Sorry, you need to enable JavaScript to visit this website.

'വാറ്റ്' വർധനയും പ്രവാസികളും

കോവിഡ് കാലവും അതിനു ശേഷമുള്ള കാലവും കടുത്തതായിരിക്കുമെന്ന സൂചനകൾ ലോകത്തെങ്ങും പ്രകടമാകാൻ തുടങ്ങി. ജീവിതം നിയന്ത്രണങ്ങളുടെ നടുവിൽ തളച്ചിടപ്പെടുമ്പോഴും വരുമാനം കുറയുകയും ചെലവ് കൂടുകയും ചെയ്യുന്ന ദിനങ്ങളാണ് കാത്തിരിക്കുന്നത്. ഇതിന്റെ ഫലമായി സ്വപ്‌നങ്ങളും മോഹങ്ങളും പലർക്കും ബലികഴിക്കേണ്ടി വരും. ജീവിതത്തെ തന്നെ പുതിയൊരു ക്രമത്തിലേക്ക് ചിട്ടപ്പെടുത്തേണ്ടിയും വരും. അതിനുള്ള മാനസിക തയാറെടുപ്പും ഒരുക്കങ്ങളുമായിരിക്കണം ഈ ലോക്ഡൗൺ കാലത്ത് നാം ശീലിച്ചെടുക്കേണ്ടത്. കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാൻ സർക്കാറുകൾ അവസാനം ഉറവിടം കണ്ടെത്തുക ജനങ്ങളെ തന്നെയായിരിക്കും. ലോകത്തെല്ലായിടത്തും ഈ പ്രതിഭാസം ആരംഭിച്ചു കഴിഞ്ഞു. നികുതികൾ വർധിപ്പിച്ചും ചെലവുകൾ വെട്ടിച്ചുരുക്കിയും പദ്ധതികൾ നിർത്തിവെച്ചും സർക്കാർ ആനുകൂല്യങ്ങൾ നിർത്തലാക്കിയും ശമ്പളം കുറച്ചുമെല്ലാം പോംവഴികൾ കണ്ടെത്താനുള്ള മാർഗങ്ങൾ സർക്കാറുകൾ അവലംബിക്കുമെന്നുറപ്പാണ്.


മൂല്യവർധിത നികുതി (വാറ്റ്) ജൂലൈ ഒന്നു മുതൽ 15 ശതമാനമായി ഉയർത്താനുള്ള സൗദി അറേബ്യയുടെ തീരുമാനം അത്തരത്തിലുള്ളതാണ്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ജനങ്ങൾക്ക് പ്രയാസങ്ങളുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കാൻ നിർബന്ധിതമാകുമെന്നും ധനമന്ത്രിയും ആക്ടിംഗ് സാമ്പത്തിക, ആസൂത്രണ മന്ത്രിയുമായ മുഹമ്മദ് അൽജദ്ആൻ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് വാറ്റ് അഞ്ച് ശതമാനത്തിൽനിന്ന് 15 ശതമാനമായി ഉയർത്തിയുള്ള മന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടുള്ളത്. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ  തരണം ചെയ്യുന്നതിനാണ്  ചെലവുകൾ വെട്ടിച്ചുരുക്കിയും നികുതി വർധിപ്പിച്ചുമുള്ള ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മറ്റു ഗൾഫ് രാജ്യങ്ങളൊന്നും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെങ്കിലും ഈ രീതിയിൽ ചിന്തിക്കാനുള്ള സാധ്യത കൂടുതലാണ്.


