലഭിക്കുമെന്ന യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. അവസാന നിമിഷം ആരെങ്കിലും കാൻസൽ ചെയ്യുകയാണെങ്കിൽ പരിഗണിക്കുമെന്നായിരുന്നു   കോൺസുലേറ്റ് അധികൃതരുടെ മറുപടി.  രാത്രി 12 മണിക്ക്  കോൺസുലേറ്റ് അധികൃതർ മാമദ് പൊന്നാനിയെ അറിയിച്ചതിനെ തുടർന്ന്  രാവിലെ മുതൽ എയർ ഇന്ത്യാ ഓഫീസിൽ  കാര്യങ്ങൾ കോർഡിനേറ്റ് ചെയ്തതിന്റെ വിജയം കൂടിയായിരുന്നു മഞ്ജുവിന്റെ യാത്ര.   32 ആഴ്ച ഗർഭിണി ആയതിനാൽ അടുത്ത ആഴ്ച അവർക്ക് യാത്രാ വിലക്ക് ഉണ്ടാകുമായിരുന്നു.   മാത്രമല്ല ജോലി രാജിവെച്ചിരുന്നതിനാൽ മെഡിക്കൽ ഇൻഷുറൻസോ ശമ്പളമോ മറ്റു ബന്ധുക്കളോ കാര്യമായ സുഹൃത്തുക്കളോ ഇല്ലാത്ത മഞ്ജു ആകെ പ്രയാസത്തിൽ ആയിരുന്നു.


കാൻസലേഷൻ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മഞ്ജുവിനോട് ഒരു മണിക്ക് തന്നെ യാത്രക്ക് തയാറായിരിക്കാൻ ആവശ്യപ്പെടുകയും  ടിക്കറ്റ് ഇഷ്യൂ ചെയ്താൽ മാത്രം പുറപ്പെട്ടാൽ മതിയെന്ന് നിർദേശിക്കുകയും ചെയ്തു. രാവിലെ 10.30 ന് ഒരു കാൻസലേഷൻ റിപ്പോർട്ട് ചെയ്യപ്പെട്ടതോട 10.45 ന് മഞ്ജുവിനുള്ള ടിക്കറ്റ് വാങ്ങി. ലഭിച്ച ടിക്കറ്റിൽ 11.40 ന് എയർപോർട്ടിലെത്തിയപ്പോൾ വീണ്ടും തടസ്സം. മുൻനിശ്ചയിച്ച  പ്രകാരമുള്ള സീറ്റുകളിൽ സാങ്കേതിക കാരണങ്ങളാൽ ഒന്നു കുറവ്.  
ആയതിനാൽ ബോർഡിങ് നടത്തുവാൻ എയർ ഇന്ത്യ തയാറായില്ല. തുടർന്ന് ഒരു സീറ്റിന് വേണ്ടി വീണ്ടും മുംബൈയിലെ എയർ ഇന്ത്യ ഹെഡ് ഓഫീസിലെ   ഉന്നത ഉദ്യോഗസ്ഥന്മാരുമായി ബന്ധപ്പെട്ടാണ് പരിഹാരം കണ്ടത്. ഒരു മണിക്ക് പുറപ്പെടേണ്ട വിമാനത്തിൽ 12.30 നാണ്  ബോർഡിംഗ് കിട്ടിയത്.   പ്രയാസങ്ങളുടെ നടുവിൽ ആശ്വാസ യാത്രക്ക് അവസരം ഒരുക്കിയ  ഇന്ത്യൻ കോൺസുലേറ്റിനും ഒ.ഐ.സി.സിക്കും  നന്ദി പറഞ്ഞാണ് മഞ്ജു യാത്രയായത്. 

 

Latest News