എല്ലാറ്റിനുമൊരു ബദൽ വേണമെന്ന് കൊറോണക്കാലം പറയുന്നു. കുറച്ചുകൂടി ഉൾക്കാഴ്ച ആവശ്യപ്പെടുന്ന പുതിയൊരു ലോകത്തിന്റെ സൃഷ്ടിയാണ് വേണ്ടത്. ഉള്ളിലേക്ക് നോക്കുക. ആന്തരിക ചോദനകളെയും കാഴ്ചകളെയും മനസ്സിലാക്കാൻ ശ്രമിക്കുക. തകർന്നടിയുന്ന ആഗോളവൽക്കരണത്തിൽനിന്ന് പുതിയൊരു ലോകക്രമം ഉരുത്തിരിഞ്ഞുവരുമെന്ന് സാമൂഹിക ചിന്തകർ പ്രവചിക്കുന്നു. അതിൽ ഇന്ത്യയുടെ സ്ഥാനം എന്തായിരിക്കും?
ലോകത്തെ മാറ്റിമറിച്ച പല സംഭവങ്ങൾക്കും സാക്ഷിയായിരുന്നു ഇരുപതാം നൂറ്റാണ്ട്. പുതിയ നൂറ്റാണ്ടിലേക്ക് പ്രവേശിച്ച് രണ്ട് ദശാബ്ദം പിന്നിട്ടിട്ടും ഇരുപതാം നൂറ്റാണ്ടിന് മനുഷ്യ ചരിത്രത്തിലെ പ്രഭാവം മങ്ങിയിട്ടുണ്ടായിരുന്നില്ല. അതിദ്രുതം മുന്നേറുന്ന സാങ്കേതിക വിദ്യയുടെയും മനുഷ്യ ജീവിതം എളുപ്പമാക്കിയ അനേകം ശാസ്ത്ര നേട്ടങ്ങളുടെയും മഹായുദ്ധങ്ങളുടെയും മഹാരോഗങ്ങളുടെയുമൊക്കെ കാലം. പുതിയ നൂറ്റാണ്ടിനെ വരവേൽക്കുമ്പോൾ പ്രത്യാശാനിർഭരമായിരുന്നു മാനവ രാശി. സംഘർഷങ്ങളുടെയും നേട്ടങ്ങളുടെയും വിജയ പരാജയങ്ങളുടെയുമൊക്കെ തുടർച്ച പുതിയ നൂറ്റാണ്ടിനെ സാവകാശം മുന്നോട്ടു കൊണ്ടുപോകുമ്പോഴാണ് മഹാമാരിയുടെ വരവ്, ഒരുപക്ഷേ, മനുഷ്യ ജീവിതം ഇനിയൊരിക്കലും പഴയ പോലെയായിരിക്കില്ല എന്ന കരുത്തുള്ള സന്ദേശവുമായി.
എല്ലാറ്റിനുമൊരു ബദൽ വേണമെന്ന ചിന്തയാണ് കൊറോണക്കാലം പ്രധാനമായും പകർന്നു തരുന്നതെന്ന് സാമൂഹ്യ ശാസ്ത്രജ്ഞർ പറയുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥക്ക് ഈ ആഗോളവൽക്കരണ കാലത്ത് ഇതുപോലൊരു തിരിച്ചടി ആരും പ്രതീക്ഷിച്ചതല്ലെന്ന് സാമ്പത്തിക വിദഗ്ധർ. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാന്ദ്യത്തെ പ്രതീക്ഷിക്കുകയാണ് ലോകം. ഇന്ത്യയിൽ 40 കോടി ആളുകൾ പട്ടിണിയിലേക്ക് പോകുമെന്ന് ചില പഠനങ്ങൾ പറയുന്നു. അമേരിക്കയിൽ പത്തിലൊന്ന് ആളുകൾക്ക് തൊഴിൽ നഷ്ടമായത്രേ. ലോക വ്യാപാര സംഘടനയാണെങ്കിൽ, ആഗോള വ്യാപാരത്തിൽ 30 ശതമാനം വരെ കുറവുണ്ടാകുമെന്ന ഞെട്ടിക്കുന്ന കണക്ക് മുന്നോട്ട് വെക്കുന്നു. ഇതെല്ലാം ലോകത്തെ കൊണ്ടെത്തിക്കുക മാരകമായ മാന്ദ്യകാലത്തിലേക്കാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ്ച രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിൽ പുതിയൊരു തരം സ്വാശ്രയത്വത്തെക്കുറിച്ച് സംസാരിച്ചത് ഈ പശ്ചാത്തലത്തിലാണ്. മുതലാളിത്തം ഞെട്ടിവിറച്ചു നിൽക്കുന്ന ഈ കാലത്തു തന്നെയാണ് മഹാമാരി മുന്നോട്ടുവെച്ച ആഗോള