Sorry, you need to enable JavaScript to visit this website.

മകനെ രക്ഷിക്കുന്നതിനിടെ അമ്മയ്ക്കും അമ്മുമ്മയ്ക്കും ഷോക്കേറ്റ് ദാരുണാന്ത്യം

ആലപ്പുഴ- പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്ന് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്കും  അമ്മുമ്മയ്ക്കും ദാരുണാന്ത്യം.  ഏഴു വയസുകാരനായ സഞ്ചയ് സജിയെന്ന സൂര്യനെ രക്ഷിക്കുന്നതിനിടയിലാണ്  അമ്മ മഞ്ജു (ഉഷാമോഹൻ 32) അമ്മുമ്മ ഓമന (65) എന്നിവർ ഷോക്കേറ്റ് മരിച്ചത്. നാട്ടുകാർ കെഎസ്ഇബിയെ അറിയച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് ഷോക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെയും മറ്റു രണ്ടു പേരെയും നാട്ടുകാർ പരുമല സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ഓമനയും മഞ്ജുവും മരിച്ചു. പോലീസും കെ എസ് ഇ ബി അധികൃതരും സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ മാന്നാർ പോലീസ് കേസെടുത്തു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മാവേലിക്കര മോർച്ചറിയിലേക്കു മാറ്റി. സംസ്‌കാരം ഇന്നു  രാവിലെ പതിനൊന്നു മണിക്ക് വീട്ടുവളപ്പിൽ. വെള്ളിയാഴ്ച രാവിലെ പത്തിന് അയൽ വീടിന്റെ പരിസരത്തു നിന്ന തേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുത ലൈനിൽ വീണാണ് അപകടം സംഭവിച്ചത്. ഈ സമയം വീട്ടിലുണ്ടായിരുന്ന മകൻ  സൂര്യൻ വീടിന്റെ വെളിയിലേക്ക് ഓടി ലൈനിൽ തട്ടി തെറിച്ചു വീഴുന്നതു കണ്ട ഓമന കുട്ടിയെ രക്ഷപ്പെടുത്താനായി ഓടിയെത്തി ലൈനിൽ തട്ടി ഷോക്കേറ്റു വീണു. അലർച്ചകേട്ട് വീടിനുള്ളിലായിരുന്ന  മഞ്ജു പുറത്തേക്കു വന്നു ഇരുവരെയും രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തുന്നതിനിടയിലാണ്  മഞ്ജുവിന് ഷോക്കേറ്റത്. 
പടനശേരിൽ വീട്ടിൽ ഇനി അച്ഛനു മകനും മാത്രം
കടമ്പൂര് ഒന്നാം വാർഡിൽ പടനശേരിൽ വീട്ടിൽ ഇനി സജിയും മകൻ സൂര്യനും മാത്രം. മകനെ നഷ്ടപെടാതിരിക്കാൻ അമ്മയും ഭാര്യയും ജീവൻ വെടിഞ്ഞതിന്റെ ആഖാതത്തിൽ നിന്ന് ഈ ചെറുപ്പക്കാരൻ ഇതുവരെ മുക്തമായിട്ടില്ല. ഇദ്ദേഹത്തിന് കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ വളരെ സന്തോഷത്തോടെയാണ് ഈ ചെറിയകുടുംബം ജീവിച്ചിരുന്നത്. സ്വകാര്യ ഹാർഡ് വെയർ സ്ഥാപനത്തിലെ സെയ്ൽസ് മാനായിരുന്നു സജി.ഷോക്കേറ്റുമരിച്ച അമ്മ ഓമനയും ഭാര്യമഞ്ജുവും അയൽ പക്കത്തുകാർക്ക് അടക്കം പ്രിയപ്പെട്ടവരായിരുന്നു. കുടുംബശ്രീ പ്രവർത്തനങ്ങൾക്കും ഇരുവരും സജീവമായിരുന്നു. കടമ്പൂര് ഒന്നാം വാർഡിലെ അയൽക്കൂട്ടം പ്രസിഡന്റ് കൂടിയായിരുന്നു മരിച്ച മഞ്ജു.

അമ്മയും അമ്മൂമ്മയും പോയതറിയാതെ കുരുന്ന്
തന്റെ ജീവന് വേണ്ടി സ്വന്തം ജീവൻ ത്യജിച്ച അമ്മയുടെയും അമ്മുമ്മയുടെയും മരണവാർത്ത ഇന്നലെ ഏറെ വൈകിയും സൂര്യൻ അറിഞ്ഞിരുന്നില്ല. ആദ്യം ഷോക്കേറ്റ് തെറിച്ചുവീണ കുട്ടി അത്ഭുതകരമായാണ് രക്ഷപെട്ടത്്. സൂര്യന് അമ്മയെ പോലെ അമ്മുമ്മയും പ്രീയപ്പെട്ടതായിരുന്നു. ഊണും ഉറക്കവും എല്ലാം ഒരുമിച്ച്. കടയിൽ പോകാനും സ്‌കൂളിൽ പോകാനുമെല്ലാം അമ്മുമ്മസജീവം. ലോക് ഡൗൺകാലത്ത് പുറത്തിറങ്ങാൻ കഴിയാതിരുന്നതിനാൽ കളിക്കാനും ഇരുവരും ഒപ്പം കൂടുമായിരുന്നെന്ന് നാട്ടുകാർ പറയുന്നു.വീടിന് സമീപത്തെ തേക്ക് മരം വീണത് കണ്ട് ഓടിയ കൊച്ചുമോനെ കണ്ടാണ് ഓമന പുറത്തേക്കിറങ്ങിയത്. എന്നാൽ സൂര്യനെ രക്ഷിക്കുന്നതിനിടയിൽ ഈ അമ്മയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. പിന്നാലെ വന്ന മഞ്ജുവും ഷോക്കേറ്റു കുഴഞ്ഞുവീണു. ആദ്യഘട്ടത്തിൽ ഇരുവർക്കും ചെറിയ അനക്കമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
 

Latest News