ബസ് ചാര്‍ജ് ഇരട്ടിയാക്കണം, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പിടിഎ ബസ് വാടകയ്ക്ക് എടുക്കണം; ഗതാഗത വകുപ്പ്

തിരുവനന്തപുരം- കോവിഡ് ലോക്ഡൗണിന് ശേഷം ബസ് ചാര്‍ജ് ഇരട്ടിയാക്കണമെന്ന നിര്‍ദ്ദേശവുമായി ഗതാഗതവകുപ്പ്. മിനിമം ചാര്‍ജ് എട്ടില്‍ നിന്നും 12 രൂപയോ 15 രൂപയോ ആയി ഉയര്‍ത്തണം. മറ്റ് നിരക്കുകള്‍ ഇരട്ടിയാക്കണം, വിദ്യാര്‍ത്ഥികളെ സ്കൂളില്‍ എത്തിക്കാന്‍ പിടിഎ പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഗതാഗതവകുപ്പ് മന്ത്രിവിളിച്ചുചേര്‍ത്ത യോഗത്തില്‍ സര്‍ക്കാരിന് നല്‍കിയത്. 

ആദ്യഘട്ടത്തില്‍ ജില്ലാ അതിര്‍ത്തിക്കുള്ളില്‍ മാത്രമായിരിക്കും സര്‍വീസ് നടത്താന്‍ അനുവാദം. ഓര്‍ഡിനറി ബസുകള്‍ക്ക് മാത്രമാണ് പെര്‍മിറ്റ് നല്‍കുക.  ഒരു ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്ക് ബസ് ഗതാഗതം ഉണ്ടാവില്ല. പുതുക്കിയ ചാര്‍ജ് നില്‍വില്‍വരുന്നതോടെ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ എത്തിക്കാന്‍ പിടിഎ ബസുകള്‍ വാടകയ്ക്ക് എടുക്കണമെന്നാണ് ഗതാഗത വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച ശിപാര്‍ശയിലുള്ളത്

അതേസയം, കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ചുവേണം യാത്രക്കാരെ സീറ്റുകളില്‍ ഇരുത്താന്‍. ചെറിയ സീറ്റില്‍ ഒരാള്‍ മാത്രമേ ഇരിക്കാന്‍ പാടുളൂ. മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന വലിയ സീറ്റ് രണ്ടു പേര്‍ക്ക് മാത്രമായി മാറ്റിവയ്ക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നു.
 

Latest News