വാഷിംഗ്ടൺ- കോവിഡ് 19 തടയുന്നതിൽ ചൈന സ്വീകരിച്ച നടപടികളിൽ തീർത്തും നിരാശനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ തയ്യാറാണെന്നും ട്രംപ് മുന്നറിയിപ്പ്് നൽകി. ഫോക്‌സ് ബിസിനസ് നെറ്റ് വർക്കിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ചൈനീസ് പ്രസിഡന്റ് ഷീ ജെൻപിംങുമായി ഉണ്ടാക്കിയ വ്യാപാര കരാറിനെ നേരത്തെ വലിയ നേട്ടമായിട്ടായിരുന്നു ട്രംപ് അവതരിപ്പിച്ചിരുന്നത്. കാവിഡ് 19 മഹാമാരി പടർന്നു പിടിച്ചത് ചൈനയുമായുണ്ടാക്കിയ വ്യാപാര കരാറിൽ കരിനിഴൽ വീഴ്ത്തിയിരിക്കയാണെന്ന് വ്യക്തമാക്കിയ ട്രംപ്
ഈ ഘട്ടത്തിൽ ചൈനീസ് പ്രസിഡന്റുമായി സംസാരിക്കില്ലെന്നും പറഞ്ഞു. വൈറസ് വ്യാപനത്തിന് ശേഷം ഒരു തവണ ട്രംപ് ഷീ ജെൻപിങ്ങുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടർന്ന് കുറച്ച് ദിവസം ചൈനയ്‌ക്കെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ ട്രംപ് ആവർത്തിച്ചിരുന്നില്ല. എന്നാൽ പിന്നീട് ചൈനയാണ് കോവിഡ് 19 വ്യാപിക്കാൻ ഉത്തരവാദിയെന്ന ആരോപണങ്ങൾ ട്രംപ് ആവർത്തിച്ചത്.
ചൈനീസ് വിദ്യാർത്ഥികൾക്ക് അമേരിക്ക വിസ നിഷേധിക്കണമെന്ന ഒരു റിപ്പബ്ലിക്കൻ സെനറ്ററുടെ നിർദ്ദേശമടക്കമുള്ള കാര്യങ്ങൾ പരിഗണിക്കാവുന്നതാണ്. ചൈനയുമായി എല്ലാ തരത്തിലുള്ള ബന്ധവും വിച്ഛേദിക്കാൻ കഴിയും. ബന്ധം വിച്ഛേദിച്ചാൽ 500 ബില്യൺ ഡോളർ ലാഭിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. ചൈനയിൽനിന്നുള്ള അമേരിക്കയുടെ ഇറക്കുമതി 500 ബില്യൺ ഡോളറിന്റെതാണ്.