Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊറോണയും ട്രംപിന്റെ ഡയലോഗുകളും  

കോവിഡ്19 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആശങ്ക സൃഷ്ടിച്ച് പടരുകയാണ്.  ഇതിനെ തളയ്ക്കാനുള്ള പ്രതിരോധ മരുന്ന് കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിച്ചു വരുന്നു. ലോക പോലീസ്, മുതലാളിത്ത, സാമ്രാജ്യത്വ ആസ്ഥാനമെന്നൊക്കെ ലോക ജനത കരുതിപ്പോന്ന അമേരിക്കയിലെ കാര്യമാണ് ഏറെ കഷ്ടം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വികട സരസ്വതിയാണ് പലപ്പോഴും വൈറസ് ബാധയേക്കാൾ വലിയ വിപത്തായി മാറാറുള്ളത്. ഉമ്മൻ ചാണ്ടിയുടെ ഭരണം  കഴിഞ്ഞാൽ വി.എസ് വിമർശിക്കുന്നത് പോലുള്ള ഏർപ്പാടൊന്നും അമേരിക്കയിലില്ല. മുൻ പ്രസിഡന്റ് ഏതെങ്കിലും സ്റ്റുഡിയോയിൽ ഫോട്ടോ  എടുക്കാനെത്തുന്ന ടൂറിസ്റ്റുകൾക്കൊപ്പം നിന്നു കൊടുക്കും. അങ്ങനെയൊക്കെ നേരം കളയുകയേ നിവൃത്തിയുള്ളൂ. എന്നാലിപ്പോഴിതാ പതിവിന് വിപരീതമായി മുൻ പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തിയിരിക്കുന്നു. അമേരിക്കയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെയാണ് മുൻ പ്രസിഡന്റ്  ട്രംപ് കോവിഡ്19 നെ കൈകാര്യം ചെയ്യുന്ന രീതിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. ട്രംപ് കുഴപ്പം നിറഞ്ഞ രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്ന്  അദ്ദേഹം കുറ്റപ്പെടുത്തി. ഒബാമയുടെ ഭരണ കാലത്തെ ഭരണ നിർവഹണത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കോൺഫറൻസിലാണ് ഒബാമ ട്രംപിനെ വിമർശിച്ചത്.

കോവിഡ് പടർന്നു പിടിക്കുന്ന അമേരിക്കയിൽ മുക്കാൽ ലക്ഷത്തിലേറെ പേർ മരിച്ചു. ഇതിനിയും പെരുകുമെന്ന നിസ്സംഗമായ പ്രതികരണങ്ങളാണ് പ്രസിഡന്റിൽ നിന്നുണ്ടാവുന്നത്.  ഒബാമ ഇത് പറയുമ്പോൾ അമേരിക്കയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നു. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം കുതിച്ചുയരുന്നതിനെ തുടർന്ന് കഴിഞ്ഞ ആറ് ആഴ്ചക്കിടെ 3.3 കോടി പേർക്കാണ് അമേരിക്കയിൽ ജോലി നഷ്ടപ്പെട്ടത്. 16.5 കോടി പേരാണ് അമേരിക്കയിൽ ആകെ ജോലി ചെയ്യുന്നത്. ഇതിൽ 3.3 കോടി എന്നത് ആകെ തൊഴിൽ ചെയ്യുന്നവരുടെ 20% വരും. ഈ കണക്കുകൾ അനുസരിച്ച് അമേരിക്കയിലെ തൊഴിൽ അനുപാതം ജനസംഖ്യാനുപാതത്തിന്റെ വെറും അമ്പത് ശതമാനമായി കുറഞ്ഞു. അതായത് അമേരിക്കൻ ജനസംഖ്യയുടെ പകുതി മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.