ഉയർന്ന ജീവിതച്ചെലവ് നേരിടുന്നതിന് സർക്കാർ ജീവനക്കാർക്ക് വിതരണം ചെയ്തിരുന്ന പ്രത്യേക അലവൻസ് അടുത്ത മാസം മുതൽ നിർത്തലാക്കിയും ഏതാനും സർക്കാർ വകുപ്പുകളുടെ പ്രവർത്തന, മൂലധന ചെലവുകൾ നീട്ടിവെച്ചും വിഷൻ 2030 പദ്ധതിയുടെ ഭാഗമായ പദ്ധതികൾക്ക് ബജറ്റിൽ അനുവദിച്ചിരുന്ന തുക വെട്ടിക്കുറച്ചും പതിനായിരം കോടി റിയാൽ കണ്ടെത്താനുള്ള നടപടികളാണ് സൗദി സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സൗദി പൗരന്മാർക്കും വിദേശികൾക്കും സമ്പദ്‌വ്യവസ്ഥക്കും സംരക്ഷണം നൽകുന്നതിന് അനിവാര്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് സർക്കാർ തുടരുമെന്നും ധനമന്ത്രി അറിയിച്ചിട്ടുണ്ട്. എണ്ണവില ഗണ്യമായി കുറഞ്ഞതും കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഫലമായി പ്രദേശിക സമ്പദ്‌വ്യവസ്ഥ നിർജീവമായതും ആസൂത്രണം ചെയ്തതല്ലാത്ത ആരോഗ്യ മേഖലയിലടക്കം വൻ തുക അധികമായി ചെലവഴിക്കേണ്ടി വന്നതുമെല്ലാം തീർത്ത സാമ്പത്തിക പ്രത്യാഘാതങ്ങളെ ജനങ്ങൾക്ക് അധിക തോതിൽ പ്രയാസം ഉണ്ടാക്കാതെ തരണം ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്നും സർക്കാർ വിശദീകരിച്ചിട്ടുണ്ട്. സൗദിയുടെ വരുമാനത്തിന്റെ നല്ലൊരു വിഹിതം എണ്ണ വരുമാനത്തിൽ നിന്നുമാണ്. കൊറോണ പ്രതിസന്ധിയിൽ എണ്ണ വില വലിയ തോതിൽ താഴേക്കു പോയതോടെ എണ്ണ ഇതര വരുമാനം കൂട്ടിയാലല്ലാതെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയില്ലെന്നു വന്നതും ഇത്തരമൊരു തീരുമാനത്തിന് സർക്കാറിനെ പ്രേരിപ്പിച്ച ഘടകമാണ്.


എന്തു തന്നെയായാലും ഇതുണ്ടാക്കുന്ന പ്രയാസങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും നേരിട്ടു ബാധിക്കുന്നതാണ്. ഇതിൽ കൂടുതൽ പ്രയാസപ്പെടുന്നത് പ്രവാസികളായിരിക്കും. കോവിഡ് പ്രതിസന്ധി ഉടലെടുക്കുന്നതിനു മുൻപു തന്നെ പലവിധ അധിക ചെലവുകളാൽ ഏറെ പ്രയാസത്തിലായിരുന്നു പ്രവാസികൾ. കൊറോണ വ്യാപനം ഉണ്ടായതോടെ കൊണ്ടുവന്ന നിയന്ത്രണങ്ങളാൽ അതു ഇരിട്ടിക്കുകയും വീണ്ടും അതു കൂടുതൽ ശക്തമാവുകയുമാണ് ഉണ്ടാവുക. തൊഴിൽ മേഖലയിലുള്ള പലർക്കും തൊഴിൽ നഷ്ടപ്പെട്ടു കഴിഞ്ഞു. ജോലിയുള്ളവർക്കാകട്ടെ ശമ്പള, ആനുകൂല്യ ഇനങ്ങളിൽ കുറവ് വരാനും തുടങ്ങി. സ്വയം സംരംഭങ്ങളുമായി കഴിഞ്ഞിരുന്നവരിൽ വരുമാനം തീരെ ഇല്ലാതായവരും വരുമാനം ഗണ്യമായി കുറഞ്ഞവരും നിരവധി. അങ്ങനെ വരുമാന സ്രോതസ്സുകൾക്കെല്ലാം വരൾച്ച അനുഭവപ്പെടാൻ തുടങ്ങിയിരിക്കേ വരും നാളുകളിൽ ജീവിതച്ചെലവ് കൂടുകയും ചെയ്താൽ പിടിച്ചു നിൽക്കാൻ അധികം പേർക്കും കഴിയില്ല. നിലവിൽ തന്നെ പലരും മറ്റുള്ളവരുടെ സഹായങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്.


