പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തിപരമായ ആക്ഷേപം പാടില്ല- ഡിജിപി

തിരുവനന്തപുരം- കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും അത് അവരുടെ മനോവീര്യം തകര്‍ക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നടിയെ ആക്രമിച്ചതുള്‍പ്പെടെ സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ചില കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയും അത്തരത്തില്‍ ചില വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. അവ അടിസ്ഥാനരഹിതമാണെന്നും ഡിജിപി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നിയമപരമായി ഏറെ ജാഗ്രതയോടെയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഡിജിപി ഡോ.ബി.സന്ധ്യക്ക് മേല്‍നോട്ട ചുമതല മാത്രമാണുള്ളത്. സ്വാമി ഗംഗേശാനന്ദയുടെ കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഡോ.ബി.സന്ധ്യ ഈ അന്വേഷണ സംഘത്തിലില്ലെന്നും ഡിജിപി വ്യക്തമാക്കി.

നിരപരാധിയായ ഒരാളെയും പോലീസ് കേസില്‍ പ്രതിയാക്കില്ല. കുറ്റം ചെയ്തവര്‍ എത്ര ഉന്നതരായാലും രക്ഷപ്പെടാന്‍ സമ്മതിക്കുകയുമില്ല. തെളിവുകളും വസ്തുകളും മാത്രമാണ് കേസന്വേഷണത്തില്‍ പോലീസ് പരിഗണിക്കുന്നത്.

നിയമപരമായും ശാസ്ത്രീയമായും അന്വേഷണം പുരോഗമിക്കുന്ന കേസുകളില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തില്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ പൊതുവേദികളില്‍ ഉന്നയിക്കുന്നത് നിയമവ്യവസ്ഥയെ മാനിക്കുന്ന ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നടപടികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു.

Latest News