ന്യൂദൽഹി- നാലാംഘട്ട ലോക്ഡൗൺ ഈ മാസം പതിനെട്ടിന് അവസാനിക്കാനിരിക്കെ ഇളവ് അനുവദിക്കാവുന്ന മുഴുവൻ സ്ഥലങ്ങളിലും ഇളവ് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിമാനസർവീസ് അടക്കം പൊതുഗതാഗതമേഖലയിലും സാധ്യമായ മുഴുവൻ സ്ഥലങ്ങളിലും ഇളവ് അനുവദിക്കുമെന്നും ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. അതാത് സംസ്ഥാനങ്ങൾ നൽകുന്ന ഫീഡ് ബാക്ക് അനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ കേന്ദ്രം തീരുമാനം എടുക്കുക.
അതാത് സംസ്ഥാനങ്ങളുമായിരിക്കും ഹോട്ട്‌സ്‌പോട്ടുകൾ തീരുമാനിക്കുക. ഇതിനുള്ള അധികാര സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായുള്ള യോഗത്തിൽ വിവിധ മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാഷ്ട്രത്തോട് നടത്തിയ പ്രസംഗത്തിൽ നാലാം ലോക്ഡൗൺ ഇതുവരെയുള്ളതിൽനിന്ന് തീർത്തും വ്യത്യസ്തമായിരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു.
ഹോട്ട്‌സ്‌പോട്ടുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിശ്ചിത ശതമാനം ആളുകളെ മാത്രം കയറ്റാൻ അനുവദിച്ചുള്ള ബസ് സർവീസ്, ഓട്ടോ-ടാക്‌സി സർവീസിന് അനുമതി,പാസുള്ളവർക്ക് മാത്രം അന്തർസംസ്ഥാന യാത്ര, ട്രെയിൻ സർവീസ് എന്നിവയായിരിക്കും അനുവദിക്കുക. വിമാനസർവീസും ഭാഗികമായി അനുവദിക്കും.