യാഥാർഥ്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടത്. ഇന്ത്യയടക്കമുള്ള, പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ അനുവർത്തിച്ചുവന്ന ദേശീയതയിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയുടെ അധഃപതനമാണ് ആഗോളവൽക്കരണത്തിന്റെ കൊടുങ്കാറ്റിൽ ദൃശ്യമായത്. പരാശ്രയത്വം എന്നാണ് ആഗോളവൽക്കരണത്തിന്റെ മറ്റൊരു പേരെന്ന് വിമർശകർ പറയുന്നത് അതുകൊണ്ടാണ്. കുട്ടനാട്ടിൽ നെല്ലെറിയുന്ന കർഷകൻ വരെ അമേരിക്കൻ പേറ്റന്റ് കമ്പനിയുടെ പട്ടികയിൽ ഇടംപിടിച്ച ലോകവ്യാപാര വ്യവസ്ഥയാണ് ആഗോളവൽക്കരണം പ്രദാനം ചെയ്തത്. ഇതാണ് തകർന്നടിയലിന്റെ വക്കിലെത്തി നിൽക്കുന്നത്. പഴയ സ്വാശ്രയ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള അവസരമായി ദേശീയതാവാദികൾ ഈ സന്ദർഭത്തെ കാണുന്നതിൽ അതിശയമില്ല.
ലോക സാമ്പത്തിക വ്യവസ്ഥയിൽ കൊറോണ എപ്രകാരമൊക്കെ പിടിമുറുക്കിയെന്നറിയാൻ 2019 അവസാനത്തെ സാമ്പത്തിക വിശകലനങ്ങൾ ശ്രദ്ധിച്ചാൽ മതി. കഴിഞ്ഞ വർഷം ഡിസംബർ 31 ന് അമേരിക്കയുടെ ഓഹരി വിപണിയുടെ നേട്ടം 30 ശതമാനമായിരുന്നു. ചൈനയിലെ വുഹാനിൽനിന്ന് ഏതോ ഒരു വൈറസിനെക്കുറിച്ച വാർത്തകൾ അപ്പോൾ പരന്നു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു. ജപ്പാനിലെ നിക്കിയുടെ നേട്ടം 18 ശതമാനം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന സന്ദർഭമാണത് എന്നോർക്കണം. ആഴ്ചകൾക്കുള്ളിൽ എല്ലാം തകർന്നടിഞ്ഞു. ഇപ്പോൾ അന്താരാഷ്ട്ര നാണയനിധിയുടെ വാതിലിൽ വായ്പക്കായി മുട്ടിവിളിക്കുന്നത് എൺപതോളം രാജ്യങ്ങളാണ്. ലോകം ഇനി പഴയ പോലെയാകുമോ എന്ന ചോദ്യം പ്രസക്തമാകുന്നത് അതുകൊണ്ടാണ്.
കൊറോണ വൈറസ് എന്താണ് നമ്മോട് പറയുന്നതെന്ന് ഇഴ തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ലോകം. വേഗം കുറക്കണമെന്നാണോ അത് ആവശ്യപ്പെടുന്നത്. എല്ലാം തട്ടിമാറ്റി അതിവേഗം പായുകയായിരുന്നല്ലോ നാം. കുറച്ചു കൂടി ഉൾക്കാഴ്ച ആവശ്യപ്പെടുന്ന പുതിയൊരു ലോകത്തിന്റെ സൃഷ്ടിയാണ് അതാവശ്യപ്പെടുന്നതെന്ന് സാമൂഹിക ശാസ്ത്രജ്ഞർ പറയുന്നു. ഉള്ളിലേക്ക് നോക്കുക. ആന്തരിക ചോദനകളെയും കാഴ്ചകളെയും മനസ്സിലാക്കാൻ ശ്രമിക്കുക. ബാഹ്യമായ മോടികളിൽ അഭിരമിക്കുന്നത് നിർത്തുക. ജീവിതവും ജോലിയും തമ്മിൽ പുതിയ സന്തുലനാവസ്ഥകൾ തേടിപ്പിടിക്കുക. ഇതിലൂടെ പുതിയൊരു ലോകക്രമം ഉരുത്തിരിഞ്ഞു വരുമെന്ന് അവർ പ്രവചിക്കുന്നു. സ്വാശ്രയത്വത്തോടൊപ്പം പുതിയ ജീവിത ശൈലി രൂപപ്പെടുന്നതിനെക്കുറിച്ചും മോഡി പറയുന്നത് നാം ചേർത്തുവായിക്കേണ്ടത് അതുകൊണ്ടാണ്.
