ജിദ്ദ- കോവിഡ് പ്രതിന്ധിയുടെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പദ്ധതി പ്രകാരം ജിദ്ദയില്‍നിന്നുള്ള രണ്ടാമത് പ്രത്യേക വിമാനം കൊച്ചിയിലേക്കു പറന്നു. ഒരു മണിക്കൂര്‍ വൈകി ഉച്ചക്ക് രണ്ടു മണിക്കാണ് വിമാനം പറന്നുയര്‍ന്നത്. എയര്‍ ഇന്ത്യയുടെ എ 960 വിമാനത്തില്‍ 149 യാത്രക്കാരാണുള്ളത്. യാത്രക്കാരില്‍ 37 പേര് ഗര്‍ഭിണികളാണ്. അടിയന്തര ചികിത്സ ആവശ്യമായ 31 രോഗികളും 40 തൊഴില്‍ നഷ്ടപ്പെട്ടവരും വിസിറ്റിംഗ് വിസയിലെത്തിയ 36 പേരും യാത്രക്കാരിലുള്പ്പെടും. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കും തുടര്‍ന്ന് കൊച്ചിയിലേക്കും രണ്ടു സര്‍വീസുകള്‍ ജിദ്ദയില്‍നിന്ന് സുഗമമായി നടത്താന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇതിന് സൗദി സര്‍ക്കാരിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിക്കുന്നതായും യാത്രാ ദൗത്യത്തിന് നേതൃത്വം വഹിച്ച കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്്മാന്‍ ശൈഖ് പറഞ്ഞു.
കൊച്ചിയിലേക്കു പുറപ്പെട്ട വിമാനത്തില്‍ എറണാകുളം ജില്ലക്കാരേക്കാളും കൂടുതല്‍ യാത്രക്കാര്‍ കോട്ടയം ജില്ലക്കാരാണ്. 28 പേര് കോട്ടയം ജില്ലയില്‍നിന്നുള്ളവരാണ്. 25 പേരാണ് എറണാകുളം ജില്ലയില്‍നിന്നുള്ളത്. ആലപ്പുഴ 21, പത്തനംതിട്ട 19, കൊല്ലം 14, മലപ്പുറം 13, തിരുവനന്തപുരം 7, തൃശൂര്‍ 7, ഇടുക്കി 6, പാലക്കാട് 5, വയനാട് 3, കണ്ണൂര്‍ 2 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍നിന്നുള്ള യാത്രക്കാര്‍. കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ തായിഫില്നിന്നുമെത്തിയ കക്കാട് സ്വദേശി അയ്യൂബിന് ഇന്നും യാത്ര പോകാന്‍ കഴിഞ്ഞില്ല. മതിയായ മെഡിക്കല്‍ രേഖകളില്ലാതിരുന്നതിനാലാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് പേകേണ്ടിയിരുന്ന ഇദ്ദേഹത്തിന് പോകാന്‍ കഴിയാതെ പോയത്. ഇന്നും രണ്ടു വനിതാ യാത്രക്കാര്‍ക്ക് ടിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായത് അവസാന നിമിഷം പരിഹരിക്കപ്പെട്ടു. ഇതുമൂലം അവര്‍ക്കു യാത്ര പോകാന്‍ കഴിഞ്ഞു. ഒരു മണിക്കായിരിക്കും സര്‍വീസ് എന്നു അറിയിച്ചതുപ്രകാരം യാത്രക്കാര്‍ വളരെ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ വിമാനം ജിദ്ദയിലെത്താന്‍ വൈകിയതുമൂലമാണ് ഒരു മണിക്കൂര്‍ വൈകനിടയായത്. കോവിഡ് പരിശോധന നടത്തിയാണ് എല്ലാ യാത്രക്കാരെയും വിമാനത്തില്‍ പ്രവേശിപ്പിച്ചത്.