കൊറോണ വൈറസ് പ്രതിസന്ധിയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വൻ തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കാര്യങ്ങൾ കൈവിട്ടു പോയാൽ തൊഴിൽ, വരുമാനം, സമ്പാദ്യം, വിശ്വാസം, സന്തോഷം, ആസ്തികൾ തുടങ്ങിയവയെല്ലാം സ്ഥിരമായി താഴ്ന്ന നിലയിലുള്ള ഒരു രാജ്യമായി അമേരിക്ക മാറും. പരാജയപ്പെട്ട രാഷ്ട്രീയം കാരണം അമേരിക്ക തകർച്ചയിലേക്ക് പോകുന്നതിനിടെയാണ് കൊറോണ വൈറസ് ആഘാതം അമേരിക്കയുടെ ഭീകരമായ തകർച്ചയെ ത്വരിതപ്പെടുത്തുന്നത്.
നിലവിലെ സ്ഥിതി തുടർന്നാൽ പലരും വിഷാദത്തിലേക്ക് നീങ്ങും. പണം, ആത്മവിശ്വാസം എന്നിവ നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. ഓഹരി വിപണിയിലെ തകർച്ച, ജോലി നഷ്ടപ്പെടൽ, ചെലവ് ചുരുക്കൽ, ബിസിനസ് നഷ്ടം തുടങ്ങിയവയൊക്കെ ആളുകളെ വിഷാദത്തിലേക്ക് തള്ളിവിടുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. കുറഞ്ഞ വരുമാനമുള്ള സേവന ജോലികൾ മാത്രമാണ് ഇപ്പോൾ അമേരിക്കയിൽ അവശേഷിക്കുന്നത്. അതായത് പലചരക്ക് വിതരണം, കാറുകൾ ഓടിക്കൽ, വളർത്തു മൃഗങ്ങളെ പരിപാലിക്കൽ തുടങ്ങിയവ. 80% അമേരിക്കക്കാരും കൊറോണ വൈറസിന് മുമ്പ് ശമ്പളം വാങ്ങുന്നവരായിരുന്നു.  ശമ്പളമില്ലാത്ത നിലവിലെ അവസ്ഥയിൽ നികുതി അടയ്ക്കാൻ ബുദ്ധിമുട്ടുകയാണ് ഇവർ. 
മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ അമേരിക്കയിലെ തൊഴിലില്ലായ്മ എത്തി നിൽക്കുന്നത്. ഇത്ര വേഗം ഇത്ര ഭീമമായി സാമ്പത്തികാവസ്ഥ തകരുന്നത് അമേരിക്കയുടെ സമീപ കാല ചരിത്രത്തിൽ ഇതാദ്യമാണ്. എന്നാൽ തൊഴിലവസരങ്ങൾ പുനഃസൃഷ്ടിക്കുന്നത് അത്ര എളുപ്പമല്ല. സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കാൻ കഴിയാതെ പോയതിന് വലിയ വിലയാണ് ഇപ്പോൾ അമേരിക്ക നൽകിക്കൊണ്ടിരിക്കുന്നത്.


1930 ലെ സാമ്പത്തിക പ്രതിസന്ധി അമേരിക്കക്കാരുടെ പേടിസ്വപ്‌നമാണ്. 
ഏകധ്രുവ ലോകത്ത് അമേരിക്കയെ കേന്ദ്രീകരിച്ച് ആഗോളവൽക്കരണമെന്ന ചരടിൽ ലോക രാജ്യങ്ങളെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. സമ്പദ്ഘടനകളൊന്നും സ്വതന്ത്രമല്ല. ഏതെങ്കിലും രാജ്യത്ത് അനുഭവപ്പെടുന്ന സങ്കോചം അതേ നിമിഷം മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന അവസ്ഥയാണിത്. 
 വിപണി, ലാഭം എന്നീ മുദ്രാവാക്യങ്ങൾ മാത്രമാണ് മുതലാളിത്തത്തിന്റെ വഴികാട്ടി. സാധാരണക്കാരുടെ ക്ഷേമത്തെ കുറിച്ച് വേവലാതിപ്പെടാനൊന്നും ആർക്കും നേരമുണ്ടാവില്ല. സുതാര്യമായ വ്യവസ്ഥിതിയായതിനാൽ മുതലാളിത്തത്തിന് നേരിയ അസുഖം വന്നാൽ പോലും മൂടിവെക്കാനാവില്ല. 
മുപ്പതുകളിലെ സ്ഥിതിക്ക് സമാനമായ സ്ഥിതി അഭികാമ്യമല്ല.  