ലോകത്തിന്റെ ഗതിവിഗതികൾ മനസ്സിലാക്കാൻ ശ്രമിക്കാത്തവർ, അല്ലെങ്കിൽ മനസ്സിലായിട്ടും അത് കണ്ടില്ലെന്ന് നടിക്കാൻ ശ്രമിക്കുന്നവർ, ഏകാധിപത്യ പ്രവണതകളുള്ള ഭരണകർത്താക്കളാണ്. ലോകത്തിന്റെ ചോദ്യങ്ങളിൽ അവർ അസഹിഷ്ണുക്കളാണ്. ഭ്രാന്തമായ ഭാവങ്ങളോടെയാണ് അവർ അതിനോടൊക്കെ പ്രതികരിക്കുന്നത്. പതിവു വാർത്താ സമ്മേളനത്തിൽ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു ചൈനീസ് പത്രപ്രവർത്തകയോട് പെരുമാറുന്നത് കഴിഞ്ഞ ദിവസം നാം കണ്ടു. അസഹിഷ്ണുതയും അകാരണമായ ക്ഷോഭവും അദ്ദേഹത്തെ ഉലക്കുന്നത് ലോകത്തിന് നേരിൽ കാണാൻ കഴിഞ്ഞ മറ്റൊരു അപൂർവ അവസരമായി അത്. ഇന്ത്യയോട് സംസാരിക്കുമ്പോൾ, പക്ഷേ ഒരു തത്വചിന്തകന്റെ ഭാവം ഉൾക്കൊള്ളാനാണ് മോഡി ശ്രമിക്കുന്നത്. ഇവിടെ, അങ്ങോട്ട് ചോദ്യങ്ങളില്ലെന്നത് വാസ്തവം. എന്നാൽ ഈ ആഗോള പ്രതിസന്ധി തങ്ങളുടെ അപകടകരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും ദേശീയതയിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയുടെയും വളർച്ചക്കുള്ള സുവർണാവസരമായി അദ്ദേഹം കാണുന്നുവെന്ന സംശയം ജനിക്കുന്നു.
സ്വാശ്രയത്വം, ജീവിത ശൈലി എന്നീ വാക്കുകൾ അതിനാൽ തന്നെ വളരെയേറെ അർഥങ്ങളെ വഹിക്കുന്നുണ്ട്. സ്വദേശി സാമ്പത്തിക നയങ്ങളുടെ പുനരുജ്ജീവനം ഒരു പ്രവചനാത്മക സ്വഭാവത്തോടെ അതിൽ കാണുന്നുണ്ട്. ദേശീയവാദികൾ പോലും ഒരു ഘട്ടത്തിൽ കൈയൊഴിഞ്ഞ സ്വദേശി നയങ്ങളിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രചോദിപ്പിക്കാനാവുമോ എന്ന പരീക്ഷണം അതിന്റെ വക്താക്കൾ നടത്തിക്കൂടായ്കയില്ല. 1991 ൽ ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നീ ത്രിമൂർത്തികളിലൂടെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ ആഗോള വിപണിക്കായി തുറന്നുകൊടുത്തെങ്കിലും തുടർന്നുവന്ന ദശാബ്ദങ്ങളിലെല്ലാം തന്നെ കരുതലോടു കൂടിയ സമീപനമാണ് അന്താരാഷ്ട്ര മൂലധനത്തോട് നാം സ്വീകരിച്ചിരുന്നത്. ഈ വിമുഖ സ്വഭാവം, കൂടുതൽ ആഴത്തിലും വേഗത്തിലുമുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾക്കായുള്ള മുറിവിളി പല മേഖലകളിൽനിന്നുമുയരാൻ ഇടയാക്കി. എന്നാൽ അതീവ നശീകരണ ശേഷിയുള്ള ആഗോള മൂലധനത്തിന്റെ പിടിയിൽനിന്ന് കുറച്ചൊക്കെ കുതറിനിന്നത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ, നമുക്ക് പലപ്പോഴും സഹായകമായി മാറുകയാണ് ചെയ്തത്.
