ദമാം- വാഹനങ്ങൾ അണുവിമുക്തമാക്കുന്നതിന് അശ്ശർഖിയ നഗരസഭ ഓട്ടോമാറ്റിക് യൂനിറ്റ് ഏർപ്പെടുത്തി. നഗരത്തിലെ പ്രധാന റോഡിലാണ് ഓട്ടോമാറ്റിക് അണുനശീകരണ യൂനിറ്റ് സ്ഥാപിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന യൂനിറ്റിൽ കൂടി കടന്നുപോകുന്ന വാഹനങ്ങൾ അണുവിമുക്തമാക്കുന്നതോടൊപ്പം ഡ്രൈവർമാർക്ക് ബോധവൽക്കരണ സന്ദേശങ്ങൾ നൽകുകയും ചെയ്യുന്നതായി അശ്ശർഖിയ നഗരസഭ വക്താവ് മുഹമ്മദ് അൽസുഫ്‌യാൻ പറഞ്ഞു.
അഞ്ചു മീറ്റർ ഉയരവും ഏഴു മീറ്റർ വീതിയമുള്ള അണുനശീകരണ യൂനിറ്റിൽ 600 ലിറ്റർ ശേഷിയുള്ള ടാങ്ക് അടങ്ങിയിട്ടുണ്ട്. ഓരോ സെക്കന്റിലും രണ്ടു ലിറ്റർ അണുനശീകരണി യൂനിറ്റ് സ്‌പ്രേ ചെയ്യുന്നു.
ദമാം കിംഗ് സൗദ് സ്ട്രീറ്റിലാണ് ഓട്ടോമാറ്റിക് അണുനശീകരണ യൂനിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഗതാഗത തിരക്കുള്ള കൂടുതൽ റോഡുകളിൽ വാഹനങ്ങൾ അണുവിമുക്തമാക്കുന്ന ഓട്ടോമാറ്റിക് യൂനിറ്റുകൾ സ്ഥാപിക്കുന്നതിന് നഗരസഭക്ക് പദ്ധതിയുണ്ടെന്നും മുഹമ്മദ് അൽസുഫ്‌യാൻ പറഞ്ഞു. തീർത്തും സുരക്ഷിതമായ ജൈവ അണുനശീകരണികൾ ഉപയോഗിച്ച് ഉപയോക്താക്കളെയും ഭക്ഷ്യവസ്തുക്കളും അണുവിമുക്തമാക്കുന്ന സംയോജിത അണുനശീകരണ യൂനിറ്റ് ദമാം സെൻട്രൽ പച്ചക്കറി മാർക്കറ്റിലും അശ്ശർഖിയ നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ ശരീര താപനില പരിശോധിക്കുകയും അണുനശീകരികൾ സ്‌പ്രേ ചെയ്യുകയും കൈകൾ അണുവിമുക്തമാക്കുകയും ചെയ്യുന്ന യൂനിറ്റിൽ തീർത്തും സുരക്ഷിതമായ ജൈവ അണുനശീകരണിയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ പെട്ട അഞ്ചു അണുനശീകരണി യൂനിറ്റുകൾ കിഴക്കൻ പ്രവിശ്യയിലെ സെൻട്രൽ മാർക്കറ്റുകളിൽ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഇതിൽ ആദ്യത്തെ യൂനിറ്റാണ് സെൻട്രൽ പച്ചക്കറി മാർക്കറ്റിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 200 ആളുകളെ അണുവിമുക്തമാക്കുന്നതിന് പുതിയ യൂനിറ്റിന് ശേഷിയുണ്ടെന്ന് മുഹമ്മദ് അൽസുഫ്‌യാൻ പറഞ്ഞു.