ജിദ്ദ- കോവിഡ് 19 വ്യാപനംമൂലം സ്വദേശത്തേക്കുള്ള തിരിച്ചു പോക്ക് അനിവാര്യമായിട്ടുള്ള പ്രവാസികൾക്ക് യാത്ര ചെയ്യുന്നതിന് വേണ്ടി ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്തി കഷ്ടതയനുഭവിക്കുന്നവർക്ക് മിതമായ നിരക്കിൽ നാട്ടിലെത്താനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള ചാപ്റ്റർ പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി, ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി എന്നിവർ ആവശ്യപ്പെട്ടു. സാമ്പത്തികമായി തകർന്ന അവസ്ഥയിലുള്ള ലക്ഷക്കണക്കിന് പ്രവാസികളിൽനിന്നും സ്വകാര്യ വിമാന കമ്പനികൾ ഗൾഫ് രാജ്യങ്ങളിൽനിന്നും ഭീമമായ തുകയാണ് ഒരു വശത്തേക്ക് മാത്രമുള്ള യാത്രക്ക് ഈടാക്കാൻ ഒരുങ്ങുന്നത്. എയർ ഇന്ത്യ വിമാന സർവീസ് പരമാവധി പ്രയോജനപ്പെടുത്തുകയാണെങ്കിൽ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാനും തിരിച്ചു പോകുന്നവർക്ക് വലിയ ആശ്വാസമേകാനും സാധിക്കുമെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
കൊറോണ മഹാമാരിയുടെ പിടിയിൽപെട്ട് വിവിധ രാജ്യങ്ങളിൽ വിവിധ മേഖലകളിൽ ജീവിത വൃത്തിക്കായി വിയർപ്പൊഴുക്കിയവരാണ് രണ്ട് മാസത്തോളമായി ചെലവിനുപോലും കാശില്ലാതെ കഴിയുന്നത്. സ്വകാര്യ വിമാനക്കമ്പനികൾ വൻ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിലൂടെ ജനങ്ങൾ കൂടുതൽ കഷ്ടപ്പെടുന്ന അവസ്ഥ സംജാതമാകും. സൗദി എയർലൈൻസ് സർവീസ് നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ടിക്കറ്റ് നിരക്ക് പ്രവാസികൾക്ക് താങ്ങാനാവുന്നതാണെങ്കിൽ അവർക്കു അനുമതി കൊടുത്തു പ്രവാസികളുടെ തിരിച്ചു പോക്ക് കൂടുതൽ ത്വരിതപ്പെടുത്താൻ സാധിക്കുമെന്നും കേന്ദ്രവ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത 1 പുലർത്തണമെന്നും സോഷ്യൽ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.