നരേന്ദ്ര മോഡി അധികാരമേറ്റെടുത്തപ്പോൾ ആഗോള കോർപറേഷനുകളിൽനിന്നും വിദേശ സർക്കാറുകളിൽനിന്നും സമാനമായ മുറവിളി കൂടുതൽ ശക്തിയോടെ ഉയരുകയുണ്ടായി. എന്നാൽ വിപരീത ദിശയിൽ സഞ്ചരിക്കാനാണ് അദ്ദേഹം താൽപര്യം കാട്ടിയത്. പുതിയ വ്യാപാര തടസ്സങ്ങൾ സൃഷ്ടിക്കുകയും മേക് ഇൻ ഇന്ത്യ പോലെ ഇന്ത്യയുടെ ഉൽപാദന അടിത്തറ മെച്ചപ്പെടുത്താനുള്ള ചില പരിപാടികൾക്ക് തുടക്കമിടുകയും ചെയ്തു. 2014 ലെയും 2019 ലെയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കനുസരിച്ചായിരുന്നു ഈ നയങ്ങളെന്നത് വാസ്തവമാണ്. എന്നാലത് ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധ്യമായില്ല. സങ്കുചിത രാഷ്ട്രീയത്തിന്റെയും സ്പർധയിലധിഷ്ഠിതമായ സാമൂഹിക ക്രമം വളർത്തുന്നതിന്റെയും തിരക്കിനിടയിൽ പ്രഖ്യാപനങ്ങൾ വാക്കുകളിൽ ഒതുങ്ങുകയും സമ്പദ്‌വ്യവസ്ഥ മുരടിക്കുകയും ചെയ്യുകയാണുണ്ടായത്. മേക് ഇൻ ഇന്ത്യ പോലെ വളരെയേറെ ഭാവനാത്മകമായ ഒരു പരിപാടി മുന്നോട്ടു വെച്ചിട്ടു പോലും രാജ്യത്തെ തൊഴിലില്ലായ്മ അനുദിനം കുതിച്ചുയരുകയായിരുന്നു.
മഹാമാരി ഒരിക്കൽ കൂടി ആഗോളവൽക്കരണത്തിന്റെ കുതിപ്പിനെ പിടിച്ചുനിർത്തുകയും അതിന്റെ സാധ്യതകളെ പരിമിതപ്പെടുത്തുകയും ചെയ്തിരിക്കേ, പുതിയൊരു സാമ്പത്തിക ക്രമം രൂപപ്പെടാനുള്ള സാധ്യതകൾ ശക്തമായി തെളിഞ്ഞുവന്നിരിക്കുകയാണ്. അതിൽ ഇന്ത്യയുടെ സ്ഥാനവും പങ്കും എന്തായിരിക്കും? അമേരിക്ക പോലും മരുന്നിനും മറ്റു അവശ്യ വസ്തുക്കൾക്കും അന്യരാജ്യങ്ങളെ ആശ്രയിക്കുന്ന കാലത്ത്, ആഗോള വിതരണ രംഗത്ത് ചൈനയുടെ പ്രഭാവം അനുദിനം മങ്ങിക്കൊണ്ടിരിക്കുമ്പോൾ ദേശാതിർത്തികളെ അപ്രസക്തമാക്കുന്ന പരസ്പരാശ്രിതത്വത്തിന്റെ പുതിയ പാഠങ്ങളാണ് മാനവരാശിക്ക് അനുദിനം ലഭ്യമാകുന്നത്. ആഗോള രാഷ്ട്രീയത്തിലെ തന്റെ സാധ്യതകൾ മോഡി തിരിച്ചറിയുന്നുണ്ട്. ഉയർന്നുവരുന്ന പുതിയ ചട്ടക്കൂടിൽ ഇന്ത്യയുടെ താൽപര്യങ്ങളെ എവിടെ പ്രതിഷ്ഠിക്കണമെന്ന ചർച്ചക്ക് അദ്ദേഹം തുടക്കമിട്ടു എന്നാണ് ചൊവ്വാഴ്ചത്തെ അവ്യക്തമെന്ന് തോന്നുന്ന, ചില ദിശാസൂചനകൾ മാത്രം കാണുന്ന പ്രസംഗത്തിലും തുടർന്നുണ്ടായ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിലും കാണുന്നതെന്ന് ചുരുക്കിപ്പറയാം.
ധനമുതലാളിത്തം അന്തിച്ചു നിൽക്കുകയും മനുഷ്യന്റെ സാമ്പത്തിക ജീവിതത്തെ പൂർണമായും വിപണിക്കും ലാഭത്തിനും വിട്ടുകൊടുത്തതിന്റെ ദുരന്തം അനുഭവിക്കുകയും ചെയ്യുന്ന കൊറോണക്കാലത്ത്, നവ ലിബറൽ കാലത്തിന്റെ സ്വാർഥതകളിൽനിന്ന് മുക്തമായ പുതിയ ലോകക്രമത്തെ സ്വപ്‌നം കാണാൻ സമയമായിരിക്കുന്നു.