കോവിഡ് കാലത്തെ ഇളവുകളുടെ സമയപരിധി കഴിഞ്ഞാൽ പ്രവാസി കുടുംബങ്ങൾക്ക് ഇഖാമ പുതുക്കൽ, ലെവി, കുട്ടികളുടെ സ്‌കൂൾ ഫീസ്, വാടക, നാട്ടിലേക്കുള്ള മടക്കത്തിനു വേണ്ട യാത്രാ ചെലവ്, നിത്യച്ചെലവ് അങ്ങനെ ചെലവുകളുടെ വലിയൊരു പട്ടിക തന്നെയാണ് മുന്നിലുള്ളത്. വാറ്റ് 15 ശതമാനമാകുന്നതോടെ നിത്യോപയോഗ സാധനങ്ങൾക്കുണ്ടാകുന്ന വിലക്കയറ്റവും ദൈനംദിന കാര്യങ്ങൾക്കു വേണ്ടിവരുന്ന ഫീസുകളിലെ വർധനയുമെല്ലാം കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കും. അതേസമയം വരുമാനം കുറയുകയും കൂടിയാവുമ്പോൾ അതിജീവനം വളരെ ദുഷ്‌കരമായി മാറും. ഇതിനു പരിഹാരം എങ്ങനെയും നാടുപറ്റുകയെന്ന നിലയിലേക്ക് പലരെയും ചിന്തിപ്പിക്കുന്നതോടെ നാടണയുന്നവരുടെ പ്രവാഹം തന്നെ ഉണ്ടായിക്കൂടായ്കയില്ല. കൊറോണ പ്രതിസന്ധി ഉടലെടുക്കുന്നതിനു മുമ്പു തന്നെ പിടിച്ചുനിൽക്കാൻ കഴിയാത്തതിന്റെ പേരിൽ നാട്ടിലേക്കു മടങ്ങാൻ പലരും തീരുമാനിച്ചിരിക്കേയാണ് മടക്കയാത്ര പോലും സാധ്യമാകാത്ത വിധം കൊറോണ കടന്നുവന്നത്. ഇത്തരക്കാരിൽ പലർക്കും നാട്ടിലേക്കു മടങ്ങുന്നതിന് രേഖകൾ ശരിയാക്കുന്നതിന് തന്നെ ഭീമമായ സംഖ്യ ചെലവഴിക്കേണ്ടി വരും.

നാട്ടിലെത്തിയാലും ജീവിതം കരുപ്പിടിപ്പിക്കാൻ നന്നേ ക്ലേശിക്കേണ്ടി വരും. ഇത്തരമൊരു സാഹചര്യത്തിൽ പരസ്പര സഹകരണവും ഉള്ളതുകൊണ്ട് ചെലവുകൾ ചുരുക്കി ജീവിക്കാനുള്ള ശൈലിയും നാം ആർജിക്കണം. ബുദ്ധിമുട്ടുകൾ മനസ്സിലാകാതെ ജീവിച്ചുപോന്ന ഗൾഫിൽ ജീവിക്കുന്ന പുതിയ തലമുറയെ പുതിയ ജീവിതക്രമത്തിനനുസരിച്ച് മാറ്റിക്കൊണ്ടുവരാനുള്ള ശ്രമവും നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം. അതോടൊപ്പം മടങ്ങിയെത്തുന്നവർക്ക് തുണയാകാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളും തയാറായാൽ മാത്രമായിരിക്കും പ്രവാസികളുടെ ജീവിതം മുന്നോട്ടു പോവുക. അതോടൊപ്പം ഏതു പ്രതിസന്ധികളെയും നേരിട്ടിട്ടുള്ള വിഭാഗമായതിനാൽ ഈ പ്രതിസന്ധിയെയും നാം മറികടക്കുമെന്ന ആത്മവിശ്വാസം മുറുകെ പിടിക്കുകയും ചെയ്യുക.

Latest News