ഒന്നാം  ലോകമഹായുദ്ധാനന്തര കാലത്ത് യൂറോപ്പിൽ ക്ഷാമം നേരിട്ടത്  സാമ്പത്തിക വ്യവസ്ഥിതിക്ക് കനത്ത പ്രതിസന്ധി സൃഷ്ടിച്ചു. ഇറക്കുമതി തീരുവ വർധിപ്പിച്ചാണ് ഇതിന് പരിഹാരം  കണ്ടെത്തിയത്. അമേരിക്കൻ ഉൽപന്നങ്ങളുടെ ആഗോള വിപണിയെ ഇത് ദോഷകരമായി ബാധിച്ചു. മാന്ദ്യം നിമിത്തം ബാധ്യത വീട്ടാൻ യൂറോപ്പിലെ രാജ്യങ്ങൾക്ക് പ്രയാസവുമായി. ഉൽപാദനം കുത്തനെ ഉയർന്നതിന്റെ ഗുണം ലഭിച്ചത് അമേരിക്കയിലെ  വ്യവസായ സമൂഹത്തിന്. തൊഴിലാളികൾക്കെന്നും  കുറഞ്ഞ കൂലിയായിരുന്നു. കയറ്റുമതി കുത്തനെ ഉയർന്നതിന്റെ പ്രയോജനം സമൂഹത്തിലെ സമ്പന്ന വിഭാഗത്തിന്  മാത്രമായി. സമ്പത്തിന്റെ വിതരണത്തിൽ പ്രകടമായ അസമത്വം നിലനിന്നു. ലോക വിപണിയിലെ മാന്ദ്യം കാരണം കൂടിയ തോതിൽ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ തന്നെ വിപണിയും കണ്ടെത്തേണ്ടിവന്നു. 


ഇതേസമയം, കുറഞ്ഞ വേതനം ലഭിക്കുന്ന അമേരിക്കയിലെ തൊഴിലാളികളുടെ ഉപഭോഗ ശേഷി ഗണ്യമായി കുറയുകയുമുണ്ടായി. അമേരിക്കയിലെ ബാങ്കുകളിൽ നിക്ഷേപം കൂടി. വരുമാനം വർധിച്ചപ്പോൾ ബാങ്കുകൾ നിക്ഷേപത്തിനുള്ള പുതിയ അവസരം കണ്ടെത്തിയത് സ്റ്റോക്ക് മാർക്കറ്റിലായിരുന്നു. ജോയന്റ് സ്റ്റോക്ക് കമ്പനികളുടെ എണ്ണം കൂടിയപ്പോൾ ഓഹരികൾ യാതൊരു നിയന്ത്രണവുമില്ലാതെ വിപണിയെ തേടിയെത്തി. ഉപഭോഗം കുറയുകയും ഉൽപാദനം കൂടുകയും ചെയ്തു. തിരിച്ചടയ്ക്കാത്ത വായ്പകൾ ഏറിയപ്പോൾ അമേരിക്കൻ കമ്പനികൾ  നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 
എന്നാൽ ഇക്കാര്യം പരസ്യമാക്കിയില്ല. ഓഹരി വിപണിയിൽ ലാഭം മാത്രം കാണിച്ച് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനായിരുന്നു കമ്പനികൾക്ക് താൽപര്യം. പ്രചാരണ കോലാഹലങ്ങളിൽ പെട്ട മധ്യവർഗത്തിനാണ്  കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടിവന്നത്. 1929 ആകുമ്പോഴേക്ക് മധ്യവർഗം സാമ്പത്തിക തകർച്ചയുടെ സ്വാദ് ശരിക്കുമനുഭവിച്ചു.  
1930 ൽ ബാങ്കുകളുടെ വായ്പാ നയം പാവപ്പെട്ടവർക്ക് ആകർഷകമായിരുന്നെങ്കിലും വായ്പക്ക് വാങ്ങിയ വസ്തുക്കളുടെ വില തിരിച്ചടയ്ക്കാനായില്ല. അമേരിക്കൻ കമ്പനികൾക്ക് ആഭ്യന്തര വിപണിയിലും തിരിച്ചടി നേരിട്ടു. മറുവശത്ത് ക്രമാതീതമായ ഉൽപാദനം വിപണിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. 1927 മുതൽ 1929 വരെയുള്ള രണ്ട് വർഷം ഓഹരി സൂചിക റെക്കോർഡ് വേഗത്തിൽ കുതിച്ചു. കൂടുതൽ പണം വാരിക്കൂട്ടാമെന്ന മോഹത്തിൽ സമ്പാദ്യം മുഴുവൻ ഓഹരി വിപണിയിലേക്കൊഴുക്കിയവരുണ്ട്. 1929 സെപ്റ്റംബർ, ഒക്‌ടോബർ കാലമായപ്പോൾ സമ്പദ്ഘടനയുടെ  തകർച്ച പൂർണതയിലെത്തിയിരുന്നു.  


