കേരളത്തില്‍ സാധാരണ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ഉണ്ടാകില്ല

ന്യൂദല്‍ഹി- കേരളത്തില്‍ ജൂണ്‍ 30 വരെ സാധാരണ ട്രെയിന്‍ സര്‍വീസുണ്ടാകില്ല. കേരളത്തിനകത്തെ യാത്രക്ക് അനുമതി നല്‍കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് റെയില്‍വെയുടെ നടപടി. ഇതിന്റെ ഭാഗമായി ദല്‍ഹിയില്‍ നിന്ന് വരുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ കേരളത്തിനകത്തെ ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക മടക്കി നല്‍കണമെന്ന് റെയില്‍വെ ഉത്തരവിറക്കി. ഇതനുസരിച്ച് കേരളത്തിന് അകത്ത് യാത്ര ചെയ്യാനുള്ള 412 ടിക്കറ്റുകളാണ് റദ്ദാക്കിയിരിക്കുന്നത്.
സ്‌പെഷല്‍ ട്രെയിനുകളില്‍ കേരളത്തിനുള്ളിലെ സ്‌റ്റേഷനുകള്‍ക്കിടയിലെ അന്തര്‍ ജില്ലായാത്രയാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചത്.മൂന്ന് സ്‌റ്റോപ്പുകളാണ് പ്രത്യേക തീവണ്ടിക്ക് കേരളത്തിനകത്ത് അനുവദിച്ചിട്ടുള്ളത്. കോഴിക്കോട്, എറണാകുളം , തിരുവനന്തപുരം സ്‌റ്റേഷനുകളിലാണ് പ്രത്യേക തീവണ്ടിക്ക് സ്‌റ്റോപ്പുണ്ടാകുക.സ്‌പെഷല്‍ ട്രെയിനില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലെ സ്‌റ്റേഷനുകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് തടസ്സമില്ല. എന്നാല്‍ ട്രെയിനില്‍ കേരളത്തിലെത്തിക്കഴിഞ്ഞാല്‍ സംസ്ഥാനത്തിനകത്തെ യാത്രക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്. അതായത് പ്രത്യേക ട്രെയിനില്‍ കോഴിക്കോട്ടു നിന്നോ എറണാകുളത്തു നിന്നോ യാത്രക്കാരെ കയറ്റില്ല.
 

Latest News