ന്യൂദല്‍ഹി- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. പൊതുവിടങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ സംസ്ഥാനങ്ങളോട് ആവശ്യപെട്ടു.
പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കാരണം ആളുകള്‍ക്ക് പൊതുവിടങ്ങളില്‍ തുപ്പാനുള്ള പ്രവണത കൂടുതലായിരിക്കുമെന്നും കൊവിഡ് 19, പന്നിപ്പനി, ക്ഷയരോഗം തുടങ്ങി നിരവധി രോഗങ്ങള്‍ പരക്കാന്‍ ഇത് കാരണമാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
പാന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ഉത്തരവിറക്കിയതിന് പിറകേയാണ് ഇതര സംസ്ഥാനങ്ങള്‍ ഇത് മാതൃകയാക്കണമെന്ന് ആവശ്യവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തുന്നത്.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി, പൊതുസ്ഥലത്ത് തുപ്പുന്നത് നേരത്തേ കേന്ദ്രം കുറ്റകരമാക്കിയിരുന്നു. 2020 മെയ് 1ന് ദേശീയ ദുരന്തനിവാരണ നിയമമനുസരിച്ചാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.