ഒക്‌ടോബർ 29 നാണ് ചരിത്ര പ്രസിദ്ധമായ ഓഹരി വിപണിയുടെ പതനം സംഭവിച്ചത്. കറുത്ത ചൊവ്വാഴ്ചയെന്നാണ് ഈ ദിനമറിയപ്പെടുന്നത്. പത്ത് മുതൽ പതിനഞ്ച് മില്യൺ ഡോളർ വരെയാണ് നിക്ഷേപകർക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടം നേരിട്ടത്. നവംബർ മാസം പിറന്നപ്പോൾ നഷ്ടക്കണക്കുകൾ ഇരട്ടിക്കുകയും ചെയ്തു. ബാങ്കുകളുടെ തകർച്ചയാണ് തുടർന്ന് ദൃശ്യമായ പ്രതിഭാസം. അമേരിക്കൻ സമ്പദ്ഘടന തകർച്ചയുടെ വക്കിലെത്തി. ലോക സമ്പദ്ക്രമത്തിന് പുതിയ മാനം പകർന്ന ന്യൂയോർക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച്  തവിടുപൊടിയായി.  സാമ്പത്തിക മാന്ദ്യം അമേരിക്കയെ എന്ന പോലെ യൂറോപ്യൻ സമ്പദ്ഘടനകളെയും ഉലച്ചു.  എന്നാൽ മാന്ദ്യത്തിന്റെ കെടുതികൾ ഏറ്റവും തീവ്രമായി അനുഭവപ്പെട്ടത് അമേരിക്കയിലായിരുന്നു. ബാങ്കുകളും ഓഹരി വിപണികളും തകർന്നു തുടങ്ങിയത് ജനങ്ങളുടെ ആത്മവിശ്വാസം തകർക്കാനിടയാക്കി. നിക്ഷേപകർ പരിഭ്രാന്തരായി.  1929 മുതൽ അഞ്ച് വർഷം മാന്ദ്യം നീണ്ടുനിന്നു. ഇതൊന്നും ആവർത്തിക്കപ്പെടാൻ ആരും ആഗ്രഹിക്കുന്നില്ല. 


ഇപ്പോഴത്തെ സാഹചര്യത്തിൽ ടംപിനെ വിമർശിക്കുന്നത് ഒബാമ മാത്രമൊന്നുമല്ല. കോവിഡ് വ്യാപനത്തെ തുടർന്ന് അമേരിക്കയിലുണ്ടായ മരണങ്ങളിൽ അമേരിക്കൻ ഭാഷാശാസ്ത്ര പണ്ഡിതനും സൈദ്ധാന്തികനുമായ നോം ചോംസ്‌കി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിക്കുകയുണ്ടായി.  
അതിതീവ്രമായ ദുരന്തത്തിന് ഇടയാക്കിയത് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ ട്രംപിനുണ്ടായ ഗുരുതര വീഴ്ച മൂലമാണെന്ന് ചോംസ്‌കി പറഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ചുമതല സംസ്ഥാനങ്ങളുടെ തലയിൽ കെട്ടിവെച്ചതും ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം തടഞ്ഞതും അടക്കമുള്ള കാര്യങ്ങളിൽ അദ്ദേഹം ട്രംപിനെ വിമർശിച്ചു. ആരോഗ്യ മേഖലയിലും വൈദ്യശാസ്ത്ര ഗവേഷണ രംഗത്തും ആവശ്യമായ തുക നീക്കിവെക്കാത്ത ട്രംപ് സർക്കാറിന്റെ നടപടിയാണ് കോവിഡ് മഹാമാരിയെ നേരിടുന്നതിൽ അമേരിക്കക്ക് വലിയ പരാജയമുണ്ടാക്കിയതെന്നും ചോംസ്‌കി കുറ്റപ്പെടുത്തി.


ഇത്തരം കാര്യങ്ങൾക്കുള്ള തുക കൂടുതൽകൂടുതൽ വെട്ടിക്കുറയ്ക്കുകയാണ് ഓരോ ഘട്ടത്തിലും ട്രംപ് ചെയ്തുകൊണ്ടിരുന്നത്. എന്തു ചെയ്താലും ജനങ്ങൾ അത് അനുഭവിച്ചുകൊള്ളും എന്ന ധാരണയിലാണ് ട്രംപ് മുന്നോട്ടു പോയ്‌ക്കൊണ്ടിരുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും കോവിഡ് പ്രതിരോധത്തിന്റെ പൂർണ ചുമതല അതാത് ഗവർണർമാരുടെ തലയിൽ കെട്ടിവെച്ചതിനെ ചോംസ്‌കി  വിമർശിച്ചു. ഇത് പരമാവധി പേരെ കൊല്ലുന്നതിനുള്ള ഗംഭീര തന്ത്രമാണ്. ട്രംപിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ഇത്തരമൊരു സമീപനത്തിന് പിന്നിലെന്നും അദ്ദേഹം അദ്ദേഹം പരിഹസിച്ചു.  ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം തടഞ്ഞുവെച്ച നടപടി ലോകത്ത് കോവിഡ് മരണം വർധിക്കാൻ ഇടയാക്കും. ലോകാരോഗ്യ സംഘടനയുടെ സഹായം ആവശ്യമുള്ള ആഫ്രിക്കൻ രാജ്യങ്ങൾ അടക്കം പ്രയാസത്തിലാകാൻ ഇത് കാരണമാകും. 


അമേരിക്കൻ ജനതക്കു മേൽ വർഷങ്ങളായി നടത്തി വരുന്ന ക്രിമിനൽ ആക്രമണങ്ങൾ മറച്ചുവെക്കുന്നതിന് ഒരു ബലിയാടിനെ തേടുകയാണ് ട്രംപെന്നും അതിന്റെ ഭാഗമായാണ് ലോകാരോഗ്യ സംഘടനക്കു മേൽ കുറ്റം ചാർത്തുന്നതെന്നുമാണ് ചോംസ്‌കിയുടെ വീക്ഷണം. 
പത്രസമ്മേളനത്തിൽ ട്രംപ് പ്രകടിപ്പിക്കുന്ന അസഹിഷ്ണുത കാണുമ്പോൾ ഇതെല്ലാം ആഗോള പ്രതിഭാസമാണോ എന്ന് ചിലരെങ്കിലും സംശയിച്ചു പോകും. അണിഞ്ഞ വസ്ത്രത്തിന്റെ വർണം നോക്കി ഏത് പാർട്ടി പത്രത്തിന്റെ ആളാണെന്ന് എനക്കറിയാമെന്ന് പറയുന്ന ഭരണാധികാരികൾ നമുക്കുമുണ്ടായിരുന്നുവല്ലോ.  

Latest News